അപ്പൊസ്തലനായ പൗലൊസിന്റെ സ്വത്ത് 9 കോടി രൂപയോ 65 കോടി ഡോളറോ?
എന്റെ ബാല്യകാലത്ത് അപ്പൊസ്തലനായ പൗലൊസിനെക്കുറിച്ച് കേട്ടിട്ടുള്ള പ്രസംഗങ്ങളിലെല്ലാം തന്നെ പൗലൊസ് കപ്പലുടമസ്ഥന്റെ മകനും മൂന്ന് എം.എ.ബിരുദങ്ങള്‍ ഉള്ളവനുമായിരുന്നു. ചിലര്‍ ഒരു പടി കൂടി കടന്ന് പൗലൊസിന്റെ പിതാവ് കപ്പല്‍നിര്‍മ്മാണ ശാല നടത്തുന്നയാളായിരുന്നു എന്നു പ്രസംഗിച്ചു. പില്ക്കാലത്ത് വേദവിദ്യാഭ്യാസം സെറാമ്പൂര്‍ നിലവാരത്തിലേക്കെത്തിയതുകൊണ്ടാകാം പിന്നീടു വന്നവര്‍ അങ്ങനെ അധികം പ്രസംഗിച്ചു കേട്ടിട്ടില്ല.
എന്നാല്‍ ഈ അടുത്ത കാലത്തായി വീണ്ടും അത്തരം പ്രസംഗങ്ങള്‍ കേട്ടു തുടങ്ങിയിരിക്കുന്നു. അടുത്തകാലത്തിറങ്ങിയ ഒരു പുസ്തകത്തില്‍ പൗലൊസ് 9 കോടി രൂപയുടെ സ്വത്തിനുടമയായിരുന്നു എന്നെഴുതി കണ്ടു. അതു കണ്ടിട്ടാകാം ചിലര്‍ അതു പ്രസംഗിക്കുന്നതും കേട്ടിട്ടുണ്ട്. അടുത്തയിടെ ഒരു പ്രസംഗകന്‍ പറഞ്ഞത് പൗലൊസ് 65 കോടി ഡോളര്‍ സ്വത്തിന്റെ ഉടമയായിരുന്നുവെന്നാണ്. അതായത് 4200 കോടി രൂപയുടെ സ്വത്ത്. എവിടെനിന്നാണ് ഈ കണക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞില്ല.
പൗലൊസിന്റെ സ്വത്തു കണക്കാക്കിയവരാരുംതന്നെ എന്ത് മാനദണ്ഡത്തിലാണതു കണക്കാക്കിയത് എന്നു പറഞ്ഞിട്ടില്ല. ഓരോരുത്തരും അവരവരുടെ മനോധര്‍മ്മമനുസരിച്ച് പ്രസംഗത്തിനു കൊഴുപ്പു കൂട്ടാനും താന്‍ വലിയ പണ്ഡിതനാണെന്നു കാണിക്കാനും ഊഹക്കണക്കുകള്‍ മെനയുന്നു എന്നുവേണം കരുതാന്‍.
അപ്പൊസ്തലനായ പൗലൊസിന്റെ ജീവചരിത്രകാരന്മാര്‍ മിക്കവാറും പേര്‍ അദ്ദേഹം സമ്പന്ന കുടുംബത്തില്‍ പിറന്നവനാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ സ്വത്ത് എത്രയായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടില്ല. ഗുന്തര്‍ ബോണ്‍കാം, ബഞ്ചമിന്‍ വില്ലാര്‍ഡ്, എഫ്. എഫ്. ബ്രൂസ്, എഫ്. സി. ബൗര്‍ എന്നിവര്‍ അതിനെക്കുറിച്ച് പറയുന്നേയില്ല. അടുത്ത കാലത്തിറങ്ങിയ, ബ്രൂസ് ഡബ്ല്യു. ലോംഗ്‌നെക്കര്‍, റ്റോഡ് ഡി. സ്റ്റില്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ തിങ്കിംഗ് ത്രൂ പോള്‍, ജര്‍മ്മന്‍ പണ്ഡിതനായ യുഡോ ഷ്‌നെല്ലിന്റെ അപ്പോസില്‍ പോള്‍: ഹിസ് ലൈഫ് ആന്‍ഡ് തിയോളജി (ബേക്കര്‍), മാര്‍ട്ടിന്‍ ഹെംഗലിന്റെ പ്രീ ക്രിസ്റ്റ്യന്‍ പോള്‍, പോള്‍ ബിറ്റ്‌വീന്‍ ഡമാസ്‌കസ് ആന്‍ഡ് ആന്റിയോക്ക് എന്നീ ഗ്രന്ഥങ്ങള്‍ എന്നിവയിലൊന്നും പൗലൊസിന്റെ സ്വത്തിനെക്കുറിച്ചുള്ള കണക്കുകളില്ല. കാരണം അതിനെ പിന്തുണയ്ക്കുന്ന രേഖകളൊന്നും ഈ എഴുത്തുകാര്‍ക്ക് ലഭിച്ചിട്ടില്ല.
അപ്പൊസ്തലനായ പൗലൊസിനെ സംബന്ധിച്ച് നമുക്കു ലഭിക്കുന്ന വിവരങ്ങള്‍ പുതിയ നിയമത്തിലെ അപ്പൊസ്തല പ്രവൃത്തികളില്‍ നിന്നും പൗലൊസിന്റെ ലേഖനങ്ങളില്‍നിന്നുമാണ്. കിലിക്യയിലെ തര്‍സ്സൊസ് എന്ന പ്രശസ്ത നഗരത്തില്‍ ജനിച്ചുവളര്‍ന്നവനും റോമാ പൗരത്വം ഉള്ളവനും യെരൂശലേമില്‍ ഗമാലിയേല്‍ എന്ന ഗുരുവിന്റെ കീഴില്‍ ന്യായപ്രമാണം അഭ്യസിച്ചവനും എന്ന വിവരങ്ങള്‍ മാത്രമാണ് ഇവയില്‍നിന്നും നമുക്കു ലഭിക്കുന്നത്.
പൗലൊസ് സമ്പന്നനായിരുന്നു എന്നു ചിന്തിക്കാന്‍ പണ്ഡിതന്മാരെ പ്രേരിപ്പിക്കുന്ന വസ്തുതകള്‍ ഇവയാണ്:
- പൗലൊസ് റോമാപൗരനായി ജനിച്ചവനായിരുന്നു. പണം കൊടുത്ത് പൗരത്വം വാങ്ങുന്ന രീതി നിലവിലിരുന്നതിനാല്‍ അതിനു തക്ക സമ്പത്ത് പൗലൊസിന്റെ പിതാവിന് ഉണ്ടായിരുന്നു (മാര്‍ട്ടിന്‍ ഹെംഗല്‍, ജോസഫ് എ. ഫിറ്റ്‌സ്മിയര്‍).
- യെരൂശലേമില്‍ ഗമാലിയേലിന്റെ കീഴില്‍ പഠിക്കണമെങ്കില്‍ യാത്രയ്ക്കും പഠനത്തിനും വലിയ തുക ആവശ്യമുണ്ട്. പൗലൊസിന്റെ പിതാവിന് അതിനു കഴിവുണ്ടായിരുന്നു.
- “എനിക്കു ലാഭമായിരുന്നതൊക്കെയും ഞാന്‍ ക്രിസ്തു നിമിത്തം ചേതം എന്നെണ്ണിയിരിക്കുന്നു” (ഫിലി. 3:7) എന്ന വാക്യം വലിയ സമ്പത്ത് ഉപേക്ഷിച്ചതിനെ സൂചിപ്പിക്കുന്നു.
ചുരുക്കം ചില വേദപണ്ഡിതന്മാരൊഴികെ എല്ലാരും തന്നെ പൗലൊസ് സമ്പന്ന കുടുംബത്തില്‍ പിറന്നവനാണെന്ന് സമ്മതിക്കുന്നു. പൗലൊസിനെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച മര്‍ഫി ഒ. കോണര്‍, ഡെയ്‌സ്മാന്റെ പഠനങ്ങളെ മുന്‍നിര്‍ത്തി പൗലൊസിന്റെ കുടുംബം സാധാരണക്കാരായ തൊഴിലാളി കുടുംബമായിരുന്നു എന്നു പറയുന്നു. യെരൂശലേമിലെ പഠനകാലത്ത് തീര്‍ത്ഥാടകരുടെ ദാനധര്‍മ്മങ്ങള്‍ സ്വീകരിച്ചാണ് പൗലൊസ് ജീവിച്ചത് എന്നദ്ദേഹം പറയുന്നു (പോള്‍, ഹിസ് സ്‌റ്റോറി, പേ. 14). പൗലൊസിന്റെ പൂര്‍വ്വികര്‍ ഗലീലയിലെ ഗിസ്‌ക്കാലയില്‍ നിന്നും തര്‍സോസിലെത്തിയവരാണ് എന്ന ജെറോമിന്റെ വാദത്തെ അപ്പാടെ വിശ്വസിക്കുന്നയാളാണ് കോണര്‍ എന്നോര്‍ക്കുക. ജോണ്‍ ക്രിസോസ്റ്റവും പൗലൊസ് സാധാരണ കുടുംബത്തില്‍ നിന്നും വന്നവനാണെന്നു വിശ്വസിക്കുന്നയാളാണ്.
എ.എന്‍. വില്‍സണ്‍ (പോള്‍: ദി മൈന്‍ഡ് ഓഫ് ദ അപ്പോസില്‍) പൗലൊസ് ജിവിതകാലം മുഴുവന്‍ സമ്പന്നനായി ജീവിച്ചയാളാണ് എന്നു പറയുന്നു. യെരൂശലേമിലെ വിചാരണ വിജയിച്ചതിന്റെ പിന്നില്‍ ഈ സമ്പത്തുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. എഫ്. ജെ. ഫോക്കെസ് ജാക്‌സണ്‍, പൗലൊസിന് കുടുംബത്തിന്റെ സാമ്പത്തിക പിന്തുണ ജീവിതകാലം മുഴുവനും ലഭിച്ചിരുന്നതായി വിശ്വസിക്കുന്നു.
സമ്പന്ന കുടുംബത്തില്‍ ജനിച്ചെങ്കിലും പിന്നീട് ക്രിസ്ത്യാനിയായശേഷം ദരിദ്രനായും സ്വന്തകൈകൊണ്ട് വേലചെയ്തും ജീവിച്ചവനായിരുന്നു പൗലൊസ് എന്നു വിശ്വസിക്കുന്നവരാണ് വില്യം റാംസേ, റൊണാള്‍ഡ് ഹോക്ക്, എന്‍.എ. ഡാഹ്ല്‍ തുടങ്ങിയവര്‍.
സമ്പത്തും പദവിയുമുള്ള കുടുംബത്തിലാണ് പൗലൊസ് ജനിച്ചതെന്ന് റാംസെ, ലെയ്റ്റ്‌സ്മാന്‍ എന്നിവരും പൗലൊസിന്റെ പിതാവിന് കൂടാരം നിര്‍മ്മിക്കുന്ന ഫാക്ടറി ഉണ്ടായിരുന്നു എന്ന് എഡ്വേര്‍ഡ് മെയറും പറയുന്നു (മാര്‍ട്ടിന്‍ ഹെംഗല്‍, പ്രീ ക്രിസ്റ്റ്യന്‍ പോള്‍, പേ. 15).
കൂടാരപ്പണി അത്ര മോശം ബിസ്സിനസ്സായിരുന്നു എന്ന് പണ്ഡിതന്മാര്‍ വിശ്വസിക്കുന്നില്ല. തര്‍സൊസിലെ പേരുകേട്ട കിലിക്യം എന്ന പരുക്കന്‍ ആട്ടുരോമം ഉപയോഗിച്ചായിരുന്നു കൂടാരശീല നിര്‍മ്മിച്ചിരുന്നത്. ഇതുകൊണ്ട് റോമന്‍ സൈന്യത്തിനുവേണ്ടി അമ്പേല്‍ക്കാത്ത കവചങ്ങളും വീടുകളെ കാറ്റില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കുന്നതിനുള്ള സംരക്ഷണ വസ്തുക്കളും നാവികര്‍ക്കുള്ള വസ്ത്രങ്ങളും നിര്‍മ്മിച്ചിരുന്നു. അക്കാരണത്താല്‍ ലാഭകരമായ ബിസ്സിനസ് ആയിരുന്നു ഇത്.
പില്ക്കാലത്ത് മിഷനറിവേലയോടനുബന്ധിച്ചും പൗലൊസ് കൂടാരപ്പണി തൊഴിലായി സ്വീകരിച്ചത് അതിന്റെ വ്യാപാരസാധ്യത കണ്ടുകൊണ്ടായിരിക്കണം. “തനിക്കും കൂടെയുള്ളവര്‍ക്കും” ഉപജീവനത്തിനുള്ള വക കണ്ടെത്തിയത് പൗലൊസിന്റെ അധ്വാനത്തില്‍നിന്നാണ് എന്നതില്‍നിന്നും സാമാന്യം നല്ല വരുമാനം ലഭിച്ചിരുന്നു എന്നു മനസ്സിലാക്കാം. കൊരിന്തിലും തെസ്സലൊനീക്യയിലും പൗലൊസ് ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു. ഇതുകൂടാതെ മക്കദോന്യ സഭകളില്‍ നിന്ന് പൗലൊസിന് വല്ലപ്പോഴുമൊക്കെ സാമ്പത്തിക സഹായം ലഭിച്ചിരുന്നു.
ശരത്കാലത്ത് റോമന്‍ സൈന്യത്തിന്റെ സാധാരണ ഉപകരണമായിരുന്നു കൂടാരം എന്നതിനാല്‍ ഇതിനു ധാരാളം ചിലവുണ്ടായിരുന്നു. സമ്പന്നരായ യാത്രക്കാരും സ്വന്തമായി കൂടാരങ്ങള്‍ ഉപയോഗിച്ചിരുന്നു. സത്രങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലും അല്ലെങ്കില്‍ അവ വൃത്തഹീനമായിരിക്കുന്നിടത്തും അവര്‍ കൂടാരങ്ങളെ ആശ്രയിച്ചിരുന്നു. പത്ത് റോമന്‍ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കൂടാരങ്ങളില്‍ എട്ടുപേര്‍ക്കു പാര്‍ക്കാമായിരുന്നു (എ.എന്‍.വിത്സണ്‍, പോള്‍, പേ. 29). കൂടാതെ കൂടാരപ്പണിക്കാര്‍ തോലുകൊണ്ടുള്ള മറ്റ് ഉപകരണങ്ങളും നിര്‍മ്മിച്ചിരുന്നു.
പൗലൊസ് തന്റെ തൊഴിലിടമായി ഇന്‍സുല എന്ന അപ്പാര്‍ട്ടുമെന്റുകളാണ് ഉപയോഗിച്ചിരുന്നത് എന്ന് എബ്രഹാം മാല്‍ഹേര്‍ബെ പറയുന്നു.
“റോമാ സാമ്രാജ്യത്തിലെ വലിയ നഗരങ്ങളിലെ മിക്കവാറും ആളുകള്‍ പാര്‍ക്കുന്ന അപ്പാര്‍ട്ടുമെന്റ് വീടുകളാണ് ഇന്‍സുല. ഒരു സാധാരണ ഇന്‍സുലയില്‍ താഴത്തെ നിലയില്‍ തെരുവിനഭിമുഖമായി ഒരു നിര കടകളും അതിനു മുകളിലോ പുറകിലോ കടയുടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഉള്ള പാര്‍പ്പിടവും ഉണ്ടായിരിക്കും. അതോടൊപ്പം കടയില്‍ വില്‍ക്കുന്ന സാധനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ഥലവും സന്ദര്‍ശകര്‍ക്കും ജോലിക്കാര്‍ക്കും ദാസന്മാര്‍ക്കും/അടിമകള്‍ക്കും ഉള്ള മുറികളും ഉണ്ടായിരിക്കും. ഈ ഭവനങ്ങള്‍ ഇന്നത്തെ അണുകുടുംബങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. അവ തൊഴിലാളികളും വ്യാപാരികളും ഉള്‍പ്പെടുന്ന, സമൂഹത്തിലെ ഒരു മുഖ്യവിഭാഗത്തിന്റെ, പരിച്ഛേദമായിരുന്നു. ഇത്തരമൊരു കുടുംബത്തില്‍ തന്റെ തൊഴില്‍ ചെയ്യാനുള്ള പൗലൊസിന്റെ മുന്‍കയ്യെടുക്കല്‍ പ്രയോജനകരമായ ഒന്നായിരുന്നു. കാരണം ഈ ഭവനം അവന് ഏകാന്തമായ ഒരു അന്തരീക്ഷത്തെയും ഒരുക്കപ്പെട്ട ശ്രോതാക്കളെയും അവന്റെ സ്വാധീനത്തെ ചുറ്റുപാടും പരത്തുവാന്‍ മതിയായ നെറ്റ്‌വര്‍ക്കിനെയും പ്രദാനം ചെയ്തു.” (പോള്‍ ആന്‍ഡ് ദി തെസ്സലോനിയന്‍സ്, പേ. 17,18).
പൗലൊസിന്റെ പിതാവ് സമ്പന്നനായിരുന്നു എന്ന് ഏതാണ്ടെല്ലാ പണ്ഡിതന്മാരും അംഗീകരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ തൊഴില്‍ എന്തായിരുന്നുവെന്നോ, സമ്പത്ത് എത്രയായിരുന്നുവെന്നോ ആരും രേഖപ്പെടുത്തിയിട്ടില്ല. അടുത്ത കാലത്ത് മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘മഹാനായ പൗലൊസ്’ (കെ.എ.ഫിലിപ്പ് മൈലപ്ര) എന്ന ഗ്രന്ഥത്തിലും സമ്പത്ത് എത്രയാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. കാരണം ഊഹക്കണക്കുകള്‍ ആധികാരിക ഗ്രന്ഥങ്ങളുടെ വിശ്വാസീയത തകര്‍ക്കും എന്നതുതന്നെ.
പൗലൊസിന്റെ വിദ്യാഭ്യാസം
പൗലൊസിന്റെ വിദ്യാഭ്യാസം സംബന്ധിച്ച് വേദപണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ല. തര്‍സൊസില്‍ നിന്ന് ഗ്രീക്ക് വിദ്യാഭ്യാസവും യെരൂശലേമില്‍നിന്നു ന്യായപ്രമാണ പാണ്ഡിത്യവും നേടി എന്നു ചിന്തിക്കുന്നവരുണ്ട്. രണ്ടു നഗരങ്ങളിലും ജാതീയ, യെഹൂദ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ രണ്ടിടത്തും ഇതു സാധ്യമായിരുന്നു. ഈ വിദ്യാലയങ്ങളില്‍ ആറാം വയസ്സില്‍ പ്രവേശിക്കുന്ന കുട്ടികള്‍ വായന, എഴുത്ത്, അടിസ്ഥാന ഗണിതം എന്നിവ പഠിക്കുന്നു. പൗലൊസ് വീട്ടില്‍വെച്ചു തന്നെ എബ്രായ, അരാമ്യ ഭാഷകള്‍ പഠിച്ചു എന്നു ചിന്തിക്കുന്നവരുണ്ട് (പൗലൊസിന്റെ മാതാപിതാക്കള്‍ ആ സമയത്തും തര്‍സൊസില്‍ ആയിരുന്നുവെങ്കില്‍).
പൗലൊസിന്റെ ബാല്യത്തില്‍ തന്നെ മാതാപിതാക്കള്‍ യെരൂശലേമില്‍ മടങ്ങിയെത്തി എന്ന് വാന്‍ ഉണ്ണിക്ക് സിദ്ധാന്തിക്കുന്നു. “ഞാന്‍ കിലിക്യയിലെ തര്‍സൊസില്‍ ജനിച്ച യെഹൂദനും ഈ നഗരത്തില്‍ വളര്‍ന്നു ഗമാലിയേലിന്റെ കാല്ക്കല്‍ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാല്‍…” (പ്രവൃ. 22:3), “എന്റെ ജാതിക്കാരുടെ ഇടയിലും യെരൂശലേമിലും ആദിമുതല്‍ ബാല്യംതുടങ്ങിയുള്ള എന്റെ നടപ്പു യെഹൂദന്മാര്‍ എല്ലാവരും അറിയുന്നു” (26:4) എന്നീ വാക്യങ്ങളില്‍ ബാല്യം മുതല്‍ താന്‍ യെരൂശലേമിലാണ് പാര്‍ത്തത് എന്ന സൂചന പൗലൊസ് നല്‍കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൗലൊസിന്റെ ജനനശേഷം മാതാപിതാക്കള്‍ യെരുശലേമിലേക്കു താമസം മാറ്റിയെന്ന് അദ്ദേഹം വാദിക്കുന്നത്.
പൗലൊസിന്റെ എഴുത്തുകളില്‍ ഗ്രീക്കു കവികളുടെ ഉദ്ധരണികള്‍ നാം കാണുന്നു. പ്രവൃ. 17:28 ല്‍ കിലിക്യന്‍ കവി അരാറ്റസിന്റെ ഫൈനോമെന്‍ എന്ന കാവ്യത്തില്‍നിന്നും ക്ലിയാന്തസിന്റെ ജൂപ്പിറ്ററിനുള്ള സ്തുതിഗീതത്തില്‍ നിന്നുമുള്ള ഉദ്ധരണി കാണാം – “നാം അവന്റെ സന്താനമല്ലോ എന്ന് നിങ്ങളുടെ കവിവരന്മാരിലും ചിലര്‍ പറഞ്ഞിരിക്കുന്നു.”
മറ്റൊന്ന്, മിയാണ്ടറിന്റെ തായിസില്‍ നിന്നാണ്. “ദുര്‍ഭാഷണത്താല്‍ സദാചാരം കെട്ടുപോകുന്നു” (1 കൊരി. 15:33). മൂന്നാമത്തെ ഉദ്ധരണി, ക്രേത്ത കവിയായ എപ്പിമെനിഡസിന്റെ ഓറക്കിള്‍സില്‍ നിന്നുമാണ്. “ക്രേത്തര്‍ സര്‍വ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ” (തീത്തൊ. 1:12).
ഈ ഉദ്ധരണികള്‍ പൗലൊസിന്റെ ഗ്രീക്കു പാണ്ഡിത്യത്തിന്റെ തെളിവല്ലെന്നും നാട്ടില്‍ പഴഞ്ചൊല്ലു രീതിയില്‍ പ്രചാരത്തിലിരുന്നവയാണെന്നും വാദിക്കുന്നവരുണ്ട്. വാദത്തിനായി അത് അംഗീകരിച്ചാല്‍ തന്നെ പൗലൊസിന്റെ ലേഖനങ്ങളുടെ ശൈലിയും പൗലൊസ് തിരഞ്ഞെടുക്കുന്ന പദാവലിയും അവന്റെ പാണ്ഡിത്യത്തിനു തെളിവായി നിലകൊള്ളുന്നു.
ന്യായപ്രമാണം അതിസൂക്ഷ്മതയോടെ താന്‍ പഠിച്ചത് ഗമാലിയേലിന്റെ കാല്‍ക്കീഴിലിരുന്നാണ് എന്നു പൗലൊസ് പറയുന്നു. തല്‍മൂദ് പറയുന്നതനുസരിച്ച് മറ്റാരെക്കാളും മികച്ച ഗ്രീക്കു സാഹിത്യപണ്ഡിതനായിരുന്നു ഗമാലിയേല്‍. അതിനാല്‍ തര്‍സൊസിലെ സര്‍വ്വകലാശാലയിലല്ല, മറിച്ച് ഗമാലിയേലിന്റെ കലാശാലയില്‍ നിന്നായിരിക്കാം പൗലൊസ് ഗ്രീക്കു സാഹിത്യ പാണ്ഡിത്യം നേടിയത് എന്നു ചിന്തിക്കുന്നതാണ് കൂടുതല്‍ വിശ്വസനീയം. ഇനി അഥവാ തര്‍സൊസിലാണ് വളര്‍ന്നതെന്നു വന്നാലും അവിടെ സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചിരിക്കയില്ല, കാരണം അക്കാലത്ത് ന്യായപ്രമാണ പഠനത്തിനായി അവന്‍ യെരൂശലേമില്‍ ആയിരുന്നു.
പൗലൊസിന്റേത് സമ്പന്ന കുടുംബം ആയിരുന്നു എന്ന കാര്യത്തിലും അദ്ദേഹം എബ്രായ ഗ്രീക്ക് ഭാഷകളില്‍ പണ്ഡിതനായിരുന്നു എന്നതിലും തര്‍ക്കിക്കേണ്ട കാര്യമില്ല. എന്നാല്‍ കപ്പലുടമയായിരുന്നു, 65 കോടി ഡോളര്‍ സ്വത്തിന്റെ ഉടമയായിരുന്നു എന്നും തര്‍സൊസ് സര്‍വ്വകലാശാലയില്‍ പഠിച്ച് മൂന്നു ബിരുദാനന്തര ബിരുദങ്ങള്‍ കരസ്ഥമാക്കി എന്നും പറയുന്നത് അല്പം കടന്ന കൈ ആണ്. കാരണം ബാല്യം മുതല്‍ യെരുശലേമില്‍ ജീവിച്ചവനാണ് താന്‍ എന്നു പറയുന്ന പൗലൊസിന് തര്‍സൊസിലെ സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ സമയം ലഭിച്ചിരുന്നില്ല എന്നു വേണം കരുതാന്‍.
Go Back