മാര്‍ത്തയുടെ അറിവും മറിയയുടെ കണ്ണുനീരും

യോഹന്നാന്റെ സുവിശേഷത്തിലെ, പുതിയനിയമത്തിലെ തന്നേ, ശ്രദ്ധേയമായ അദ്ധ്യായമാണ് യോഹന്നാന്‍ 11. യേശു ലാസറിനെ ഉയിര്‍പ്പിച്ച സംഭവം എത്രയോ പ്രാവശ്യം നാം വായിച്ചിരിക്കുന്നു. ‘യേശു കണ്ണുനീര്‍ വാര്‍ത്തു’ എന്ന കൊച്ചു വാക്യം ആണ് നാമെല്ലാം ആദ്യം മനഃപാഠമാക്കുന്ന ബൈബിള്‍ വാക്യം. യേശു കല്ലറയ്ക്കല്‍ എത്തുന്നതും കല്ലു നീക്കാന്‍ പറയുന്നതും ലാസര്‍ ജീവനോടെ പുറത്തു വരുന്നതും ഒരായിരം പ്രാവശ്യം നാം ഭാവനയില്‍ കണ്ടിട്ടുണ്ട്. പ്രതിസന്ധികളില്‍ ഉത്തരം ഒന്നും കാണാതിരിക്കുമ്പോള്‍ ‘ലാസര്‍ മരിച്ച് ശരീരത്തിനു നാറ്റം വെച്ചു കഴിഞ്ഞപ്പോഴാണല്ലോ യേശു അവനെ ഉയിര്‍പ്പിച്ചത്’ എന്ന് നാമെത്രയോ തവണ ആശ്വസിച്ചിട്ടുണ്ട്, ആശ്വസിപ്പിച്ചിട്ടുണ്ട്! നമ്മുടെ വേദന അവനു മനസ്സിലാകും എന്ന് എത്രയോ തവണ ആ ചെറിയ വാക്യം നമ്മെ ധൈര്യപ്പെടുത്തിട്ടുണ്ട്. യേശു സ്‌നേഹിക്കുന്നതും യേശുവിനെ സ്‌നേഹിക്കുന്നതുമായ ബേഥാന്യയിലെ ആ ചെറിയ കുടുംബത്തിനു സമാനമായ മറ്റൊരു കുടുംബം ബൈബിളിലില്ല.

യോഹന്നാന്‍ 11 കൂടാതെ, ശ്രദ്ധേയമായ രണ്ടു സംഭവങ്ങള്‍ കൂടെ ഈ കുടുംബത്തെ ചുറ്റിപ്പറ്റി നാം കാണുന്നു. ലൂക്കൊസ് 10:38-42 ല്‍, യേശു ആ വീട്ടില്‍ ഉപദേശിക്കുന്ന ദൃശ്യമാണുള്ളത്. മറിയ കര്‍ത്താവിന്റെ ഉപദേശം കേള്‍ക്കുന്നു, മാര്‍ത്ത അതിഥികളെ സല്‍ക്കരിക്കാനുള്ള ബദ്ധപ്പാടില്‍ മറിയയെ വിട്ടുകിട്ടാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു. കര്‍ത്താവിന്റെ മറുപടി നമുക്കറിയാം.

ലാസറിന്റെ മരണത്തിനുശേഷം ഉണ്ടായ സംഭവമാണ് മറ്റൊന്ന്. യോഹ. 12:1-8 വരെയുള്ള വാക്യങ്ങളില്‍ മറിയ വളരെ വിലയുള്ള സുഗന്ധദ്രവ്യം കര്‍ത്താവിന്റെ കാലില്‍ പൂശുന്നു. കര്‍ത്താവിനോടുള്ള അവളുടെ ആഴമായ സ്‌നേഹത്തിന്റെ പ്രകടനമായിരുന്നു അത്.

ഇനി നമുക്ക് ലാസറിന്റെ കല്ലറയ്ക്കലേക്ക് മടങ്ങിവരാം. മൃതദേഹം സംസ്‌കരിച്ച് നാലു ദിവസത്തിനുശേഷം യേശു അവിടെ എത്തിയപ്പോള്‍ മാര്‍ത്ത യേശുവിനെ എതിരേറ്റു ചെന്നു. (‘മറിയയോ വീട്ടില്‍ ഇരുന്നു” വാ. 20-ല്‍ യോഹന്നാല്‍ ഊന്നല്‍ നല്‍കി പറയുന്നു). യേശുവിനെ കണ്ടയുടന്‍ മാര്‍ത്ത പറയുന്നത്, “കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു” എന്നാണ്. കര്‍ത്താവിനു മറ്റൊന്നും തോന്നാതിരിക്കാനെന്നോണം “ഇപ്പോഴും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്ന് ഞാന്‍ അറിയുന്നു” എന്നു കൂട്ടിച്ചേര്‍ക്കുന്നു. പിന്നീട് നടന്നത് ഒരു ദൈവശസ്ത്ര ചര്‍ച്ചയായിരുന്നു (അതും കല്ലറയുടെ മുമ്പില്‍). ആരു പറഞ്ഞു മാര്‍ത്ത പ്രസംഗങ്ങള്‍ ഒന്നും കേള്‍ക്കാറില്ലെന്ന്. അടുക്കളയിലാണെങ്കിലും യോഗത്തിനിരിക്കാറില്ലെങ്കിലും തിയോളജി നന്നായി മനസ്സിലാക്കുന്നവളായിരുന്നു അവള്‍. കര്‍ത്താവു പറഞ്ഞ ഓരോ പോയിന്റിനും അവള്‍ തക്ക മറുപടി നല്‍കി. അതെവിടെവരെ എത്തി എന്നു നിങ്ങള്‍ നോക്കൂ.

മാര്‍ത്ത പോയി വിളിച്ചപ്പോഴാണ് മറിയ വന്നത്. ശ്രദ്ധിക്കുക, മാര്‍ത്ത പറഞ്ഞ അതേ വാചകം തന്നെയാണ് മറിയയും പറഞ്ഞത്, “കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു.” പക്ഷേ, അടുത്തു സംഭവിച്ചത് തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു, “യേശു കണ്ണുനീര്‍ വാര്‍ത്തു.” അതേ, യേശു കരഞ്ഞു. ഏറ്റവും ചെറിയ വാക്യം! പക്ഷേ മാര്‍ത്ത പറഞ്ഞ നീതിമാന്മാരുടെ പുനരുത്ഥാനം വരെ കാത്തിരിക്കാതെ ആ ക്ഷണം അവളുടെ സഹോദരനെ അവള്‍ക്കു തിരികെക്കിട്ടി.

മാര്‍ത്ത യേശുവിനെ സ്‌നേഹിച്ചിരുന്നു, അവന്റെ ഉപദേശം കേട്ടിരുന്നു, അടുക്കോടെ പറയാനും പഠിച്ചിരുന്നു, യേശു വന്നപ്പോള്‍ മുമ്പേ അവനെ എതിരേറ്റു, പക്ഷേ അവന്റെ ഹൃദയത്തെ തൊടാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നുവോ?

മറിയ യേശുവിന്റെ കാല്‍ക്കല്‍ ഇരുന്നു. യേശുവിന്റെ ഉപദേശം എത്രമാത്രം അവള്‍ ഗ്രഹിച്ചു എന്നെനിക്കറിയില്ല. പക്ഷേ അവള്‍ യേശുവിനെ സ്‌നേഹിച്ചു, അവനെ വിശ്വസിച്ചു (അതിനാല്‍ കല്ലറയ്ക്കല്‍ എത്താന്‍ ധൃതി കാട്ടിയില്ല). തന്റെ ആജീവനാന്ത സമ്പാദ്യമായ സ്വച്ഛജടാമാംസിതൈലം (തിരിച്ചെടുക്കാന്‍ കഴിയാത്തവിധം) അവന്റെ കാലില്‍ ഒഴിക്കുവാന്‍ തയ്യാറാകുംവിധം മറിയ യേശുവിനെ സ്‌നേഹിച്ചു. അതുകൊണ്ട് അവളുടെ കണ്ണുനീര്‍ മതിയായിരുന്നു ഒരു അത്ഭുതം സംഭവിക്കുവാന്‍!

യേശുവിന്റെ വചനം നമ്മുടെ ശിരസ്സിലേക്കാണോ അതോ ഹൃദയത്തിലേക്കാണോ പോകുന്നത്? വിശദാംശങ്ങള്‍ക്കപ്പുറത്ത് അവനെ ആഴമായി സ്‌നേഹിക്കാനുള്ള ദാഹം അവന്റെ വചനം നമുക്കു നല്‍കട്ടെ.

You might also like…

Go Back