പൗലൊസും കൂടാരപ്പണിയും ചര്‍ച്ചയാകുമ്പോള്‍

കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുകയും പാസ്റ്റര്‍മാരുടെയും ശുശ്രൂഷാരംഗത്തുള്ളവരുടെയും വരുമാനമാര്‍ഗ്ഗങ്ങള്‍ അടയുകയും ചെയ്ത പശ്ചാത്തലത്തിലാണ് പൗലൊസിന്റെ മാതൃക പിന്തുടര്‍ന്ന് കൂടാരപ്പണി ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്. കണ്‍വന്‍ഷനുകളും ഗാനശുശ്രൂഷകളും നടക്കാതായതോടുകൂടി ആ രംഗത്തു പ്രവര്‍ത്തിച്ചിരുന്ന ആയിരക്കണക്കിനു പ്രസംഗകരും ഗായകരും സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നു. ക്രിസ്തീയ പുസ്തക പ്രസാധന, വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഈ ഗണത്തില്‍ പെടുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് സുവിശേഷവേലയില്‍ ആയിരിക്കുന്നവര്‍ എന്തെങ്കിലും തൊഴില്‍ ചെയ്ത് വരുമാനം കണ്ടെത്തണമെന്ന ചിന്ത ഉയര്‍ന്നുവരുന്നത്. പലരും ഇതിനോടകം തന്നെ പല തൊഴിലുകളിലും ഏര്‍പ്പെട്ടു തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഒരു പക്ഷേ പുതിയൊരു ശുശ്രൂഷാ, തൊഴില്‍ സംസ്‌കാരം പെന്തെക്കോസ്തു ശുശ്രൂഷാ രംഗത്ത് ഉരുത്തിരിയാന്‍ ഇതു കാരണമായേക്കാം.

വാസ്തവത്തില്‍ ‘ടെന്റ് മെയ്ക്കിംഗ് മിഷനറിമാര്‍’ വളരെ മുമ്പുതന്നെ മിഷന്‍ രംഗത്ത് പരിചിതമാണ്. സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്കു വാതില്‍ അടഞ്ഞ രാജ്യങ്ങളില്‍ ജോലിയോടൊപ്പം മിഷനറി പ്രവര്‍ത്തനം നടത്തുന്നവരാണിവര്‍. ആ അര്‍ത്ഥത്തില്‍ ഇവിടെ പാസ്റ്റര്‍മാര്‍ ജോലി ചെയ്തു തുടങ്ങിയാല്‍ അവരെ ‘കൂടാരപ്പണിക്കാര്‍’ എന്നു വിളിക്കാനാവില്ല. കൂടാരപ്പണിക്ക് പൗലൊസിനെ മാതൃകയാക്കും മുമ്പ് പൗലൊസ് ഏതു സാഹചര്യത്തിലാണ് തൊഴിലില്‍ ഏര്‍പ്പെട്ടതെന്നും അവന്റെ വരുമാന മാര്‍ഗ്ഗം അതു മാത്രമായിരുന്നോ എന്നും പരിശോധിക്കുന്നത് ഉചിതമാണ്.

കൂടാരപ്പണിക്കാരനായ പൗലൊസ്

പൗലൊസ് കൂടാരപ്പണി ചെയ്ത് തനിക്കും കൂടെയുള്ളവര്‍ക്കും ഉപജീവനത്തിനുള്ള വക കണ്ടെത്തിയിരുന്നു എന്ന് 1 തെസ്സ. 2:9; 2 തെസ്സ. 3:8,9; 1 കൊരി. 4:12; പ്രവൃ. 20:34 വാക്യങ്ങളില്‍ കാണുന്നു. അതേസമയം തന്നെ കൊരിന്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റു സഭകളില്‍നിന്നും സഹായം സ്വീകരിച്ചതായും (2 കൊരി. 11:8-9) പൗലൊസ് വ്യക്തമാക്കുന്നു. ഫിലിപ്പിയ ലേഖനം അത്തരമൊരു സഹായത്തിനു നന്ദി പറഞ്ഞുകൊണ്ടുള്ള കത്താണ് എന്നതില്‍ സംശയമില്ല (ഫിലി. 4:15-20).

മിക്ക വേദപണ്ഡിതന്മാരുടെയും അഭിപ്രായത്തില്‍ പൗലൊസ് വളരെക്കുറച്ചു കാലം മാത്രമേ കൂടാരപ്പണി ചെയ്ത് വരുമാനം കണ്ടെത്തിയിരുന്നുള്ളു. അപ്പോള്‍ തന്നെ കൂടാരപ്പണി നല്ല വരുമാനം കിട്ടുന്ന വ്യവസായമായിരുന്നതിനാല്‍ ഒരു ടീമിനെ മുഴുവനും സപ്പോര്‍ട്ടു ചെയ്യാന്‍ കഴിഞ്ഞിരുന്നു എന്നും ദീര്‍ഘകാലത്തേക്കുള്ള പണം സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നു എന്നും മാര്‍ട്ടിന്‍ ഹെംഗലിനെപ്പോലെയുള്ള പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു (ഇക്ക്രാര്യം ‘പൗലൊസ് കോടീശ്വരനായിരുന്നുവോ?’ എന്ന ലേഖനത്തില്‍ ഞാന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.1) പൗലൊസിന് പില്ക്കാലത്ത് വലിയ സാമ്പത്തിക ആവശ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അതിനെല്ലാം ആവശ്യമായ പണം സഭകളില്‍നിന്നാണ് ലഭിച്ചിരുന്നതെന്നും റോളണ്ട് അല്ലന്‍ വ്യക്തമാക്കിയിട്ടുണ്ട് 2. ചിലവേറിയ കേസ് നടത്തിപ്പുകള്‍, മിഷനറിമാരോടൊത്തുള്ള യാത്രകള്‍, കപ്പല്‍ യാത്രകള്‍, പ്രവിശ്യാ ഗവര്‍ണ്ണര്‍മാരുമായുള്ള കൂടിക്കാഴ്ചകള്‍ എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ലേഖന രചന കൂടാതെയാണിത്. റോമാലേഖനത്തിന്റെ മാത്രം കണക്കെടുത്താല്‍ പാപ്പിറസിന്റെ വിലയും എഴുത്തുകൂലിയും കണക്കാക്കിയാല്‍ ഇന്നത്തെ നിലയില്‍ 2000 ഡോളര്‍ ചിലവു വരുമെന്നാണ് കീനര്‍ കണക്കാക്കിയിരിക്കുന്നത് 3. ഇതിനെല്ലാം പൗലൊസിനെ കൈയയച്ചു സഹായിച്ച വ്യക്തികളും സഭകളും ഉണ്ടായിരുന്നിരിക്കാം.

പൗലൊസ് കൂടാരപ്പണി ചെയ്തു വരുമാനം കണ്ടെത്തിയിരുന്നു. അപ്പോള്‍ തന്നെ സഭകളില്‍നിന്നുള്ള സംഭാവന സ്വീകരിച്ചിരുന്നു. റോളണ്ട് അല്ലന്‍ ഈ വിഷയത്തില്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഇവയാണ്:

  1. പൗലൊസ് തനിക്കുവേണ്ടി സാമ്പത്തിക സഹായം ചോദിച്ചില്ല.
  2. താന്‍ ആരോടു പ്രസംഗിച്ചുവോ അവര്‍ക്കു സാമ്പത്തിക സഹായം നല്‍കിയില്ല.
  3. പ്രാദേശിക സഭയുടെ സാമ്പത്തിക കാര്യത്തില്‍ അവന്‍ കൈകടത്തിയില്ല.

പൗലൊസ് കൂടാരപ്പണി ചെയ്യേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് സ്റ്റീവ് വാള്‍ട്ടന്‍ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 4 പൗലൊസിന്റെ കാലഘട്ടത്തില്‍ ധാരാളം സഞ്ചാര പ്രസംഗകര്‍ റോമാ സാമ്രാജ്യത്തിലുണ്ടായിരുന്നു. തത്വജ്ഞാനികളും മന്ത്രവാദികളും അത്ഭുത പ്രവൃത്തികള്‍ ചെയ്ത് പണം പിടുങ്ങുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. പ്രധാനമായും നാലു തരത്തിലായിരുന്നു അവര്‍ പണം കണ്ടെത്തിയിരുന്നത്.

  1. അറിവു പകര്‍ന്നു കൊടുക്കുന്നതിന് ഫീസ് ഈടാക്കുക.
  2. സമ്പന്നനായ ഒരുവന്റെ ആശ്രിതനോ, കക്ഷിയോ ആകുന്ന രക്ഷാധികാര സമ്പ്രദായം പിന്തുടരുക.
  3. ഭിക്ഷാടനം.
  4. ജോലി ചെയ്യുക.

ഇതില്‍ ഒന്നാമത്തെ മാര്‍ഗ്ഗം പൗലൊസ് സ്വീകരിച്ചില്ല എന്നു വ്യക്തമാക്കുന്നതാണ് 1 കൊരി. 9-ാം അധ്യായം. കൊരിന്ത്യരില്‍ നിന്നും പ്രതിഫലം സ്വീകരിക്കാന്‍ അധികാരം ഉണ്ടായിട്ടും താന്‍ അതു ചെയ്യാത്തതാണ് തന്റെ പ്രശംസ എന്നാണ് പൗലൊസ് പറയുന്നത്. രണ്ടാമത്തെ മാര്‍ഗ്ഗമായ പേട്രനേജ് റോമാസാമ്രാജ്യത്തില്‍ പരക്കെ നടപ്പായിരുന്ന ഒരു സംവിധാനമായിരുന്നു. റോമന്‍ സാമ്രാജ്യം രക്ഷാധികാര സമ്പ്രദായത്തിന്റെ ബൃഹത്തായ ഒരു വല നെയ്തിരുന്നു. ചക്രവര്‍ത്തിയില്‍ നിന്നാണിതിന്റെ തുടക്കം. ഏതാണ്ട് എല്ലാവരും തന്നെ ഒന്നുകില്‍ ഒരുവന്റെ ആശ്രിതനോ അല്ലെങ്കില്‍ രക്ഷാധികാരിയോ ആയിരിക്കും. എന്നാല്‍ ഇത് ആശ്രിതനെ രക്ഷാധികാരിയുടെ ആജ്ഞാനുവര്‍ത്തിയുടെ തലത്തിലേക്ക് താഴ്ത്തിയിരുന്നു. ഇക്കാരണത്താലാണ് പൗലൊസ് കൊരിന്ത്യരില്‍ നിന്നു സഹായം സ്വീകരിക്കാതിരുന്നത്. മൂന്നാമത്തെ രീതിയും പൗലൊസിന് അഭികാമ്യമായിരുന്നില്ല. അതിനാലാണ് നാലാമത്തെ മാര്‍ഗ്ഗമായ ജോലി പൗലൊസ് തിരഞ്ഞെടുത്തത്. മാത്രമല്ല, ഇത് മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന ഒരു രീതിയുമായിരുന്നു.

തൊഴില്‍ ചെയ്യുക എന്നത് പൗലൊസിന്റെ ഭാഗത്തു നിന്നുള്ള ഒരു ത്യാഗമായിരുന്നു എന്ന് എബ്രഹാം മാല്‍ഹേര്‍ബെ പറയുന്നു. കാരണം അവന്‍ തൊഴിലാളി വര്‍ഗ്ഗത്തില്‍ പെട്ടവനായിരുന്നില്ല. തൊഴിലാളികളോടു താദാമ്യപ്പെടുന്നതിനായി പൗലൊസ് സമൂഹത്തിലെ തന്റെ ഉന്നത പദവി വേണ്ടെന്നു വെച്ചു. 5

കൂടാരപ്പണിയും മിഷനറി പ്രവര്‍ത്തനവും

കൂടാരപ്പണി തന്റെ സുവിശേഷീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ കേഴ്‌വിക്കാരെ സമ്മാനിച്ചിരുന്നു എന്ന അഭിപ്രായം ഉയരുന്നുണ്ട്. അക്കാലത്ത് തെരുവു പ്രസംഗകരെ കൂടാതെ തൊഴില്‍ ചെയ്തുകൊണ്ടു തങ്ങളുടെയടുക്കല്‍ വരുന്ന ഉപഭോക്താക്കളോടു പ്രസംഗിക്കുന്ന തത്വജ്ഞാനികളും ഗുരുക്കന്മാരും ഉണ്ടായിരുന്നതായി മാല്‍ഹേര്‍ബെ ചൂണ്ടിക്കാണിക്കുന്നു (സോക്രട്ടീസ്, സിനിക്ക് മൈസെല്ലീസ്, ക്രാറ്റസ്, ചെരുപ്പുകുത്തിയായ സൈമണ്‍ തുടങ്ങിയവര്‍ ഇതിനുദാഹരണമാണ്). നഗരങ്ങളില്‍ സമ്പന്നരുടെ പാര്‍പ്പിടമായ ഡോമസും ചന്തയോടു (അഗോറ) ചേര്‍ന്നുള്ള അപ്പാര്‍ട്ടുമെന്റുകളായ ഇന്‍സുലയും ഉണ്ടായിരുന്നു. തെരുവിലേക്കു തുറന്നിരുന്ന കടമുറികളുള്ള കെട്ടിടങ്ങളായിരുന്നു ഇന്‍സുല. പൗലൊസ് തന്റെ തൊഴിലിടമായി ഇന്‍സുല എന്ന അപ്പാര്‍ട്ടുമെന്റുകളാണ് ഉപയോഗിച്ചിരുന്നത് എന്ന് എബ്രഹാം മാല്‍ഹേര്‍ബെ പറയുന്നു.

“റോമാ സാമ്രാജ്യത്തിലെ വലിയ നഗരങ്ങളിലെ മിക്കവാറും ആളുകള്‍ പാര്‍ക്കുന്ന അപ്പാര്‍ട്ടുമെന്റ് വീടുകളാണ് ഇന്‍സുല. ഒരു സാധാരണ ഇന്‍സുലയില്‍ താഴത്തെ നിലയില്‍ തെരുവിനഭിമുഖമായി ഒരു നിര കടകളും അതിനു മുകളിലോ പുറകിലോ കടയുടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഉള്ള പാര്‍പ്പിടവും ഉണ്ടായിരിക്കും. അതോടൊപ്പം കടയില്‍ വില്‍ക്കുന്ന സാധനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള തൊഴില്‍ശാലയും സന്ദര്‍ശകര്‍ക്കും ജോലിക്കാര്‍ക്കും ദാസന്മാര്‍ക്കും/അടിമകള്‍ക്കും ഉള്ള മുറികളും ഉണ്ടായിരിക്കും. ഈ ഭവനങ്ങള്‍ ഇന്നത്തെ അണുകുടുംബങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. അവ തൊഴിലാളികളും വ്യാപാരികളും ഉള്‍പ്പെടുന്ന, സമൂഹത്തിലെ ഒരു മുഖ്യവിഭാഗത്തിന്റെ പരിച്ഛേദമായിരുന്നു. ഇത്തരമൊരു ഭവനത്തില്‍ തന്റെ തൊഴില്‍ ചെയ്യാനുള്ള പൗലൊസിന്റെ മുന്‍കയ്യെടുക്കല്‍ പ്രയോജനകരമായ ഒന്നായിരുന്നു. കാരണം ഈ ഭവനം അവന് ഏകാന്തമായ ഒരു അന്തരീക്ഷത്തെയും ഒരുക്കപ്പെട്ട ശ്രോതാക്കളെയും അവന്റെ സ്വാധീനത്തെ ചുറ്റുപാടും പരത്തുവാന്‍ മതിയായ നെറ്റ്‌വര്‍ക്കിനെയും പ്രദാനം ചെയ്തു.” 6

പൗലൊസ് കൂടാരപ്പണി തിരഞ്ഞെടുത്തതിന് മൂന്നു കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും.

  1. ജനങ്ങളെ കവര്‍ന്ന് തങ്ങളുടെ സുഖജീവിതത്തിന് പണം കണ്ടെത്തുന്ന സാധാരണ തെരുവു പ്രസംഗകരില്‍നിന്ന് വ്യത്യസ്തനായിരിക്കുക.
  2. പേട്രനേജ് സ്വീകരിച്ച് മറ്റൊരാളുടെ ആജ്ഞാനുവര്‍ത്തിയാകുന്നതിനും തന്റെ സന്ദേശത്തില്‍ വെള്ളം ചേര്‍ക്കേണ്ടിവരുന്നതും ഒഴിവാക്കുക (കൊരിന്തിലാണ് പൗലൊസ് ഇത് ശക്തമായി നടപ്പാക്കിയത്. അതിനാല്‍ അവിടുത്തെ തെറ്റായ പ്രവണതകളെ ശക്തമായി അപലപിക്കാന്‍ അവനു കഴിഞ്ഞു)
  3. സഹായിക്കാന്‍ ആളില്ലാത്തപ്പോഴും സുവിശേഷീകരണം നിര്‍വിഘ്‌നം മുന്നോട്ടുകൊണ്ടുപോകുക.

സഭകളില്‍നിന്നുള്ള സഹായം

തൊഴില്‍ ചെയ്തു പൗലൊസ് വരുമാനം നേടി എന്നതു ശരിയായിരിക്കുമ്പോള്‍ പോലും താന്‍ സ്ഥാപിച്ച സഭകള്‍ പില്‍ക്കാലത്ത് തന്റെ സുവിശേഷീകരണ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കിയിരുന്നു എന്ന് പൗലൊസിന്റെ വാക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്. ഫിലിപ്പിയ ലേഖനത്തിലെ വാക്കുകളുടെ ഉപയോഗം രക്ഷാധികാരി/ആശ്രിത ധ്വനി സൂചിപ്പിക്കുന്നതായി വേദപണ്ഡിതന്മാര്‍ പറയുന്നു. ആദിമ നൂറ്റാണ്ടില്‍ ഏറ്റവും അടുപ്പമുള്ളവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളില്‍ ഇന്നത്തെപ്പോലെ നന്ദി വാക്കുകളുടെ അതിപ്രസരം അനാവശ്യമായിരുന്നുവെന്ന് പുരാതന നന്ദിക്കത്തുകളെ ഉദാഹരിച്ചുകൊണ്ട് പീറ്റര്‍മാന്‍ പറയുന്നതായി സ്റ്റീവ് വാള്‍ട്ടന്‍ ചൂണ്ടിക്കാണിക്കുന്നു. അതായത് ഫിലിപ്പിയ സഭ തന്റെ പേട്രണ്‍ ആണെന്ന് പൗലൊസ് വ്യക്തമാക്കുന്നില്ലെങ്കിലും ജാതീയ ലോകത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന സമാനമായ രീതിയില്‍ പൗലൊസ് അതു വ്യക്തമാക്കുകയാണ് ഫിലിപ്പിയ ലേഖനത്തില്‍ ചെയ്യുന്നത്. അതുകൊണ്ട് ഈ ലേഖനത്തെ ‘നന്ദിയില്ലാത്ത നന്ദിക്കത്ത്’ എന്നു വിളിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

അപ്പോള്‍ തന്നെ ഫിലിപ്പിയ സഭയും താനും ദൈവത്തിന്റെ നന്മകള്‍ അനുഭവിക്കുന്ന തുല്യനിലയിലുള്ള ആശ്രിതര്‍ ആണെന്ന് പൗലൊസ് വ്യക്തമാക്കുന്നു (4:18,19). ഈ ചിന്ത ഫിലിപ്പിയര്‍ക്കും ഉണ്ടായിരുന്നതിനാലാണ് കൊരിന്ത്യരില്‍നിന്നു സഹായം വാങ്ങാതിരുന്ന പൗലൊസ് ഫിലിപ്പിയരില്‍ നിന്നും സഹായം വാങ്ങിയത്.

ഇതു കൂടാതെ വ്യക്തികളില്‍ നിന്നും പൗലൊസ് സഹായം സ്വrകരിച്ചിരുന്നതായി കാണാം.

ഫേബ. കെംക്രയ സഭയിലെ ശുശ്രൂഷക്കാരത്തിയായ ഫേബയെക്കുറിച്ചു പറയുന്നിടത്ത് (റോമ. 16:2) പേട്രണ്‍ (പ്രോസ്റ്റാറ്റീസ്) എന്നതിന്റെ സ്ത്രീലിംഗരൂപം (പ്രോസ്റ്റാറ്റിസ്) ആണ് ഉപയോഗിച്ചിരിക്കുന്നത് (Steve Walton, p230). അവള്‍ തനിക്കു മാത്രമല്ല പലര്‍ക്കും സഹായം ചെയ്തിരുന്നതായി സൂചിപ്പിക്കുന്നു. പൗലൊസ് ഫേബയുടെ ഭവനത്തില്‍ അതിഥിയായി താമസിച്ചിരിക്കാം. എഡി മൂന്നാം നൂറ്റാണ്ടില്‍ യായേല്‍ എന്ന യെഹൂദ വനിത സിനഗോഗിന്റെ രക്ഷാധികാരിയായി നിയമിതയായതിനെക്കുറിച്ച് അഫ്രോഡിസിയാസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം രക്ഷാധികാരത്വത്തിന്റെ ധാരാളം തെളിവുകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഗായൊസ്, ഫിലേമോന്‍ എന്നിവരെക്കുറിച്ചുള്ള പൗലൊസിന്റെ പരാമര്‍ശങ്ങളും അവരുടെ രക്ഷാധികാരത്വം സ്വീകരിച്ച് അതുപയോഗിച്ചു പൗലൊസ് ശുശ്രൂഷ ചെയ്തിരുന്നു എന്നതിന്റെ തെളിവാണ്. അപ്പോള്‍ തന്നേ ഫിലേമോന്‍ തനിക്കു കടംപെട്ടിരിക്കുന്നു എന്നും പൗലൊസ് പറയുന്നു (വാ. 19). ഈ ഒരു പരസ്പര ബോധ്യമാകാം അങ്ങനെയുള്ളവരുടെ ആതിഥ്യവും സഹായവും സ്വീകരിക്കാന്‍ പൗലൊസ് മടിക്കാതിരുന്നതിനു കാരണം.

ഉപസംഹാരം

പൗലൊസ് കൂടാരപ്പണി ചെയ്ത് മിഷനറി വേല ചെയ്തു എന്നു പൊതുവേ പറയുമ്പോള്‍ പോലും അതു ഹ്രസ്വകാലത്തേക്കായിരുന്നു എന്നതാണ് വാസ്തവം. കൊരിന്ത്, തെസ്സലൊനീക്യ തുടങ്ങിയ സ്ഥലങ്ങളില്‍വെച്ചാണ് അത് അധികവും ചെയ്തത്.

അതിന്റെ ഒരു കാരണം, ജനങ്ങളില്‍ നിന്നും പണം സ്വീകരിച്ചു ജീവിക്കുന്ന തെരുവു പ്രസംഗകര്‍ ധാരാളമുണ്ടായിരുന്ന കൊരിന്തില്‍ തന്നെയും തന്റെ സുവിശേഷത്തെയും വേറിട്ടു കാണിക്കുന്നതിനായിട്ടാണ് ഈ രീതി സ്വീകരിച്ചത്. ഏവര്‍ക്കും സൗജന്യമായി സുവിശേഷം ലഭിക്കണമെന്ന് അവനു നിര്‍ബന്ധം ഉണ്ടായിരുന്നു. മാത്രമല്ല കൊരിന്ത്യവിശ്വാസികളുടെ മനോഭാവം ഫിലിപ്പിയരില്‍നിന്നും വ്യത്യസ്തമായിരുന്നതിനാല്‍ അവരുടെ മുമ്പില്‍ ഔന്നത്യത്തോടെ നില്‍ക്കണമെങ്കില്‍ അവരുടെ രക്ഷാധികാരത്വം സ്വീകരിക്കരുതെന്ന് പൗലൊസിനറിയാമായിരുന്നു.

തെസ്സലൊനീക്യയില്‍ ഉപജീവന മാര്‍ഗ്ഗം എന്നതിലുപരി അവര്‍ക്കു മാതൃക കാണിക്കേണ്ടതിനാണ് പൗലൊസ് കൂടാരപ്പണി ചെയ്തത് (2 തെസ്സ. 3:9). ഒപ്പം ഇന്‍സുലയിലെ തൊഴില്‍ശാല സുവിശേഷം അറിയിക്കുന്നതിന് ഉത്തമമായ ഒരു വേദി ഒരുക്കി.

തന്നെ ബഹുമാനിക്കുകയും ദൈവത്തെ സ്‌നേഹിക്കുകയും ദൈവവേലയെ മാനിക്കുകയും ചെയ്തവരില്‍നിന്ന് പൗലൊസ് സഹായം സ്വീകരിക്കുകയും ചിലപ്പോഴൊക്കെ ആവശ്യപ്പെടുകയും ചെയ്തു (2 കൊരി. 11:8). ഫിലിപ്പിയ സഭയും മക്കദോന്യയിലെ ഇതര സഭകളും പൗലൊസിന് തുടര്‍മാനമായി സഹായം ചെയ്യുകയും അവന്റെ ക്ഷേമവിവരങ്ങള്‍ അറിയാനും അവന്റെ കൂടെ പ്രവര്‍ത്തിക്കാനും സഹോദരന്മാരെ അയയ്ക്കുകയും ചെയ്തു (യെരുശലേമിലെ സഭയ്ക്കു സഹായം ആവശ്യമായി വന്നപ്പോള്‍ അതിനുവേണ്ടി ശേഖരണം നടത്തുവാന്‍ പൗലൊസ് മുന്‍കൈയെടുത്തു).

പൗലൊസിന്റെ മാതൃക ഇന്നും അനുകരണീയമാണ്. തൊഴില്‍ ചെയ്തുകൊണ്ട് സവിശേഷീകരണം നടത്തുന്നത് കൂടുതല്‍ പ്രയോജനകരമായ ഇടങ്ങളില്‍ ആ മാതൃക പിന്തുടരുക തന്നെ വേണം. സുവിശേഷ വേലയ്ക്കു വിളിയുണ്ട് എന്നു മനസ്സിലാകുമ്പോള്‍ അയാളെ നിര്‍ബന്ധിച്ച് ജോലി രാജിവയ്പിക്കുന്ന പ്രവണത മാറ്റി, തൊഴിലിടങ്ങളില്‍ ഫലകരമായി പ്രവര്‍ത്തിക്കാന്‍ അവരെ സജ്ജരാക്കുകയാണു വേണ്ടത്. അതേസമയം സാമ്പത്തികമായി കഴിവുള്ള വിശ്വാസികള്‍ സാമ്പത്തിക സഹായം കൃത്യമായി നല്‍കിയാല്‍ സുവിശേഷകന്മാര്‍ക്ക് ഉപജീവനഭാരം ഇല്ലാതെ വേലചെയ്യുവാന്‍ കഴിയുകയും ചെയ്യും. ദൈവവേലയ്ക്കു കൊടുക്കുക എന്നത് വിശ്വാസികള്‍ അനുവര്‍ത്തിക്കേണ്ട കര്‍ത്തവ്യമാണ് എന്നതും മറക്കാതിരിക്കുക. ഒരു മിഷനറി ദര്‍ശനം ഉണ്ടാകുമ്പോഴാണ് കൂടാരപ്പണി കൂടുതല്‍ ഫലകരമായിത്തീരുന്നത്. മാത്രമല്ല ഈ രീതിയില്‍ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ദൈവവചനാടിസ്ഥാനത്തിലുള്ള പുതിയൊരു സുവിശേഷീകരണ, തൊഴില്‍ സംസ്‌കാരം തന്നെ നാം രൂപപ്പെടുത്തേണ്ടിവരും തീര്‍ച്ച.

Footnotes

  1. http://gilgalcreations.com/blog/was-the-apostle-paul-a-millionaire

  2. Missionary Methods-St Paul’s or Ours?, The Lutterworth Press, 2006, Online media

  3. Craig S. Keener, The IVP Bible Background Commentary, NT, p. 419

  4. Steve Walton, Paul,Patronage and Pay: What do We Know about the Apostle’s Financial Supptor in Paul as Missionary, Ed. Trevor J. Burke & Brian S. Rosner, T&T Clark, 2011, pp. 220-233

  5. Abraham Malherbe, Paul and the Thessalonians, Fortress Press, 1987, pp. 55-56

  6. Paul and the Thessalonians, pp. 17, 18

You might also like…

Go Back