ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പും പെന്തക്കോസ്തുകാരുടെയും നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. എന്തു വാര്‍ത്ത കിട്ടിയാലും കേട്ടാലും അതു പോസ്റ്റ് ചെയ്താലേ നമുക്കും ഉറക്കംവരൂ എന്ന സ്ഥിതിയിലായിട്ടുണ്ട്. ആത്മീയ കാര്യങ്ങളാണ് നാം പോസ്റ്റ് ചെയ്യുന്നത് എന്നത് നല്ല കാര്യം തന്നെ. മുമ്പൊക്കെ എഴുതാനും അച്ചടിക്കാനും പ്രാപ്തിയുള്ളവര്‍ക്കു മാത്രമേ വിവരങ്ങള്‍ ലോകത്തെ അറിയിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. തങ്ങള്‍ക്കു ലഭിക്കുന്ന ആശയങ്ങളും ചിന്തകളും എല്ലാം ലോകത്തെ അറിയിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞിരുന്നില്ല. ഭാഗ്യവാന്മാരായ ചുരുക്കം ചിലര്‍ക്കു മാത്രമേ അതിനു കഴിഞ്ഞിരുന്നുള്ളു. കാരണം എഴുതി അയയ്ക്കുന്ന പലതും പത്രാധിപന്മാര്‍ മടക്കുകയായിരുന്നു പതിവ്. ക്രിസ്തീയ പത്രങ്ങള്‍ക്ക് ആ പതിവും ഇല്ലായിരുന്നു, അതിനാല്‍ വിലപ്പെട്ട പല ആശയങ്ങളും ചവറ്റുകുട്ടയില്‍ അകാലചരമമടഞ്ഞു.
ഇന്നു സ്ഥിതി മാറിയിരിക്കുന്നു. ബ്ലോഗിലൂടെയും വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമെല്ലാം നമ്മുടെ വിലപ്പെട്ട ആശയങ്ങള്‍ ലോകമറിയുന്നു. ഷെയറിംഗും ലൈക്കും വര്‍ദ്ധിക്കുന്നതനുസരിച്ച് നമ്മിലെ എഴുത്തുകാരന്‍ നിര്‍വൃതിയടയുന്നു.
പെന്തക്കോസ്തുകാര്‍ എന്നും ട്രെന്റുകള്‍ക്കു പിന്നാലെയാണ്. ഉണര്‍വ്വും രോഗശാന്തിയും കൂട്ടമാനസാന്തരവും എല്ലാം നമുക്ക് ട്രെന്റുകളാണ്. ഒരു കാലഘട്ടത്തിലേക്ക് നമ്മെ ആവേശഭരിതരാക്കി വിസ്മൃതിയില്‍ മറയുന്ന വൈകാരികാനുഭവങ്ങള്‍. അവ വീണ്ടും വരുന്നതിനോട് നമുക്കു യോജിപ്പില്ല. പുതിയതെന്തെങ്കിലും കിട്ടിയാലേ നമുക്കു തൃപ്തിവരൂ. അതിനാല്‍ അവയെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ നമുക്കു താല്പര്യമില്ല.
ഇപ്പോഴത്തെ ചൂടേറിയ വാര്‍ത്ത കര്‍ത്താവിന്റെ മടങ്ങി വരവാണ്. കര്‍ത്താവിന്റെ വരവ് എന്നത് ഒര നവീന ആശയമല്ല, പക്ഷേ അതും ഒരി ട്രെന്റായി മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയാ ശരിക്കും ആഘോഷിച്ചു. പത്രങ്ങളും വെറുതെയിരുന്നില്ല. പക്ഷേ രണ്ടു മാസം പോലും അതു തുടര്‍ന്നില്ല. മൊബൈലേ# ഓണാക്കുമ്പോള്‍ തെളിഞ്ഞുവന്ന “ഇതാ കര്‍ത്താവു വരുന്നു” എന്ന മുന്നറിയിപ്പ് ഡിലീറ്റ് ചെയ്യപ്പെട്ടു. പോസ്റ്റിട്ടവര്‍ക്ക് കുറെ ഷെയറും ലൈക്കും കിട്ടിയതോടെ തൃപ്തിയായി. ഇനി വന്നാലെന്താ, വന്നില്ലെങ്കിലെന്താ?
കര്‍ത്താവിന്റെ വരവ് എന്നത് വേദപുസ്തകം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വെളിപ്പെടുത്തിയിരിക്കുന്ന യാഥാര്‍ത്ഥ്യമാണ്. അതു സംഭവിക്കുകതന്നെ ചെയ്യും. ദൈവപൈതലിന്റെ പ്രത്യാശയാണത്. കര്‍ത്താവിന്റെ വാഗ്ദത്തമാണത്. പക്ഷേ അതിനു മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നു ചിന്തിക്കേണ്ടതുണ്ട്.
ചുവന്ന പശുവും ചുവന്ന ചന്ദ്രനും
യിസ്രായേല്‍ ചുവന്ന പശുക്കളെ വന്‍തോതില്‍ ഉല്പാദിപ്പിക്കുന്നുവെന്നും മൂന്നാം ദൈവാലയത്തില്‍ പാപയാഗം അര്‍പ്പിക്കാന്‍ വേണ്ടിയാണിതെന്നും അതിനുമുമ്പെ കര്‍ത്താവു വരുമെന്നും (വരണമെന്നും) വാര്‍ത്ത കണ്ടു. പക്ഷേ ലേഖകന്‍ സൂചിപ്പിക്കുന്നതുപോലെ സംഖ്യ. 19–ാം അധ്യായത്തില്‍ (ഗുഡ്‌ന്യൂസ് ആഗസ്റ്റ് 3) അങ്ങനെയൊരു യാഗമില്ല. ആ യാഗം യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കുന്നതുമല്ല. ശവത്താല്‍ അശുദ്ധനായ വ്യക്തിയെ ശുദ്ധീകരിക്കുന്നതിനായി ശുദ്ധീകരണജലം ഉണ്ടാക്കുന്നതിനുവേണ്ടിയാണ് ചുവന്ന പശുവിനെ ഉപയോഗിക്കുന്നത്. ചുവന്ന പശുവിനെ പാളയത്തിനു പുറത്തുവച്ച് അറുത്ത് അതിന്റെ രക്തം കുറെ സമാഗമന കൂടാരത്തിന്റെ മുന്‍ഭാഗത്തിനുനേരെ ഏഴു പ്രാവശ്യം തളിക്കുകയും പശുവിന്റെ ഉടല്‍ മുഴുവനായി ചുട്ട് ഭസ്മമെടുത്ത് സൂക്ഷിക്കുകയും വേണം. ആ ഭസ്മം കലക്കിയാണ് ശുദ്ധീകരണ ജലം ഉണ്ടാക്കുന്നത്. ഇക്കാര്യം മനസ്സിലാക്കാതെയാകാം എഴുത്തുകാരന്‍ ഇക്കാര്യം രേഖപ്പെടുത്തുന്നത്. ജൂലൈ 16–ലെ ദി ജെറൂശലേം പോസ്റ്റ് ശുദ്ധീകരണജലത്തിനുവേണ്ടിയുള്ള പശുക്കിടാവിനെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. യഹൂദ ആക്ടിവിസ്റ്റുകളായ ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതിനു മുന്‍കൈ എടുക്കുന്നത്.
സെപ്റ്റംബര്‍ 28 ന് ചുവന്ന ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതിനുമുമ്പ് അതിനെ യോവേല്‍ 2:31 മായി ചിലര്‍ വ്യാഖ്യാനിക്കുകയുണ്ടായി: “യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസം വരുംമുമ്പെ സൂര്യന്‍ ഇരുളായും ചന്ദ്രന്‍ രക്തമായും മാറിപ്പോകും.” ഇതിനു മുമ്പും ഈ പ്രതിഭാസം സംഭവിച്ചിട്ടുണ്ട് എന്നോര്‍ക്കുക.
അത്തിയും യെഹൂദനും
“അത്തി യെഹൂദനെ കുറിക്കുന്നു” എന്ന് പണ്ടു മുതലേ നാം പഠിപ്പിക്കുന്നു. യെഹൂദന്‍ എന്ന ചുഴിക്കുറ്റിയില്‍ കറങ്ങുന്നവരാണ് പെന്തക്കോസ്തുകാര്‍. യെഹൂദനെ വിട്ട് ഒരു പരിപാടി നമുക്കില്ല. “അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍; അതിന്റെ കൊമ്പ് ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങള്‍ ഇത് ഒക്കെയും കാണുമ്പോള്‍ അവന്‍ അടുക്കെ വാതില്ക്കല്‍ തന്നേ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊള്‍വിന്‍” (മത്താ. 24:32, 33) എന്നാണ് കര്‍ത്താവു പറഞ്ഞത്. അത്തി യെഹൂദനാണെന്നും യെഹൂദന്‍ തളിര്‍ക്കുമ്പോള്‍ താന്‍ വരുമെന്നും കര്‍ത്താവു പറഞ്ഞില്ല. വേനല്ക്കാലത്തിനു തൊട്ടു മുമ്പ് തളിര്‍ക്കുന്ന വൃക്ഷമാണ് അത്തി. അത്തി തളിര്‍ത്തു തുടങ്ങുമ്പോള്‍ വേനല്ക്കാലം ആഗതമായി എന്ന് കൃഷിക്കാര്‍ മനസ്സിലാക്കുന്നു. അതുപോലെ മുകളില്‍ വാക്യം 4 മുതല്‍ സംഭവിക്കുന്ന കാര്യങ്ങള്‍ സംഭവിച്ചു തുടങ്ങുമ്പോള്‍ കര്‍ത്താവ് വാതില്ക്കല്‍ തന്നെ ആയിരിക്കുന്നു എന്നു മനസ്സിലാക്കുക. അതിന് യെഹൂദന്റെ രാജ്യസ്ഥാപനവുമായോ രാഷ്ട്രീയവുമായോ ഒരു ബന്ധവുമില്ല. യേശുക്രിസ്തുവിലൂടെയുള്ള ദൈവിക പദ്ധതി അംഗീകരിക്കാത്ത ഒരു യെഹൂദ റബ്ബി ആലയം പണിക്ക് ആഹ്വാനം ചെയ്താല്‍ പിന്നെ കര്‍ത്താവിനു താമസിക്കാനാവില്ല എന്നു കരുതാമോ? അദ്ദേഹം പറയുന്ന മശിഹാ നമ്മുടെ കര്‍ത്താവല്ല, അവര്‍ പ്രതീക്ഷിക്കുന്ന മറ്റൊരു മശിഹായാണ്. കര്‍ത്താവിന്റെ വരവിനെ ബദ്ധപ്പെടുത്തേണ്ടത് സഭയാണ്. “കര്‍ത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുംമുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴിയുകയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകുകയും ചെയ്യും. ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കുകയാല്‍ ആകാശം ചുട്ടഴിയുവാനും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയും കൊണ്ടു നിങ്ങള്‍ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവര്‍ ആയിരിക്കണം” (2 പത്രൊസ് 3:10–12). ദൈവജനമാണ് അവന്റെ വരവിനെ വേഗത്തിലാക്കേണ്ടത്, സഭയ്ക്കുവേണ്ടിയാണ് കര്‍ത്താവ് വരുന്നതും. യെഹൂദനെ ചുറ്റിപ്പറ്റിയല്ല സഭയുടെ ഭാവി, മറിച്ച് സഭയെ ചുറ്റിപ്പറ്റിയാണ് യെഹൂദന്റെ ഭാവി. ലോകത്തിന്റെ ഘടികാരം യെഹൂദനല്ല, സഭയാണ്.
കര്‍ത്താവിന്റെ വരവും അടയാളങ്ങളും
ഇപ്പറഞ്ഞതിനര്‍ത്ഥം കര്‍ത്താവ് വരികയില്ലെന്നോ വരവ് ഉടനെ സംഭവിക്കുകയില്ലെന്നോ അല്ല. നവമാധ്യമങ്ങള്‍ക്ക് കുറെക്കാലത്തേക്ക് ആഘോഷിക്കാനുള്ളതല്ല കര്‍ത്താവിന്റെ വരവ്. ഏതാണ്ട് മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു ആഘോഷത്തിമിര്‍പ്പ് ഉണ്ടായി. “ഇതാ ഞാന്‍ വേഗം വരുന്നു” എന്ന ഒരു എഴുത്ത് റഷ്യന്‍ പടയാളികള്‍ ആകാശത്തില്‍ കണ്ടതായി ചിലര്‍ പ്രസംഗിച്ച് ജനത്തെ ഇളക്കി. മറ്റു ചിലര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വിളിച്ചു പറഞ്ഞ ശബ്ദം കേട്ടുവത്രേ. പിന്നെ ചിലരെ നേരിട്ടു ദൈവം സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോയി ഇക്കാര്യം പറഞ്ഞത്രേ. ഒക്കെ ശരിയായിരിക്കാം. “ഇതാ ഞാന്‍ വേഗം വരുന്നു” എന്ന് കര്‍ത്താവു തിരുവചനത്തില്‍ പറഞ്ഞതിനെക്കാള്‍ പ്രാധാന്യമുണ്ടോ ഈ മനുഷ്യവചനങ്ങള്‍ക്ക്? ദൈവം എന്തുപറഞ്ഞാലും മനുഷ്യന്റെ കൈയൊപ്പുകൂടി ഉണ്ടെങ്കിലേ നാം വിശ്വസിക്കുകയുള്ളു എന്നു വന്നാല്‍…!
കര്‍ത്താവു പറഞ്ഞ ലക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്ന അന്ത്യകാലം എന്നാണ്? ശിഷ്യന്മാരോടാണ് മത്തായി 24 ലെ സംഭവങ്ങളെക്കുറിച്ചു കര്‍ത്താവു പറഞ്ഞത്. “ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകുകയില്ല എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു” (24:34) എന്ന് അവരോടു പറഞ്ഞു. “നാം എല്ലാവരും നിദ്രകൊള്ളുകയില്ല” (1 കൊരി. 15:52) എന്നു പൗലൊസ് കൊരിന്ത്യവിശ്വാസികളോടു പറഞ്ഞു. “കുഞ്ഞുങ്ങളേ ഇത് അന്ത്യനാഴിക ആകുന്നു” (1 യോഹ. 2:18) എന്ന് യോഹന്നാന്‍ പറഞ്ഞു. എന്താണിതിനര്‍ത്ഥം? അന്ത്യകാലത്താണ് തങ്ങള്‍ ജീവിക്കുന്നതെന്ന ബോധ്യം ഒന്നാം നൂറ്റാണ്ടില്‍ തന്നെ ദൈവജനത്തെ ഭരിച്ചിരുന്നു എന്നാണിതിനര്‍ത്ഥം. ഒരു വിശ്വാസി “ഇന്ന്” കര്‍ത്താവു വരും എന്ന ബോധ്യത്തില്‍ വേണം ജീവിക്കാന്‍ എന്നു സാരം.
അതുകൊണ്ട് കര്‍ത്താവിന്റെ വരവിനെക്കുറിച്ച് പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും വേണ്ട എന്നാണോ? ഒരിക്കലുമല്ല. പെട്ടെന്നുണ്ടായി കെട്ടടങ്ങുന്ന “വരവിന്റെ പ്രത്യാശ”യോടാണ് വിയോജിപ്പ്. എന്തെങ്കിലും സംഭവങ്ങള്‍ കാണുമ്പോള്‍ മാത്രം വരവിനെക്കുറിച്ചു പ്രസംഗിക്കുന്നവര്‍ മറന്നുപോകുന്ന ഒരു കാര്യം തന്റെ വരവിന്റെ ആസന്നതയെക്കുറിച്ച് ഒന്നാം നൂറ്റാണ്ടില്‍ തന്നെ നമ്മുടെ കര്‍ത്താവ് പറഞ്ഞിട്ടുണ്ട് എന്നതാണ് (വെളി. 1:7; 21:12, 20). ഓരോ ദിവസവും നാം ആ വരവിനോട് അടുത്തുകൊണ്ടിരിക്കുകയാണ്. എന്നും പ്രസംഗിക്കാന്‍ തിരുവെഴുത്ത് നമുക്ക് പ്രേരണ തരുന്നുണ്ട്. ഇപ്പറഞ്ഞ ലക്ഷണങ്ങള്‍ ഒന്നും കണ്ടില്ലെങ്കിലും കര്‍ത്താവിന്റെ വാഗ്ദത്തം പോരേ നമുക്കു വിശ്വസിക്കാനും പ്രസംഗിക്കാനും.
മറ്റൊന്നുകൂടി, ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി തീയതി പറയുകയും മറ്റുള്ളവരെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നവര്‍ പോലും അതു വിശ്വസിക്കുന്നുണ്ടെന്നു തോന്നുന്നില്ല. വിശ്വസിച്ചിരുന്നെങ്കില്‍ അവര്‍ തങ്ങളുടെ ജീവിത രീതി മാറ്റുകയും സ്വരുക്കൂട്ടിവെച്ചിരിക്കുന്ന വമ്പിച്ച സ്വത്തുക്കള്‍ ദൈവരാജ്യവിസ്തൃതിക്കായി ചെലവാക്കുകയും ചെയ്യുമായിരുന്നു. പത്രമാസികകള്‍ വായിക്കാത്തവരും ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പും ഉപയോഗിക്കാത്തവരുമായ ലക്ഷക്കണക്കിനു ദൈവമക്കള്‍ കര്‍ത്താവിന്റെ വരവിനായി കാത്തിരിക്കുന്നുണ്ട്. കാഹളത്തിന്റെ ശബ്ദം മാത്രമേ അവര്‍ പ്രതീക്ഷിക്കുന്നുള്ളു.
രക്ഷിക്കപ്പെട്ട ദൈവമക്കളുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് രക്ഷകനായ യേശുക്രിസ്തുവിന്റെ മടങ്ങിവരവ്. അത് അവരും രക്ഷകനും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമാണ്. ആ വരവിനുവേണ്ടിയാണ് അവര്‍ കാത്തിരിക്കുന്നത്. ഇന്നല്ലെങ്കില്‍ നാളെ ആ കാഹളശബ്ദം അവര്‍ കേള്‍ക്കും. ലക്ഷണങ്ങള്‍ നോക്കി കാത്തിരിക്കേണ്ട ഒന്നല്ല ആ സമാഗമം.
ടെന്റുകള്‍ താല്ക്കാലിക വാസത്തിനുള്ളതാണ്, ട്രെന്റുകളും അങ്ങനെതന്നെ.
Go Back