അലച്ചിലുകളുടെ കണക്കും ദൈവത്തിന്റെ പക്കലുണ്ട്

റമസേസില്‍ നിന്ന് യെരുശലേമിലേക്കുള്ള ദൂരം ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് 738 കി.മീ. ഒരു സംഘം ആളുകള്‍ ദിവസം 6 മണിക്കൂര്‍ വീതം നടന്നാല്‍ 3 ആഴ്ചകൊണ്ട് അഥവാ 21 ദിവസം കൊണ്ട് ഇത്രയും ദൂരം താണ്ടാന്‍ കഴിയും. എന്നിട്ടും യിസ്രായേല്‍ ജനം ആ യാത്രയ്ക്കു 14,400 ദിവസം എടുത്തു. അധികമായി എടുത്തത് 14,379 ദിവസം. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍, അത്രയും ദിവസങ്ങള്‍ തെക്കു വടക്കു നടന്നു നഷ്ടപ്പെടുത്തി.

അബ്രഹാം 75-ാം വയസ്സില്‍ തുടങ്ങി, അടുത്ത നൂറു വര്‍ഷം ദേശത്തു ‘നെടുകെയും കുറുകെയും’ (ഉല്പത്തി 13:17) സഞ്ചരിച്ചു. അവന്‍ നടന്നുതീര്‍ത്ത ദൂരത്തിനു കണക്കില്ല. ഒരേ സ്ഥലത്തു തന്നെ പലവട്ടം തിരിച്ചുവന്നു പാര്‍ത്തു - അലച്ചിലുകളുടെ ഒരു ആയുസ്സ്.

ദാവീദ് 13 വര്‍ഷത്തോളം അലഞ്ഞുനടന്നു. ഫെലിസ്ത്യദേശത്തും മോവാബിലും പിന്നെ വര്‍ഷങ്ങളോളം യെഹൂദാ മരുഭൂമിയിലും. ആ ദൂരം അവനും അളന്നതായി കാണുന്നില്ല.

നാമാരും അലച്ചിലുകളുടെ കണക്ക് എടുക്കാറില്ല. അവയൊക്കെ നമ്മുടെ കണക്കില്‍ നഷ്ടക്കണക്കുകളാണ്. ‘വാഗ്ദത്ത നാട്ടില്‍’ എത്തിക്കഴിഞ്ഞുള്ള കണക്കുകള്‍ മാത്രമേ നാം സൂക്ഷിക്കാറുള്ളു. ജീവിതത്തില്‍ സെറ്റിലാകുന്നതുവരെയുള്ള നീണ്ട യാത്രകള്‍ ഓര്‍ക്കാന്‍ കൂടി നമുക്കിഷ്ടമല്ല.

പക്ഷേ ദൈവം അങ്ങനെയല്ല. മിസ്രയീമില്‍ നിന്നും പലസ്തീനിലേക്കുള്ള നേര്‍യാത്രാദൂരമല്ല ദൈവം അളക്കുന്നത്, ദൂരത്തെ അതിനെടുത്ത 40 വര്‍ഷംകൊണ്ട് ഗുണിച്ചാണ് ദൈവം അളക്കുന്നത്. അഥവാ ദൈവത്തിന്റെ കണക്കുപുസ്തകത്തില്‍ 21 ദിവസമല്ല യാത്രാസമയം, മറിച്ച് 14,400 ദിവസമാണ്. യാത്ര നീണ്ടതിനു കാരണങ്ങള്‍ പലതും നിരത്താനുണ്ടെങ്കിലും ആ നീണ്ട കാലയളവത്രയും ദൈവം പ്രയോജനപ്പെടുത്തി, അവരെ ശിക്ഷണത്തിലൂടെ നടത്തി, അടിമകളുടെ ഒരു കൂട്ടം ആയിരുന്ന അവരെ സര്‍വ്വസജ്ജമായ ഒരു സൈന്യവും സമാനതകളില്ലാത്ത ഒരു ഭരണഘടനയും അനിഷേധ്യനായ ഒരു നേതാവുമുള്ള ഒരു രാഷ്ട്രമാക്കി പുനര്‍ സൃഷ്ടിച്ചു.

ദാവീദു തന്നെ തന്റെ അലച്ചിലുകളെക്കുറിച്ചു പറയുന്നതു ശ്രദ്ധിക്കുക: “നീ എന്റെ ഉഴല്‍ച്ചകളെ എണ്ണുന്നു; എന്റെ കണ്ണുനീര്‍ നിന്റെ തുരുത്തിയില്‍ ആക്കിവയ്ക്കണമേ; അതു നിന്റെ പുസ്തകത്തില്‍ ഇല്ലയോ?” (സങ്കീര്‍ത്തനം 56:8). ഉഴല്‍ച്ചകള്‍ എന്ന വാക്കിന്റെ അര്‍ത്ഥം അലച്ചിലുകള്‍ എന്നാണ്. ലക്ഷ്യമില്ലാതെയുള്ള നടപ്പ് എന്നാണ് അലച്ചിന്റെ അര്‍ത്ഥം. വീടുവിട്ട് കാട്ടിലൂടെ ഓടി അലഞ്ഞ ദാവീദ് വൈകുന്നേരങ്ങളില്‍, “ഇന്ന് എത്ര കിലോമീറ്റര്‍ അലഞ്ഞു?” എന്നു കണക്കെടുക്കാറില്ല. ഞാനും നിങ്ങളും അതു ചെയ്യാറില്ല. പക്ഷേ ദൈവം അതിന്റെ കണക്കെടുക്കുന്നു.

പാഴായിപ്പോയി എന്നു ഞാനും നിങ്ങളും എഴുതിത്തള്ളുന്ന അലച്ചിലുകളും അധ്വാനങ്ങളും ദൈവം എണ്ണുന്നു, അഥവാ അധ്വാനമായി വരവു വെയ്ക്കുന്നു എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദൈവം കണക്കുപുസ്തകത്തില്‍ വരവു വയ്ക്കുന്നത് എന്തിനാണെന്നറിയാമോ? പ്രതിഫലം തരാനല്ലെങ്കില്‍ പിന്നെ എന്തിനാണ്? ഒരുപക്ഷേ നിഷ്‌ക്രിയരായി നാം ഇരിക്കുന്ന ഈ സമയംപോലും ദൈവത്തിന്റെ കണക്കുപുസ്തകത്തില്‍ അധ്വാന സമയമായി അവന്‍ കുറിക്കുന്നുണ്ട്. ദൈവത്തെ സ്‌നേഹിക്കുന്നവരും ദൈവം സ്‌നേഹിക്കുന്നവരുമായ അവന്റെ ജനത്തിന്റെ ആയുസ്സില്‍, വെറും മിനക്കേട് എന്നു നാം കുരുതുന്ന അലച്ചിലുകള്‍ പോലും ദൈവത്തിനു വിലപ്പെട്ടതാണ് എന്നറിയുന്നത് എത്ര ആശ്വാസകരമാണ്.

You might also like…

Go Back