Dark

Light

Dark

Light

Scroll to top
Get In Touch
Gilgal Creations
Post Box 27.
Kuttapuzha P O, Thiruvalla
Kerala, India - 689 103
Work Inquiries
[email protected]
Ph: +91 94952 38069

ഡേവിഡ് ലിവിങ്സ്റ്റണ്‍

ഡേവിഡ് ലിവിങ്സ്റ്റണ്‍

Table of Contents

Facebook
Twitter
LinkedIn
Email
Pocket
WhatsApp
Telegram

മയ്‌ബോട്‌സായില്‍ വെച്ചാണ് ലിവിങ്സ്റ്റന്റെ സുപ്രസിദ്ധമായ സിംഹവുമായുള്ള ഏറ്റുമുട്ടല്‍ നടന്നത്. മബോട്‌സായില്‍ സിംഹങ്ങള്‍ ധാരാളമുണ്ടായിരുന്നു. അവ ഗ്രാമവാസികളുടെ ആടുകളെയും കന്നുകാലികളെയും കൊന്നുതിന്നുക പതിവായിരുന്നു. പകല്‍സമയത്തുപോലും അവ ആക്രമിക്കാറുണ്ടായിരുന്നു. വിവരമറിഞ്ഞ ലിവിങ്സ്റ്റണ്‍ ഗ്രാമവാസികളെ സഹായിക്കാന്‍ തയ്യാറായി. ഒരെണ്ണത്തിനെ കൊന്നാല്‍ മറ്റുള്ളവ താനെ ഓടിപ്പോയ്‌ക്കൊള്ളുമെന്ന് അദ്ദേഹം കണക്കുകൂട്ടി. തന്റെ തോക്കുമെടുത്ത് അദ്ദേഹം സിംഹവേട്ടയ്ക്കിറങ്ങി. കുന്തവുമെടുത്ത് ഗ്രാമവാസികളും അദ്ദേഹത്തെ പിന്തുടര്‍ന്നു. അതാ, കുറ്റുച്ചെടിയുടെ പിന്നില്‍ ഒരു കൂറ്റന്‍ സിംഹം! ഉന്നം പിടിച്ച്, അതിനുനേരെ ലിവിങ്സ്റ്റണ്‍ രണ്ടുപ്രാവശ്യം നിറയൊഴിച്ചു. അടുത്ത വെടിക്കായി തോക്കു നിറയ്ക്കുന്നതിനിടയില്‍ സിംഹം അദ്ദേഹത്തിന്റെ മേല്‍ ചാടിവീണു. ആക്രമണത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: ‘സിംഹം എന്റെ തോളില്‍ പിടിത്തമിട്ടു. ഞങ്ങള്‍ രണ്ടുപേരും നിലത്തുവീണു. ഭീകരമായി അലറിക്കൊണ്ട്, വേട്ടപ്പട്ടി എലിയെ ആക്രമിക്കുന്നതുപോലെ അതെന്നെ ആക്രമിച്ചു.’ കുന്തം ഉയര്‍ത്തി ഗ്രാമവാസികള്‍ ഓടി അടുക്കുന്നതു കണ്ടു സിംഹം രണ്ടുപേരുടെ നേരെ തിരിഞ്ഞു. ഒരാളുടെ തുടയിലും മറ്റെയാളുടെ തോളിലും അതിന്റെ പല്ലുകള്‍ ആഴ്ന്നിറങ്ങി. അപ്പോഴേക്കും ആദ്യമേറ്റ വെടിയുണ്ടയുടെ ഫലമായി സിംഹം ചത്തു വീണു. ലിവിങ്സ്റ്റന്റെ ഇടതു കയ്യുടെ തോളെല്ല് നുറുങ്ങിപ്പോയിരുന്നു. കൂടാതെ പല്ലുപതിഞ്ഞ പതിനൊന്നു പാടുകളും ആജീവനാന്തം അദ്ദേഹം വഹിക്കേണ്ടിവന്നു. പൊട്ടിയ തോളെല്ല് ശരിയായി പിടിച്ചിടാതിരുന്നതിനാല്‍ കൈ ശരിയായി ഉപയോഗിക്കാനാവാതെ ശിഷ്ടകാലം കഴിയേണ്ടിയും വന്നു ലിവിങ്സ്റ്റണ്. ൈയ്യിലെ പരിക്കു ഭേദമാകുന്നതുവരെ അദ്ദേഹം കുറുമനില്‍ മോഫറ്റിനൊപ്പം പാര്‍ത്തു. ഈ കാലയളവില്‍ മിഷനറി മോഫറ്റിന്റെ മൂത്ത മകള്‍ മേരിയെ അദ്ദേഹം വിവാഹം ചെയ്തു.

മബോട്‌സായില്‍ പുതിയൊരു മിഷനറി വന്നപ്പോള്‍ ഡേവിഡും മേരിയും ചൊനുവാനെയില്‍ പുതിയ പ്രവര്‍ത്തനമാരംഭിക്കുകയും സ്വന്തകൈകൊണ്ട് മൂന്നാമത്തെ വീട് പണിയുകയും ചെയ്തു. ഒരു ദിവസം ഗ്രാമത്തലവന്‍ സെച്ചിലി, ഗ്രാമവാസികളെയെല്ലാം കൂട്ടി വരുത്തി ലിവിങ്സ്റ്റന്റെ പ്രസംഗം കേട്ടു. ‘ഇത് അത്ഭുതകരമായിരിക്കുന്നു’ ഗ്രാമത്തലവന്‍ പറഞ്ഞു, ‘പക്ഷേ എന്റെ മുത്തച്ഛന്മാര്‍ ജീവിച്ചിരുന്ന സമയത്തുതന്നെ താങ്കളുടെ മുത്തച്ഛന്മാരും ജീവിച്ചിരുന്നു. എന്തുകൊണ്ടാണ് അവര്‍ ദൈവസ്‌നേഹത്തെപ്പറ്റിയും രക്ഷകനായ യേശുവിനെപ്പറ്റിയും കേള്‍ക്കാതിരുന്നത്? എന്തുകൊണ്ടാണ് അവരെല്ലാം ഇരുട്ടിലേക്ക് പോയത്?’ ഗ്രാമത്തലവന്റെ വാക്കുകള്‍ ഇന്നും ക്രിസ്തീയ സഭയുടെ അനാസ്ഥക്കെതിരെയുള്ള ശാസനയായി അന്തരീക്ഷത്തില്‍ മുഴങ്ങുകയാണ്.

ആ ദേശത്തെ ഏറ്റവും നല്ല വിശ്വാസിയായി സെച്ചിലി മാറി. അദ്ദേഹത്തിന്റെ ഉത്സാഹത്താല്‍ ഗ്രാമവാസികള്‍ എല്ലാം മിഷന്‍ സ്‌കൂളില്‍ സംബന്ധിക്കാന്‍ തുടങ്ങി. എന്നാല്‍ ജല ദൗര്‍ലഭ്യം നിമിത്തം ലിവിങ്സ്റ്റണ്‍ കോലോബംഗിലേക്ക് മാറുവാന്‍ തീരുമാനിച്ചു. അതദ്ദേഹം ഗ്രാമവാസികളെ അറിയിച്ചു. അടുത്ത ദിവസം ഗ്രാമവാസികള്‍ ധൃതഗതിയില്‍ വരിവരിയായി നീങ്ങുന്നതു കണ്ട് കാര്യം തിരക്കിയ അദ്ദേഹം അത്ഭുതപ്പെട്ടുപോയി. അവരെ ചികിത്സിക്കുകയും വായിക്കാന്‍ പഠിപ്പിക്കുകയും രക്ഷകനെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്ത വെള്ളക്കാരന്‍ സ്‌നേഹിതനെ വിട്ടുപിരിയാന്‍ മനസ്സില്ലാത്തതിനാല്‍ അവരും കോലോബംഗിലേക്കു പോരികയാണത്രേ!

കോലോബംഗിന്റെ ചുറ്റുമുള്ള വനപ്രദേശം വന്യമൃഗങ്ങളുടെ വിഹാരഭൂമിയായിരുന്നു. വീടിന്റെ മുറ്റത്തുനിന്നുകൊണ്ടു തന്നെ അദ്ദേഹം കാണ്ടാമൃഗത്തെയും കാട്ടുപോത്തിനെയും വെടിവെച്ചു വീഴ്ത്തുമായിരുന്നു. അദ്ദേഹം ഗ്രാമവാസികളെ ജലസേചനവും ശരിയായ കൃഷി രീതികളും പഠിപ്പിച്ചു. എന്നാല്‍ അദ്ദേഹം ഏറ്റവുമധികം ഇഷ്ടപ്പെട്ടത് ‘ക്രിസ്തുവിലുള്ള അളവറ്റ ധനത്തെക്കുറിച്ച് പ്രസംഗിക്കുന്നതിനാണ്. കാരണം അതെന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതും നശിച്ചുപോകുന്ന നമ്മുടെ തലമുറയെ രക്ഷിക്കാനുള്ള ദൈവത്തിന്റെ മഹത്തായ പദ്ധതിയുമാണ്.’

ദീര്‍ഘവര്‍ഷങ്ങളായി മഴയില്ലാതിരുന്നതിനാല്‍ ദേശം വരണ്ടുണങ്ങുകയും നദി വറ്റിപ്പോകയും ചെയ്തിരുന്നു. വീണ്ടും യാത്ര അനിവാര്യമായി. മക്കോലോലോസിന്റെ നാട്ടിലേക്ക് പോകാന്‍ ആണ് ലിവിങ്സ്റ്റണ്‍ താല്‍പ്പര്യപ്പെട്ടത്. പ്രസിദ്ധിയാര്‍ജ്ജിച്ചതും ധാരാളം അംഗസംഖ്യയുള്ളതുമായ ഗോത്രമായിരുന്നു അത്. പക്ഷേ, കലഹാരി മരുഭൂമി കടന്നുവേണം അവിടെ എത്തുവാന്‍. വെള്ളക്കാരന് അത് അസാദ്ധ്യമാണെന്ന് സെച്ചിലി പറഞ്ഞു. എന്നാല്‍ ലിവിങ്സ്റ്റണ്‍ അതു സാധിക്കുകതന്നെ ചെയ്തു. കലഹാരി കടന്ന ലിവിങ്സ്റ്റണ്‍ 1849 ആഗസ്റ്റ് 1-ന് മനോഹരമായ നഗാമി തടാകം കണ്ടെത്തുകയം ചെയ്തു. തുടര്‍ന്ന് കുടുംബത്തെ കൊണ്ടുവരാനായി അദ്ദേഹം മടങ്ങിപ്പോയി.

കുട്ടികളെയും കൊണ്ട് മരുഭൂമി താങ്ങുന്നത് ദുഷ്‌കരമായിരുന്നു. വാഹന മൃഗങ്ങള്‍ ഗോത്രവര്‍ഗ്ഗക്കാരുടെ കെണിയില്‍ വീണു ചത്തു. നാലു ദിവസം ഒരു തുള്ളി വെള്ളം കിട്ടാതെ അവര്‍ വലഞ്ഞു. ഗത്യന്തരമില്ലാതെ അവക്ക് കോലോബംഗിലേക്ക് മടങ്ങേണ്ടി വന്നു. അവിടെവെച്ച് കുട്ടികളിലൊരാള്‍ മരണമടഞ്ഞു.

ഇനിയും കുട്ടികളുമായി മരുഭൂമി താണ്ടാനാവില്ലെന്ന് അദ്ദേഹത്തിനു മനസ്സിലായി. താന്‍ സ്‌നേഹിക്കുന്ന തന്റെ കുടുംബത്തെ കഷ്ടപ്പെടുത്താനദ്ദേഹത്തിനു മനസ്സായില്ല. അതേസമയം മദ്ധ്യ ആഫ്രിക്കയിലെ അജ്ഞാഭൂമി തന്നെ മാടിവിളിക്കുന്നതായും, അവിടേക്കു സുവിശേഷവുമായി പോകാന്‍ ദൈവം തന്നോടു കല്പിക്കുന്നതായും അദ്ദേഹം മനസ്സിലാക്കി. ഒടുവില്‍ തപിക്കുന്ന ഹൃദയത്തോടെ അദ്ദേഹം ഭാര്യയെയും രണ്ടു മക്കളെയും കൊണ്ട് കേപ്പ് ടൗണിലേക്കു യാത്രയായി. അവിടെ നിന്നും അവരെ ഇംഗ്ലണ്ടിലേക്കു യാത്രയാക്കി. ഏകനായി മടങ്ങുമ്പോള്‍, ഒന്നു രണ്ടു വര്‍ഷത്തിനകം തന്റെ യാത്രകള്‍ പൂര്‍ത്തീകരിച്ച് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി കുടുംബത്തെ കൂട്ടിക്കൊണ്ടുവരാമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. എന്നാല്‍ നീണ്ടകാലത്തേക്കുള്ള വേര്‍പിരിയലായിരുന്നു അതെന്ന് ആരും കരുതിയില്ല.

ഡേവിഡ് ലിവിങ്സ്റ്റണെ ലോകം അറിയുന്നത് സാഹസികനായ സഞ്ചാരിയും പര്യവേഷകനുമായിട്ടാണ്. എന്നാല്‍ കേലവം സാഹസിക ത്വരയോ കച്ചവടക്കാരന്റെ ദുരയോ ആയിരുന്നില്ല അദ്ദേഹത്തിന്റെ യാത്രകളുടെ ഹേതു. നാലു ലക്ഷ്യങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

  1. മിഷനറി പ്രവര്‍ത്തനത്തിന് അനുയോജ്യമായ ജല ലഭ്യതയുള്ള സ്ഥലം കണ്ടെത്തുക. മുന്‍പ് താന്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ജലക്ഷാമം നേരിട്ടതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഒരിക്കല്‍, ധാരാളം യാത്രകള്‍ നടത്തിയിട്ടുള്ള ഒരു തദ്ദേശിയന്‍ അദ്ദേഹത്തോടു പറഞ്ഞു, ‘അങ്ങുവടക്ക് ധാരാളം നദികളും വലിയ വൃക്ഷങ്ങളുമുള്ള ഒരു രാജ്യമുണ്ട്.’ അതു സത്യമാണെങ്കില്‍ ക്രിസ്തുവിനെ അറിയാത്ത ദശലക്ഷങ്ങള്‍ മദ്ധ്യആഫ്രിക്കയില്‍ പാര്‍ക്കുന്നുണ്ട് എന്നദ്ദേഹം വിശ്വസിച്ചു. അത് ആ മിഷനറിക്കു ഒരു വെല്ലുവിളിയായിരുന്നു.
  2. മദ്ധ്യ ആഫ്രിക്കയുടെ യഥാര്‍ത്ഥ അവസ്ഥ അറിയാന്‍ അദ്ദേഹം ആഗ്രഹിച്ചു. ആ സമയത്ത് ഇംഗ്ലണ്ടിലും അമേരിക്കയിലുമുള്ള ആളുകള്‍ വിശ്വസിച്ചിരുന്നത്, തെക്കു കലഹാരിയും വടക്ക് സഹാറയും ചേര്‍ന്ന് മെഡിറ്ററേനിയന്‍ വരെ പരന്നുകിടക്കുന്ന ഒരു വലിയ മരുഭൂമിയാണ് ആഫ്രിക്ക എന്നായിരുന്നു. എന്നാല്‍ മദ്ധ്യആഫ്രിക്ക നദികളാല്‍ സമ്പന്നവും ഫലഭൂയിഷ്ഠവും ജനന നിബിഡവുമായ പ്രദേശമാണെന്ന് ലോകത്തെ അറിയിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. മാത്രമല്ല, നൈല്‍, കോംഗോ, സാംബസി എന്നീ വലിയ നദികള്‍ മൂന്നു സമുദ്രങ്ങളിലാണ് പതിക്കുന്നത് എന്നദ്ദേഹം മനസ്സിലാക്കി. അവയുടെ ഉറവിടം കണ്ടെത്തുക വഴി ആ പ്രദേശത്തെ സാംസ്‌കാരിക ലോകത്തിനു തുറന്നു കൊടുക്കാമെന്നദ്ദേഹം കരുതി.
  3. ജല ലഭ്യതയുള്ള ഒരു പാതകണ്ടെത്തി, കിഴക്കും പടിഞ്ഞാറും രാജ്യങ്ങളുമായി ആശയവിനിമയത്തിനും വ്യാപാരബന്ധത്തിനും സാധ്യത ഒരുക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചു.
  4. അടിമക്കച്ചവടത്തിന്റെ ഭീകരത തുറന്നു കാട്ടുവാനും അങ്ങനെ ‘ലോകത്തിന്റെ പഴുത്ത വ്രണ’ത്തെ സൗഖ്യമാക്കാനും അദ്ദേഹം താല്പര്യപ്പെട്ടു.

ഈ ലക്ഷ്യങ്ങളോടെ അദ്ദേഹം തന്റെ സാഹസിക യാത്രയാരംഭിച്ചു. ‘ഒന്നുകില്‍ ഞാന്‍ ഉള്‍ നാട്ടിലേക്ക് ഒരു പാത തുറക്കും; ഇല്ലെങ്കില്‍ ആ ശ്രമത്തില്‍ മരിക്കും.’

മാക്കോലോലോക്കാരുടെ തലവനായ സെക്കെലേട്ടുവിന് യാത്ര ദുരിതപൂര്‍ണ്ണവും ദീര്‍ഘവുമായിരിക്കും എന്നറിയാമായിരുന്നുവെങ്കിലും അവരുടെ പ്രിയ ‘ന്യാക്ക’ (ഡോക്ടര്‍) യെ സഹായിക്കാന്‍ തന്റെ ഏറ്റവും നല്ല അനുയായികളില്‍ 27 പേരെ അയച്ചു. സഹായികള്‍ക്ക് പ്രതിഫലം കൊടുക്കാ ന്‍ അദ്ദേഹത്തിന്റെ പക്കല്‍ പണമില്ലെന്നറിഞ്ഞിട്ടും അവര്‍ ഈ ദുര്‍ഘടമായ യാത്രക്ക് ഒരുങ്ങിയത് അദ്ദേഹത്തോടുള്ള സ്‌നേ ഹം കൊണ്ടുമാത്രമായിരുന്നു. അദ്ദേഹം യാത്രയില്‍ കൂടെ കൊണ്ടുപോയത് കുറച്ചു വസ്ത്രങ്ങളും, ഒരു മരുന്നുപെട്ടിയും, തന്റെ ബൈബിളും ഒരു റാന്തലും, ഒരു ചെറിയ കൂടാരവും ദിക്കറിയാനുള്ള ചില ഉപകരണങ്ങളും മാത്രമായിരുന്നു.

യാത്രയില്‍ വളരെ പ്രതിസന്ധികള്‍ ലിവിങ്സ്റ്റണ് നേരിടേണ്ടിവന്നു. ആറു മാസംകൊണ്ട് വഞ്ചിയിലും കാളപ്പുറത്തും നടന്നുമായി അവര്‍ 1500 മൈല്‍ യാത്ര ചെയ്തു. ഒരു വെള്ളക്കാരനും ഇതുവരെ കടന്നുചെന്നിട്ടില്ലാത്ത ഇരുണ്ട വന്‍കാടുകളും നിറഞ്ഞൊഴുകുന്ന വന്‍ നദികളും താണ്ടി ലിവിങ്സ്റ്റണും സഹായികളും പശ്ചിമതീരത്തുള്ള ലുവാണ്ടയിലെത്തി. മുപ്പത്തിയൊന്നു തവണ കഠിന ജ്വരം അദ്ദേഹത്തെ ബാധിച്ചു. ഭീകരകൊതുകുകളുടെ ആക്രമണവും സഹിച്ചു. ലുവാണ്ടയിലെത്തിയപ്പോള്‍ അസ്ഥിപഞ്ജം മാത്രമായി അദ്ദേഹം മാറിയിരുന്നു. എന്നിട്ടും അദ്ദേഹം പറഞ്ഞത്, ‘അടിമ വ്യാപാരിയെ ഇവിടെ എത്തിക്കാന്‍ അടിമ വ്യാപാരത്തിനു കഴിയുമെങ്കില്‍, മിഷനറിയെ എത്തിക്കാന്‍ ക്രിസ്തുവിന്റെ സ്‌നേഹത്തിനു കഴികയില്ലേ’? വല്ലപ്പോഴും മിഷനറി വേല ചെയ്യുകയും അല്ലാത്തപ്പോള്‍ മറ്റൊരാള്‍ ആയിരിക്കുകയും ചെയ്യുന്നവനല്ലായിരുന്നു ലിവിങ്സ്റ്റണ്‍. തനിക്കു ലഭിക്കുന്ന സാഹചര്യങ്ങളിലെല്ലാം ഏതു മാര്‍ഗ്ഗവും ഉപയോഗിച്ചും സുവിശേഷം അറിയിക്കാന്‍ അദ്ദേഹം ശ്രമിച്ചു- രോഗീപരിചരണത്തിലൂടെ, അദ്ധ്യാപനത്തിലൂടെ, പര്യവേഷണത്തിലൂടെ. ‘ഭൂമിശാസ്ത്രപരമായ സാഹസികത തീരുന്നിടത്ത് മിഷനറി പ്രവര്‍ത്തനം ആരംഭിക്കുന്നു.’ -അദ്ദേഹം പറഞ്ഞു. കര്‍ത്താവിനു മഹത്വം കൊടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പരമമായ ലക്ഷ്യം. ‘ഞാന്‍ ഹൃദയത്തിലും ആത്മാവിലും ഒരു മിഷനറിയാണ്’ അദ്ദേഹം പറഞ്ഞു. ‘ദൈവത്തിന് ഒരു പുത്രനേ ഉണ്ടായിരുന്നുള്ളൂ, അവന്‍ ഒരു മിഷനറി ആയിരുന്നു. ഞാന്‍ ഒരു പാവം അനുകാരിയാണ്. എന്നാല്‍ ആ സേവനത്തില്‍ ജീവിക്കുവാനും അതില്‍ തന്നെ മരിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു.’

ലുവാണ്ടയില്‍ വെച്ച് ലിവിങ്സ്റ്റണ്‍ ഒരു ബ്രിട്ടീഷ് കപ്പല്‍ കണ്ടു. കപ്പിത്താന്‍ പറഞ്ഞു, ‘ഈ പതിനാലു വര്‍ഷത്തെ യാത്ര നിങ്ങളെ തളര്‍ത്തിയിരിക്കുന്നു, രോഗിയാക്കിയിരിക്കുന്നു. ഞങ്ങളോടൊപ്പം ഇംഗ്ലണ്ടില്‍ വന്നു വിശ്രമിക്കുക. നിങ്ങളുടെ കുടുംബത്തെ കാണുക.’ ക്ഷണം വളരെ ഹൃദ്യമായി തോന്നിയെങ്കിലും തന്നെ സ്‌നേഹിച്ച് ഇറങ്ങിത്തിരിച്ച സഹായികളെ ഉപേക്ഷിക്കാന്‍ അദ്ദേഹത്തിനു മനസ്സു വന്നില്ല. താന്‍ കൂടെയില്ലെങ്കില്‍ അവരെ അടിമകളാക്കി വില്‍ക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ആ കപ്പല്‍ ഒരിക്കലും ഇംഗ്ലണ്ടിലെത്തുകയോ പിന്നീട് അതിനെ ക്കുറിച്ചു കേള്‍ക്കുകയോ ചെയ്തില്ല.

ലൊവാണ്ടായില്‍ നിന്നും അദ്ദേഹം കുറച്ച് ഭംഗിയുള്ള വസ്ത്രങ്ങളും കൂട്ടാളികള്‍ക്ക് സമ്മാനങ്ങളും വാങ്ങി. കുറച്ചു ദിവസത്തെ വിശ്രമത്തിനുശേഷം അവര്‍ വീണ്ടും ഉള്‍നാടുകളിലേക്കു യാത്രയായി. മുതല, ഹിപ്പൊപ്പൊട്ടാമസ് തുടങ്ങിയ വന്യമൃഗങ്ങളുടെയും ശത്രുക്കളായ ഗോത്രവര്‍ഗ്ഗക്കാരുടെയും ആക്രമണത്തെ നേരിട്ടായിരുന്നു യാത്ര. വാതപ്പനി പിടിപെട്ട് ലിവിങ്സ്റ്റണ് ഏകദേശം കേഴ്‌വി ശക്തിവരെ നഷ്ടപ്പെട്ടു. വനത്തില്‍ വെച്ച് കണ്ണില്‍ കമ്പ് തറച്ച് അദ്ദേഹത്തിന്റെ കാഴ്ച ശക്തി യും നഷ്ടപ്പെടുന്ന നിലയിലെത്തി. എന്നിട്ടും മക്കോലോലുകളുടെ കേന്ദ്രമായ ലിന്യാന്റിയില്‍ അവരെത്തി. സഹയാത്രികരിലൊരാള്‍ കൂട്ടുകാരോടു പറഞ്ഞത് കേട്ട് അദ്ദേഹം ചിരിച്ചു: ‘ഞങ്ങള്‍ ദൂരെ ദൂരെ സഞ്ചരിച്ച് മുഴുലോകവും താണ്ടി.’ വിശാലമായ നീലസമുദ്രം കണ്ടു സന്തോഷത്തില്‍ മറ്റൊരാള്‍ പറഞ്ഞത്, ‘ഭൂമിക്ക് അവസാനമില്ലെന്ന് പൂര്‍വ്വികന്മാര്‍ പറഞ്ഞതും വിശ്വസിച്ച് ഞങ്ങള്‍ മുന്നേറി ക്കൊണ്ടിരുന്നു; എന്നാല്‍ പെട്ടെന്ന് ഭൂമി പറഞ്ഞു, ‘ഞാന്‍ തീര്‍ന്നു! ഇനി അങ്ങോട്ടു ഞാനില്ല.’

ലിവിങ്സ്റ്റണെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സെക്കെലേട്ടു അഭിമാനിച്ചു. സാംബസി നദിയുടെ കരപറ്റി കിഴക്കന്‍ തീരത്തേക്ക് ലിവിങ്സ്റ്റണ്‍ യാത്രതിരിച്ചപ്പോള്‍ തന്റെ ആളുകളില്‍ 120 പേരെ സെക്കെലേട്ടു സഹായത്തിനയച്ചു. ഒരു ദിവസം വളരെ ദൂരെ അഞ്ചു നിരകളിലായി നീരാവി ഉയരുന്നതും വലിയ മുഴക്കവും അദ്ദേഹം കേട്ടു ‘ശബ്ദിക്കുന്ന പുക’ യാണതെന്ന് മാക്കോലോലോ കള്‍ പറഞ്ഞു. നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ ഇരട്ടി വലിപ്പമുള്ള ഈ ‘ശബ്ദിക്കുന്ന പുക’ കണ്ട ആദ്യത്തെ വെള്ളക്കാരനായിരുന്നു ലിവിങ്സ്റ്റണ്‍. അദ്ദേഹമ തിന് ‘വിക്‌ടോറിയ വെള്ളച്ചാട്ട’മെന്ന് പേരിട്ടു. മറ്റൊരിക്കല്‍ ഒരു സംഘം കാട്ടുപോത്തുകള്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ വന്നു. 20 അടി ഉയരമുള്ള ഒരു ചിതല്‍പ്പുറ്റില്‍ കയറിയാണ് അദ്ദേഹം രക്ഷപ്പെട്ടത്. ദിവസവും ഒന്നിലധികം തോടുകളും ചതുപ്പുനിലങ്ങളും തരണം ചെയ്യേണ്ടി വന്നിരുന്നു. പക്ഷി മുട്ടയും കാട്ടുകിഴങ്ങുകളും കൊണ്ടു വിശപ്പടക്കേണ്ടി വന്നു. ഇതും കിട്ടാതെ വരുമ്പോള്‍ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വരുമായിരുന്നു. തീരത്തെത്തിയ അദ്ദേഹം തന്റെ ആളുകള്‍ക്ക് ജോലി കണ്ടെത്തി കൊടുത്ത ശേഷം ഇംഗ്ലണ്ടിലേക്ക് യാത്രയായി. അഞ്ചു വര്‍ഷത്തിനുശേഷം അദ്ദേഹം തന്റെ കുടുംബവുമായി ഒത്തുചേര്‍ന്നു. വീട്ടില്‍വെച്ച് അദ്ദേഹം തന്റെ ആദ്യത്തെ ഗ്രന്ഥം ‘മിഷനറി യാത്രകള്‍’ രചിച്ചു. മാസങ്ങള്‍ കുടുംബത്തോടൊപ്പം ചിലവഴിച്ചശേഷം അദ്ദേഹം ഭാര്യയും ഇളയ മകനുമായി ആഫ്രിക്കയിലേക്കു മടങ്ങി. കേപ്പ്ടൗണില്‍ എത്തിയപ്പോഴേക്കും മേരിയുടെ ആരോഗ്യം ക്ഷയിച്ചു. ഒടുവില്‍ കുറുമനില്‍ എത്തി മാതാപിതാക്കളെ കണ്ടശേഷം അവള്‍ സ്‌കോട്ട്‌ലണ്ടിലേക്കു മടങ്ങി. ലിവിങ്സ്റ്റണ്‍ ഏകനായി യാത്ര തുടര്‍ന്നു. 1859 സെപ്റ്റംബര്‍ 18-ന് ലിവിങ്സ്റ്റണ്‍ ന്യാസാ തടാകം കണ്ടെത്തി. ഒരു ദിവസം അദ്ദേഹം ഭീമാകാരമായ രണ്ടു പെരുമ്പാമ്പുകളെ വെടിവെച്ചു. മറ്റൊരിക്കല്‍ 800-ല്‍പ്പരം അംഗങ്ങളുള്ള ആനക്കൂട്ടത്തെ കണ്ടു. അടിമക്കച്ചവടക്കാരനാണെന്ന് തെറ്റിദ്ധരിച്ച് കിരാതന്മാര്‍ അദ്ദേഹത്തെ പലപ്പോഴും ആക്രമിച്ചു.

മേരി മടങ്ങി വരുന്നു എന്നറിഞ്ഞ് അദ്ദേഹം വളരെയധികം ആഹ്ലാദഭരിതനായി. സാംബസി തീരത്ത് താമസമുറപ്പിക്കാനദ്ദേഹം ഉറച്ചു. എന്നാല്‍ ഷുപ്പാംഗയില്‍വെച്ച് അവള്‍ക്ക് പനി ബാധിച്ചു. ലിവിങ്സ്റ്റന്റെ ശ്രദ്ധാ പൂര്‍വ്വമായ പരിചരണം ഉണ്ടായിരുന്നിട്ടു കൂടി ജീവന്‍ രക്ഷിക്കാനായില്ല. അവള്‍ കര്‍ത്തൃസന്നിധിയിലേക്ക് പറന്നുപോയി. വര്‍ഷങ്ങള്‍ക്കു മുമ്പ് കര്‍ത്താവ് അവനോട് പറഞ്ഞിരുന്നു, ‘നിന്നെ ഞാന്‍ ഏകനായി വിടുകയില്ല, ഉപേക്ഷിക്കുകയില്ല, ഞാന്‍ നിന്നോടു കൂടെയിരിക്കും.’ ‘ബഹുമാന്യനായ ഒരുവന്റെ വാക്കുകളാണവ. അവനതു പാലിക്കും.’ ലിവിങ്സ്റ്റണ്‍ മറുപടി നല്‍കി. എന്നാല്‍ അവന്‍ ഉപേക്ഷിച്ചുകളഞ്ഞുവോ?

ആഫ്രിക്കന്‍ മരുഭൂമിയിലെ മരച്ചുവട്ടിലിരുന്ന് ലിവിങ്സ്റ്റണ്‍ ചിന്തിച്ചു. പ്രതിസന്ധികള്‍ തരണം ചെയ്ത് മരണത്തെ മുഖാമുഖം കണ്ട അദ്ദേഹം ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു, ‘മേരി, ഞാന്‍ നിന്നെ വിവാഹം കഴിച്ചപ്പോള്‍ ഞാന്‍ നിന്നെ സ്‌നേഹിച്ചു! നിന്നോടു കൂടെ ജീവിച്ചപ്പോള്‍ ഞാന്‍ നിന്നെ കൂടുതല്‍ സ്‌നേഹിച്ചു. ഇപ്പോള്‍ ഇതാ ഞാന്‍ ഏകനായിരിക്കുന്നു, ലോകത്തില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.’ കരഞ്ഞു തളര്‍ന്ന് അദ്ദേഹം അവിടെ മുഴങ്കാല്‍ മടക്കി. ‘എന്നെ ഏകനായി വിടരുതേ! എന്നെ ഉപേക്ഷിക്കരുതേ!’ മറുപടിയായി ഒരു മൃദുസ്വരം ആ കാതുകളില്‍ മുഴങ്ങി, ‘ഇതാ ഞാന്‍ നിന്നോടുകൂടെയുണ്ട്.’ തുടര്‍ന്ന് ശാശ്വതഭുജങ്ങള്‍ തന്നെ വലയം ചെയ്യുന്നത് അദ്ദേഹമറിഞ്ഞു.

തന്റെ നിരന്തരമായ യാത്രകളില്‍, അനേക ജീവിത രീതികളും കിരാതമായ ആചാരങ്ങളും കാണുവാനും മനസ്സിലാക്കുവാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. ബയെന്‍ഡാ-പെസി, ആളുകള്‍ പൂര്‍ണ്ണ നഗ്നരായിരുന്നു. ബക്കാ വര്‍ഗ്ഗക്കാര്‍ കുട്ടികള്‍ക്ക് ആദ്യം പല്ലുമുളക്കുന്നത് മുകള്‍ നിരയില്‍ ആണെങ്കില്‍ അതിനെ കൊല്ലുമായിരുന്നു. മരാവി സ്ത്രീകള്‍ മേല്‍ച്ചുണ്ട് തുളച്ച് ഒരു ശംഖ് കടന്നുപോകത്തക്ക വിസ്താരമാക്കുമായിരുന്നു. ഇങ്ങനെ ചെയ്തവരെ ഏറ്റവും സുന്ദരിമാരായി കരുതിയിരുന്നു. അഭിവാദന രീതിയിലും ഗോത്രങ്ങള്‍ തമ്മില്‍ വ്യത്യസ്തത പുലര്‍ത്തിയിരുന്നു. ചിലര്‍ മണ്ണോ ചാരമോ വാരി അതിഥികളുടെ കയ്യിലും നെഞ്ചിലും പൂശും. മറ്റു ചിലര്‍ കൈമുട്ടുകൊണ്ട് അതിഥിയുടെ വാരിയെല്ലില്‍ കൊട്ടും. ബട്ടോംഗാ ഗോത്രക്കാര്‍ ലിവിങ്സ്റ്റണെ സ്വീകരിച്ചത്, മലര്‍ന്നു കിടന്നതിനുശേഷം ഒരു വശത്തുനിന്നും മറുവശത്തേക്ക് ഉരുളുകയും ശരീരത്തിന്റെ വശങ്ങളില്‍ കൈകൊണ്ട് അടിക്കുകയും ചെയ്തുകൊണ്ടാണ്.

ശവസംസ്‌കാരസമയത്ത് കഠിനമായ നിലവിളി ഉയരുന്നത് ലിവിങ്സ്റ്റണ്‍ ശ്രദ്ധിച്ചിരുന്നു. പരേതാത്മാക്കളെ പ്രീതിപ്പെടുത്താന്‍ വളരെയധികം പൂജകളും മന്ത്രവാദങ്ങളും നടത്തുക, ഗോത്രവര്‍ഗ്ഗക്കാരുടെയിടയില്‍ പതിവായിരുന്നു. ബരോട്‌സ് ഗോത്രത്തില്‍ ഗ്രാമത്തലവന്‍ മരിച്ചാല്‍ അയാളുടെ സേവകരെ കൊന്ന് അടക്കുക പതിവായിരുന്നു. അങ്ങേലോകത്തില്‍ അയാള്‍ക്ക് സേവചെയ്യുന്നതിനുവേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്. അംഗോളയില്‍ മരണം നൃത്തത്തിന്റെയും വിരുന്നിന്റേയും ആഘോഷവേളകളാണ്.

Facebook
Twitter
LinkedIn
Email
Pocket
WhatsApp
Telegram

Post a comment

Your email address will not be published. Required fields are marked *