ദൈവം യാക്കോബിനെ സ്നേഹിച്ചു എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. പക്ഷേ അതിന് ഏശാവിനെ ദ്വേഷിക്കണമെന്നുണ്ടോ? ഈ വാക്യം മലാ. 1:2-3 ല്‍ നിന്നുള്ള ഉദ്ധരണിയാണ്. ”ദ്വേഷിക്കുക” എന്ന പ്രയോഗം സംബന്ധിച്ച് ധാരാളം നിര്‍ദ്ദേശങ്ങള്‍ വേദപണ്ഡിതന്മാര് മുമ്പോട്ടു വെയ്ക്കുന്നുണ്ട്. ഒന്ന്, ഇത് യാക്കോബ്, ഏശാവ് എന്നീ വ്യക്തികളെക്കാള്‍ അവരില്‍നിന്നും ഉത്ഭിച്ച യിസ്രായേല്‍, എദോം എന്നീ വംശങ്ങളെയാണ് സൂചിപ്പിക്കുന്നത്. രണ്ട്, ”ഞാന്‍ യാക്കോബിനെ തിരഞ്ഞെടുത്തു, ഏശാവിനെ നിരസിച്ചു” എന്നാണിതിന്റെ അര്‍ത്ഥമെന്ന് ചിലര്‍ ചിന്തിക്കുന്നു. മൂന്നാമത്തെ അഭിപ്രായം, ഇത് മുന്‍ഗണന സൂചിപ്പിക്കുന്നതിനുള്ള അഥവാ താരതമ്യത്തിനുള്ള ഒരു എബ്രായ ശൈലിയാണ് എന്നതാണ്.1 ലൂക്കൊസ് 14:26 ല്‍ പകെക്കുക എന്ന പദത്തിന്റെ ഉപയോഗത്തിലൂടെ കര്‍ത്താവ് ഈ പ്രയോഗത്തിന്റെ സൂചന നല്‍കുന്നുമുണ്ട്. മലയാളത്തില്‍ ദ്വേഷിക്കുക എന്ന പ്രയോഗം കഠിനമായി തോന്നും, എന്നാല്‍ ഉല്പ. 29:31-33; ആവ. 21:15; മത്താ. 10:37-38; ലൂക്കൊ. 14:26; യോഹ. 12:25 എന്നീ വാക്യങ്ങള്‍ വായിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
ദൈവത്തെക്കുറിച്ച് ഉപയോഗിച്ചിരിക്കുന്ന ”സ്നേഹം,” ”ദ്വേഷം” എന്നീ മനുഷ്യരൂപാരോപണ പദങ്ങള്‍ ദൈവത്തിന് ഈ വ്യക്തികളോടുള്ള വികാരത്തെയല്ല, മറിച്ച് മശിഹൈക പരമ്പരയോടും വാഗ്ദത്തങ്ങളോടുമുള്ള തന്റെ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്. ഉല്പ. 25:23 ലെ പ്രവചനം അനുസരിച്ച് യാക്കോബ് വാഗ്ദത്ത സന്തതിയാണ്.
മുന്‍ ലക്കത്തില്‍ നാം ചിന്തിച്ചതുപോലെ ഏശാവിന്റെ അഭക്ത ജീവിതത്തിന് ഒഴികഴിവല്ല ഈ തിരഞ്ഞെടുപ്പ്. ഒരു പ്രത്യേക ഉദ്ദേശ്യത്തിനോ ദൗത്യത്തിനോ വേണ്ടിയുള്ള ദൈവിക തിരഞ്ഞെടുപ്പില്‍ ചില വ്യക്തികള്‍ മാത്രമോ ജാതികള്‍ മാത്രമോ ആയിരിക്കാം ഉള്‍പ്പെടുന്നത് (ഉദാ. അബ്രാഹാം, യിസ്രായേല്‍). അപ്രകാരം തിരഞ്ഞെടുക്കപ്പെടാത്തവര്‍ പിന്നെ ദൈവിക ബന്ധത്തില്‍ തുടരരുതെന്ന് അതിനര്‍ത്ഥമില്ല. ഏശാവിന്റെ കാര്യത്തിലും ഇതു തന്നെയായിരുന്നു ദൈവം പ്രതീക്ഷിച്ചത്. യിസ്രായേല്‍ മാത്രമല്ല ലോകത്തിലുള്ള സകല ജാതികളും ദൈവിക ബന്ധത്തില്‍ തുടരണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
ദൈവത്തിന്റെ പക്കല്‍ അനീതി ഉണ്ടോ?
അടുത്ത വാക്യത്തില്‍ പൗലൊസ് ചോദിക്കുന്നു (റോമര്‍ 9:14). ദൈവത്തിന്റെ പരമാധികാരമാണ് തീരുമാനങ്ങള്‍ എടുക്കുന്നതെങ്കില്‍ ദൈവത്തിനെങ്ങനെ മനുഷ്യനെ ഉത്തരവാദിയാക്കാന്‍ സാധിക്കും? (വാ. 19). ഇതാണ് തിരഞ്ഞെടുപ്പിന്റെ മര്‍മ്മം. ഇവിടുത്തെ മുഖ്യമായ ഊന്നല്‍ മത്സരികളായ മനുഷ്യരോട് തനിക്കിഷ്ടമുള്ള വിധത്തില്‍ ഇടപെടുവാന്‍ ദൈവത്തിനു സ്വാതന്ത്ര്യമുണ്ട് എന്നുള്ളതാണ്; എന്നിരുന്നാലും ദൈവത്തിന്റെ പരമാധികാരം വെളിപ്പെടുന്നത് ശക്തിയുപയോഗിക്കുന്നതില്ല, മറിച്ച് കരുണ പ്രദര്‍ശിപ്പിക്കുന്നതിലാണ് (വാ. 15).
ദൈവത്തിന്റെ പരമാധികാര തിരഞ്ഞെടുപ്പുകള്‍ മനുഷ്യന്റെ ഭാവി പ്രവൃത്തികളുടെയും തിരഞ്ഞെടുപ്പുകളുടെയും അടിസ്ഥാനത്തിലല്ല എന്ന കാര്യവും ഓര്‍മ്മിക്കേണ്ടതാണ്. അതങ്ങനെയായിരുന്നുവെങ്കില് ദൈവിക തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം മനുഷ്യന്റെ തിരഞ്ഞെടുപ്പുകളും പ്രവൃത്തികളും നന്മകളും ആകുമായിരുന്നു (വാ. 16; 1 പത്രൊ. 1:2). ഇതിനു പിന്നില്‍ നീതിമാന്റെ അഭിവൃദ്ധി എന്ന യെഹൂദ വീക്ഷണം കാണുവാന്‍ കഴിയും (ആവര്‍ത്തനം 27-28; ഇയ്യോബ്; സങ്കീര്‍ത്തനം 73). എന്നാല്‍ ദൈവം പ്രവൃത്തിയുടെ അടിസ്ഥാനത്തിലല്ല, അര്‍ഹതയില്ലാത്തവരെ വിശ്വാസം മൂലം അനുഗ്രഹിക്കുകയാണു ചെയ്യുന്നത് (5:8). ദൈവം എല്ലാം അറിയുന്നുവെങ്കിലും അവന് തന്റെ തിരഞ്ഞെടുപ്പുകളെ (1) കരുണയിലും, (2) വാഗ്ദത്തത്തിലും പരിമിതപ്പെടുത്തുന്നു. എങ്കിലും അതു പൂര്‍ത്തീകരിക്കപ്പെടുന്നത് മനുഷ്യന്റെ തിരിച്ചുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ്.
ദൈവത്തിന്റെ കരുണ
തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനമായി പൗലൊസ് പുറ. 33:19 ല്‍ നിന്നുള്ള വാക്യം ഉദ്ധരിക്കുന്നു. തന്റെ വീണ്ടെടുപ്പിന് പദ്ധതിക്കനുസരണമായി പ്രവര്‍ത്തിക്കാന്‍ ദൈവത്തിനു സ്വാതന്ത്ര്യമുണ്ട്. മോശെ പോലും ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ക്ക് അര്‍ഹനല്ലായിരുന്നു (പുറ. 33:20). അവന് കൊലപാതകിയായിരുന്നു (പുറ. 2:11-15). അവന്റെ തിരഞ്ഞെടുപ്പുകള്‍ കരുണയിലാണ് എന്നതാണ് താക്കോല്‍ (റോമ.9: 16,18-23; 11:30,31,32). ഇതിനെല്ലാം അടിസ്ഥാനം ദൈവത്തിന്റെ കരുണയാണ്. ”കരുണ” (സങ്കീര്‍ത്തനങ്ങളില്‍ ”ദയ” എന്നു തര്‍ജ്ജമ ചെയ്തിരിക്കുന്നു) എന്നു തര്‍ജ്ജമ ചെയ്തിരിക്കുന്ന എബ്രായ പദത്തിന്റെ അര്‍ത്ഥം ”ഉടമ്പടിയില്‍ അടിസ്ഥാനപ്പെട്ട നിത്യസ്നേഹം” എന്നാണ്. തിരഞ്ഞെടുപ്പിലൂടെയുള്ള കരുണ ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവരിലും എത്തുന്നു. അത് വിശ്വാസത്തിന്റെ വാതിലുകള്‍ എല്ലാവര്‍ക്കുംവേണ്ടി തുറക്കുന്നു (റോമര്‍ 5:18-19).
ദൈവത്തിന്റെ തിരഞ്ഞെടുപ്പ് വിശ്വാസത്താല്‍ അത് ഏറ്റുവാങ്ങുന്ന എല്ലാവര്ക്കും ഉള്ളതാണ്. ”എല്ലാവരും,” ”അനേകര്‍,” ”പലര്” എന്നീ പദങ്ങള്‍ തിരുവചനം ആവര്‍ത്തിച്ച് ഉപയോഗിക്കുന്നു. ആരും നശിച്ചുപോകുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല.