അബ്രഹാമിനെ തിരഞ്ഞെടുത്തതിന്റെ ഉദ്ദേശ്യം അവനിലൂടെ സകല ജാതികളെയും അനുഗ്രഹിക്കുക എന്നതായിരുന്നു എന്ന് ഉല്പത്തി 12 ല്‍ നിന്നും നാം ഗ്രഹിക്കുന്നു. ആ അനുഗ്രഹം തങ്ങള്‍ക്കു മാത്രമുള്ളതാണെന്ന് യെഹൂദ ജാതി വിശ്വസിച്ചിരുന്നു. അതിനു കൊടുക്കേണ്ട വിലയെക്കുറിച്ചോ പാലിക്കേണ്ട വ്യവസ്ഥയെക്കുറിച്ചോ പക്ഷേ യിസ്രായേല്‍ ഗൗരവമായി ചിന്തിച്ചില്ല. വാഗ്ദത്തം തങ്ങളുടെ അവകാശമാണെന്ന് അവര്‍ കരുതി. അതിനാല്‍ അവര്‍ വാഗ്ദത്തം പ്രാപിച്ചില്ല എന്ന് പൗലൊസ് പറയുന്നു. മറിച്ച് ന്യായപ്രമാണവും വാഗ്ദത്തവും പ്രാപിക്കാത്ത ജാതികള്‍ അനുഗ്രഹം അവകാശമാക്കി. ”ആകയാല്‍ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികള്‍ നീതി പ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ. നീതിയുടെ പ്രമാണം പിന്തുടര്‍ന്ന യിസ്രായേലോ ആ പ്രമാണത്തിങ്കല്‍ എത്തിയില്ല. അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാല്‍ അന്വേഷിച്ചതുകൊണ്ടു തന്നേ അവര്‍ ഇടര്‍ച്ചക്കല്ലിന്മേല്‍ തട്ടി ഇടറി: ‘ഇതാ, ഞാന്‍ സീയോനില്‍ ഇടര്‍ച്ചക്കല്ലും തടങ്ങല്‍പാറയും വെക്കുന്നു; അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചുപോകയില്ല’ എന്നു എഴുതിയിരിക്കുന്നുവല്ലോ” (റോമര്‍ 9:30-33). അബ്രഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിലൂടെ ജാതികള്‍ക്കു ലഭിച്ചു. ”അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവില്‍ ജാതികള്‍ക്കു വരേണ്ടതിന് നാം ആത്മാവെന്ന വാഗ്ദത്ത വിഷയം വിശ്വാസത്താല്‍ പ്രാപിപ്പാന്‍ തന്നേ” (ഗലാത്യര്‍ 3:14).
അബ്രാഹാമിലൂടെ യിസ്രായേലിനു കൊടുത്ത വാഗ്ദത്തവും പ്രാപിക്കേണ്ടത് വിശ്വാസത്താലായിരുന്നു. എന്നാല്‍ അവരാകട്ടെ പ്രവൃത്തിയിലൂടെ അതു പ്രാപിക്കുവാന്‍ ശ്രമിച്ചു. യഹോവ സീനായി പര്‍വ്വതത്തില്‍ നിന്ന് മോശെയെ വിളിച്ചു യിസ്രായേല്‍മക്കളോടു പറയുവാന്‍ കല്പിച്ചത്, ”ഞാന്‍ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേല്‍ വഹിച്ച് എന്റെ അടുക്കല്‍ വരുത്തിയതും നിങ്ങള്‍ കണ്ടുവല്ലോ. ആകയാല്‍ നിങ്ങള്‍ എന്റെ വാക്കു കേട്ട് അനുസരിക്കുകയും എന്റെ നിയമം പ്രമാണിക്കുകയും ചെയ്താല്‍ (അബ്രാഹാമിനോടു ചെയ്ത ഉടമ്പടി) നിങ്ങള്‍ എനിക്ക് സകല ജാതികളിലും വച്ച് പ്രത്യേക സമ്പത്തായിരിക്കും …. നിങ്ങള്‍ എനിക്കു ഒരു പുരോഹിത രാജത്വവും വിശുദ്ധജനവും ആയിരിക്കും. മോശെ വന്നു ജനത്തിന്റെ മൂപ്പന്മാരെ വിളിച്ച് യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളൊക്കെയും അവരെ പറഞ്ഞു കേള്‍പ്പിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങള്‍ ചെയ്യും എന്ന് ജനം ഉത്തരം പറഞ്ഞു” (പുറ. 19:4-8).
ദൈവകൃപയില്‍ (പ്രവൃത്തികൂടാതെ, അര്‍ഹിക്കാത്ത അനുഗ്രഹം) യിസ്രായേല്‍മക്കളെ നടത്തുവാനാണ് ദൈവം ആഗ്രഹിച്ചത്. അതനുസരിച്ചാണ് അവരുടെ ഒരു നന്മപ്രവൃത്തിയും നോക്കാതെ അവരെ രക്ഷിച്ച് അനുഗ്രഹിച്ചത്. അതാണ് അവന്‍ മോശെയിലൂടെ അവരെ അറിയിച്ചത്. എന്നാല്‍ അവര്‍ അതിനെ അനുസരിക്കും എന്നല്ല ”ഞങ്ങള്‍ ചെയ്യും” എന്നാണ് ദൈവത്തോടു പറഞ്ഞത്. ”ദൈവം എന്തു പറഞ്ഞാലും ചെയ്യാന്‍ ഞങ്ങള്‍ പ്രാപ്തരാണ്” എന്നാണതിന്റെ അര്‍ത്ഥം.
യിസ്രായേല്‍ മൂപ്പന്മാരുടെ വാക്ക് മോശെ ദൈവത്തെ അറിയിച്ചപ്പോള്‍, ദൈവം കോപിച്ച് മോശെയോടു പറഞ്ഞത്, ഞാന്‍ മേഘതമസ്സില്‍ പര്‍വ്വതത്തില്‍ നിന്റെ അടുക്കല്‍ ഇറങ്ങിവരും. ജനം പര്‍വ്വതത്തില്‍ കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിക്കണം. പര്‍വ്വതം തൊടുന്നവന്‍ എല്ലാം മരണശിക്ഷ അനുഭവിക്കേണം എന്നാണ് (പുറ. 19:12).
പഴയ നിയമ ന്യായപ്രമാണം മനുഷ്യന്റെ സ്വന്ത കഴിവില്‍ നിവര്‍ത്തിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. ന്യായപ്രമാണം ലഭിച്ച ജനത്തില്‍ ദൈവം പ്രസാദിച്ചത് വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു എന്ന് എബ്രായര്‍ 11-ാം അധ്യായത്തില്‍ നിന്നും നമുക്കു ഗ്രഹിക്കാവുന്നതാണ്. പക്ഷേ യിസ്രായേല്‍ വിശ്വസിക്കുന്നതില്‍ പരാജയപ്പെട്ടു. അബ്രാഹാമിന്റെ സന്തതികളില്‍ ചിലര്‍ മാത്രമേ വാഗ്ദത്തത്തിന്റെ മക്കള്‍ ആകുന്നുള്ളു. യെഹൂദന്മാര്‍ അവരുടെ വംശാവലിയുടെ അടിസ്ഥാനത്തില്‍ അല്ല മറിച്ച് വിശ്വാസത്താലാണ് (റോമ. 2:28-29; 4:1 മുതല്‍; യോഹ. 8:31-59; ഗലാ. 3:7-9; 4:23) ദൈവവുമായി നിരപ്പു പ്രാപിച്ചത്. വിശ്വസിക്കുന്ന ശേഷിപ്പാണ് ദൈവിക വാഗ്ദത്തങ്ങള്‍ പ്രാപിച്ചതും വിശ്വാസത്താല്‍ അവയില്‍ നടന്നതും (റോമ. 9:27; 11:5).
യെഹൂദനു വിശേഷതയുണ്ടോ?
ഈ ചോദ്യം പലവട്ടം ആവര്‍ത്തിക്കുന്ന പൗലൊസ് നീതീകരണത്തോടുള്ള ബന്ധത്തില്‍ ഇല്ല എന്ന ഉത്തരം ആണു നല്കുന്നത്. യെഹൂദനും യവനനും ഒരുപോലെ പാപത്തിന്‍ കീഴാകുന്നു (റോമര്‍ 3:9). യെഹൂദനായതുകൊണ്ടും, അവര്‍ ദൈവത്തിന്റെ സ്വന്തജനമായതുകൊണ്ടും പാപത്തിന്‍കീഴല്ല എന്നു ചിന്തിച്ചിരുന്ന യെഹൂദനോടാണ് പൗലൊസ് ഇതു സംസാരിക്കുന്നത്. ഇവിടെ ചിന്തിക്കേണ്ട ഒരു വസ്തുത, പാപം ഭൂമിയില്‍ പ്രവേശിക്കുകയും മനുഷ്യന്‍ പാപത്തിന്‍ കീഴാകുകയും (ഉല്പത്തി 3) ചെയ്ത് എത്രയോ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണ് യെഹൂദ ജാതി ഉദയം ചെയ്തത്. ആദാമിന്റെ സന്തതിയില്‍ പെട്ട സകലരും, യെഹൂദനാകട്ടെ ജാതിയാകട്ടെ, പാപത്തിന്റെ കീഴിലാണ് (റോമര്‍ 5:12).
“ആദ്യം യെഹൂദനും” (റോമര്‍ 1:16) എന്ന പ്രയോഗം യെഹൂദനു മുന്‍ഗണന നല്‍കുന്നില്ലേ എന്ന ചോദ്യമുയര്‍ത്താം. ഇതിന്റെ കാരണം 2:9-10 ലും 3:1-20ലും ചുരുക്കമായി വിവരിക്കുകയും 9-11 അധ്യായങ്ങളില്‍ പൂര്‍ണ്ണമായി വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു. മത്താ. 10:6; 15:24; മര്‍ക്കൊ. 7:27; യോഹ. 4:22 എന്നീ വേദഭാഗങ്ങളിലെ യേശുവിന്റെ വാക്കുകളെയാണ് പൗലൊസ് പിന്തുടരുന്നത്. ഈ വാദഗതി ദൈവകേന്ദ്രീകൃതമാണ്, അതായത് ഇത് ചരിത്രത്തെ മനുഷ്യന്റെ വീക്ഷണത്തിലല്ല, ദൈവത്തിന്റെ വീക്ഷണത്തില്‍ കാണുന്നു.1
എന്തുകൊണ്ട് യെഹൂദന്‍?
യേശുകര്‍ത്താവിന്റെ മുമ്പില്‍ പോലും യെഹൂദന്മാര്‍ തങ്ങളുടെ വംശമഹിമ ഉയര്‍ത്തി സംസാരിക്കുകയുണ്ടായി (യോഹ. 8:33). ഗലീലയിലുള്ളവരെ കലര്‍പ്പുള്ളവരായി കണ്ടിരുന്ന യെഹൂദയിലെ ആളുകള്‍ യേശുവിനെയും അപ്രകാരമായിരിക്കാം വീക്ഷിച്ചിരുന്നത്. അബ്രാഹാമിന്റെ സന്തതിപരമ്പരയില്‍പെട്ട ജനത എന്ന നിലയില്‍ അഭിമാനിച്ചിരുന്ന യെഹൂദന്‍ അബ്രാഹാമിന്റെ വിശ്വാസം (റോമര്‍ 9:30-33) പിന്തുടരുന്നതില്‍ പരാജയപ്പെട്ടു. ദൈവത്തിന്റെ ജനമായി വിളിക്കപ്പെടുന്നത് ഒരു പദവിയും ഉത്തരവാദിത്വവുമായിരിക്കെ ഉത്തരവാദിത്വം മറന്ന് പദവിയില്‍ മാത്രം അഭിമാനംകൊള്ളുന്നവരായി അവര്‍ മാറി. ഇന്നും യെഹൂദന്‍ ലോകരാഷ്ട്രങ്ങളുടെ കണ്ണിലെ കരടായി നിലനില്ക്കാന്‍ കാരണം ഈ ഹുങ്ക് ആയിരിക്കാം. ക്രിസ്തീയ വിശ്വാസികളില്‍ തന്നെ നല്ലൊരു പങ്ക് ഇന്ന് യെഹൂദവിരോധികളായിത്തീര്‍ന്നിരിക്കുന്നതിന്റെ കാരണവും ഇതായിരിക്കാം. ഈ വിരോധം നിമിത്തം പഴയ നിയമത്തെ തള്ളിപ്പറയുന്നവരും കുറവല്ല.
എന്തുകൊണ്ടാണ് ദൈവം യെഹൂദന് ഇത്രയും പ്രാധാന്യം കല്പിക്കുന്നത്? പഴയനിയമ എഴുത്തുകാരും (വിശേഷിച്ച് പ്രവാചകന്മാര്‍) പൗലൊസ് തുടങ്ങിയ പുതിയനിയമ എഴുത്തുകാരും യെഹൂദന് അമിത പ്രാധാന്യം നല്‍കാന്‍ ശ്രമിച്ചതാണോ അതിനു കാരണം? റോമര്‍ 9, 10 അധ്യായങ്ങളില്‍ പൗലൊസ് ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. പൗലൊസ് എബ്രായ പണ്ഡിതനായിരുന്നുവെങ്കിലും ജാതികളുടെ അപ്പൊസ്തലനായി വിളിക്കപ്പെട്ടവനായിരുന്നു. എല്ലാ യെഹൂദന്മാരെയും പോലെ പരിച്ഛേദനയില്‍ അഭിമാനം കൊണ്ടിരുന്നു എങ്കിലും രക്ഷിക്കപ്പെട്ട ജാതികള്‍ പരിച്ഛേദന ഏല്ക്കണം എന്നു പഠിപ്പിച്ചവര്‍ക്കെതിരെ അവന്‍ നിലകൊണ്ടു. മാത്രമല്ല മതത്തിനും വംശീയ ശുദ്ധിക്കുമപ്പുറം ക്രിസ്തുവിലുള്ള വിശ്വാസമാണ് അബ്രാഹാമിന്റെ അനുഗ്രഹം പ്രാപിക്കാനുള്ള മാനദണ്ഡം എന്നു പൗലൊസ് പഠിപ്പിച്ചു. “ക്രിസ്തുവില്‍” എന്നത് പൗലൊസിന്റെ ഇഷ്ട പ്രയോഗമാണ്.
യെഹൂദന്‍ എന്തുകൊണ്ട് ആ പദവിയില്‍ എത്തി എന്ന ചോദ്യത്തിനുള്ള ഉത്തരം ദൈവം അവരെ തിരഞ്ഞെടുത്തു എന്നതാണ്. മനുഷ്യവര്‍ഗ്ഗത്തിന്റെ വീണ്ടെടുപ്പ് എന്ന ദൈവത്തിന്റെ ആത്യന്തിക ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു മാധ്യമം മാത്രമായിരുന്നു യിസ്രായേലിന്റെ തിരഞ്ഞെടുപ്പ്. അബ്രാഹാമിനെ ദൈവം വിളിച്ചതിനാല്‍ അവന്റെ സന്തതിയായ യിസ്രായേല്‍ ആ പദവിയിലെത്തി. (മറിച്ച് മറ്റൊരു പേരുകാരനെയാണു ദൈവം വിളിച്ചിരുന്നതെങ്കില്‍ ആ പേരിലൊരു ജാതി ഇതേ ഉത്തരവാദിത്വം തന്നെ നിര്‍വഹിക്കും). അര്‍ത്ഥാല്‍, യിസ്രായേലിന് പ്രാധാന്യം കൈവന്നത് മനുഷ്യരുടെ ഇടപെടല്‍ കൊണ്ടല്ല, മറിച്ച് ദൈവിക തിരഞ്ഞെടുപ്പു നിമിത്തമാണ്.
തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം
അബ്രാഹാമിലൂടെ ദൈവം നല്കിയ വാഗ്ദത്തം പ്രാപിക്കുന്നതില്‍ യിസ്രായേല്‍ പരാജയപ്പെട്ടു എങ്കിലും ദൈവം തന്റെ പദ്ധതിക്കു മാറ്റം വരുത്തിയില്ല. അവരിലൂടെ മശിഹാ വരുമെന്ന പ്രവചനം നിറവേറുകതന്നെ ചെയ്തു. അബ്രാഹാമിനു രണ്ടു പുത്രന്മാര്‍ ഉണ്ടായിയെങ്കിലും തിരഞ്ഞെടുപ്പ് പ്രയാസകരമായിരുന്നില്ല. കാരണം യിസഹാക്കായിരുന്നു ദൈവഹിതപ്രകാരമുള്ള സന്തതി. യിശ്മായേല്‍ ദാസിയുടെ മകനായിരുന്നു. എന്നാല്‍ ഏശാവിന്റെയും യാക്കോബിന്റെയും കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. റിബേക്കയുടെ പുത്രന്മാരുടെ പിതാവ് ഒരാളായിരുന്നു, മാത്രമല്ല അവര്‍ ഇരട്ടകളുമായിരുന്നു. പൗലൊസ് പറയുന്നത്, ”കുട്ടി കള്‍ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവര്‍ത്തിക്കയോ ചെയ്യുംമുമ്പെ തിരഞ്ഞെടുപ്പിന്‍പ്രകാരമുള്ള ദൈവനിര്‍ണ്ണ യം പ്രവൃത്തികള്‍ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു: ‘മൂത്തവന്‍ ഇളയവനെ സേവിക്കും’ എന്നു അവളോടു അരുളിച്ചെയ്തു. ‘ഞാന്‍ യാക്കോബിനെ സ്‌നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു’ എന്നു എഴുതിയിരിക്കുന്നുവല്ലോ. ആകയാല്‍ നാം എന്തു പറയേണ്ടു? ദൈവത്തിന്റെ പക്കല്‍ അനീതി ഉണ്ടോ? ഒരുനാളും ഇല്ല” (റോമര്‍ 9:11-14).
കുട്ടികള്‍ ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടത് അവരുടെ പ്രവൃത്തികളുടെ ദോഷംകൊണ്ടല്ല എന്ന് വചനം വ്യക്തമാക്കുന്നു. ഏശാവിന്റെ ദുര്‍ന്നടപ്പോ, ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിയ മനോഭാവമോ ഒന്നുമല്ല അവനെ തിരഞ്ഞെടുക്കാതിരിക്കുന്നതിനുള്ള കാരണം എന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. എബ്രാ. 12:16 ലെ പരാമര്‍ശത്തിന് ഇതുമായി ബന്ധവുമില്ല. അനുഗ്രഹം നഷ്ടമാക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പാണിവിടെ കാണുന്നത്. വാഗ്ദത്ത മശിഹായുടെ ജനനത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടില്ല എന്ന കാരണത്താല്‍ ഏശാവിന് നീതിമാനായി ജീവിക്കാന്‍ കഴിയുകയില്ല എന്നര്‍ത്ഥമില്ല. പില്ക്കാലത്ത് യെഹൂദാഗോത്രത്തെയാണ് യേശുവിന്റെ ജനനത്തിനായി ദൈവം തിരഞ്ഞെടുത്തത്. അതുകൊണ്ട് മറ്റു ഗോത്രക്കാരെല്ലാം ശപിക്കപ്പെട്ടവരായി എന്നര്‍ത്ഥമുണ്ടോ? ദൈവം പ്രസാദിച്ച എത്രയോ നീതിമാന്മാര്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഏശാവ് അഭക്തനായി തീര്‍ന്നതിന്റെ കാരണം അവനു പകരം ദൈവം യാക്കോബിനെ തിരഞ്ഞെടുത്തു എന്നതല്ല. മാത്രമല്ല, ഏശാവ് ജ്യേഷ്ഠാവകാശം കൈവിട്ടു കളഞ്ഞതും ഇക്കാരണത്താലല്ല, അതവന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. വാഗ്ദത്ത മശിഹായുടെ ജനനത്തിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെട്ടില്ല എങ്കിലും ഭക്തനായി ജീവിച്ച് അബ്രാഹാമിന്റെ അനുഗ്രഹങ്ങളുടെ അവകാശി ആകുവാന്‍ ഏശാവിനു കഴിയുമായിരുന്നു. രണ്ടു പ്രാവശ്യമാണ് അവന്‍ തന്റെ അവസരങ്ങളെ നഷ്ടമാക്കിയത്.
അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ഭാര്യമാര്‍ വന്ധ്യകളായിരുന്നു; അവര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ കഴിയുമായിരുന്നില്ല. മക്കളെ പ്രസവിക്കുന്നതിനുള്ള അവരുടെ കഴിവില്ലായ്മ, മശിഹൈക വംശത്തിന്റെ ഉടമ്പടി വാഗ്ദത്തങ്ങളുടെ നിയന്ത്രണം തന്റെ പക്കലാണെന്ന് കാണിക്കുന്നതിനുള്ള ദൈവത്തിന്റെ വഴികളില്‍ ഒന്നായിരുന്നു. യഥാര്‍ത്ഥ മശിഹൈക വംശാവലി ഒരിക്കലും ഗോത്രപിതാവിന്റെ മൂത്തപുത്രനില്‍ നിന്നും അല്ല പുറപ്പെടുന്നത് എന്നു കാണിക്കുകയായിരുന്നു മറ്റൊരു വഴി (അതായിരുന്നു സാംസ്‌കാരികമായി പ്രതീക്ഷിക്കപ്പെട്ടിരുന്നത്). ദൈവത്തിന്റെ തിരഞ്ഞെടുപ്പാണ് താക്കോല്‍ (റോമ. 9:11-12).