പ്രവാചകന്മാരെക്കുറിച്ച് ലേനാർഡ് റാവൻഹിൽ പറഞ്ഞതിപ്രകാരമാണ്, “പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവത്തിന്റെ രക്ഷാപ്രവർത്തകരാണ് പ്രവാചകന്മാർ. അവർ ആശങ്കകളിൽ മുന്നേറുന്നു, എതിർപ്പിനെ അതിജീവിക്കുന്നു, അത്യാഹിതത്തെ തോൽപ്പിക്കുന്നു; യാഥാസ്ഥിതികത്വത്തിന്റെ തുരുത്തിയെ പൊളിക്കുന്ന ദൈവരാജ്യത്തിന്റെ പുതുവീഞ്ഞ് കൊണ്ടുവന്ന് ഉണർവിനു ജന്മം നൽകുന്നു.”
ഇരുപതാം നൂറ്റാണ്ടിൽ വേറിട്ടു കേട്ട പ്രവാചക ശബ്ദത്തിനുടമയായിരുന്നു ചൈനയിലെ ഉണർവിനു നേതൃത്വം നൽകിയ ജോൺ സങ്. ശുശ്രൂഷയിൽ വെളിപ്പെട്ട അത്ഭുതങ്ങളും അടയാളങ്ങളും അദ്ദേഹത്തിന്റെ അപ്പൊസ്തലികത്വത്തിന്റെ മുദ്രയായി. പുതിയനിയമ ശുശ്രൂഷുടെ വിശുദ്ധിയും അധികാരവും ഇത്ര ശക്തമായി പ്രദർശിപ്പിച്ച ദൈവമനുഷ്യൻ വേറെയുണ്ടോ എന്നു സംശയമാണ്. ആത്മാക്കൾക്കുവേണ്ടി എരിയുന്ന ഹൃദയവും ഭയരഹിതമായ ശുശ്രൂഷയും കൊണ്ട് ശ്രദ്ധേയനായ അദ്ദേഹത്തെ “ചൈനയുടെ ജോൺ വെസ്ലി” എന്നും “മഞ്ഞുപാളി ഉടയ്ക്കുന്നവൻ” എന്നും “ഉണർവിന്റെ അപ്പൊസ്തലൻ” എന്നും ആളുകൾ വിളിച്ചു. 1927-37 കാലഘട്ടത്തിൽ ചൈനയിൽ ഉണ്ടായ ഉണർവിന് നേതൃത്വം കൊടുത്തത് അദ്ദേഹമായിരുന്നു. ചൈനയുടെ തെക്കു കിഴക്കൻ പ്രവിശ്യയായ ഫുക്കെയ്‌നിലെ ഹോംഗ്‌ചോക്കിൽ 1901 സെപ്റ്റംബർ 27-നാണ് ജോൺ സങ് ജനിച്ചത്. പിതാവ് മെതഡിസ്റ്റ് ശുശ്രൂഷകനായിരുന്നു. പത്ത് മക്കളിൽ ആറാമത്തെ കുട്ടിയായിരുന്നു ജോൺ. ഹിംഗ്‌വായിലെ മെതഡിസ്റ്റ് ബൈബിൾ സ്‌കൂൾ പ്രിൻസിപ്പാളായി ജോണിന്റെ പിതാവ് നിയമിക്കപ്പെട്ടതിനെത്തുടർന്ന് 1907 ൽ കുടുംബം ഹിംഗ്‌വായിലേക്കു താമസം മാറ്റി. ഒൻപതാമത്തെ വയസ്സിൽ ജോൺ രക്ഷാനിർണ്ണയം പ്രാപിച്ചു. 1920-ൽ പത്തൊൻപതാമത്തെ വയസ്സിൽ ഒഹിയോയിലെ വെസ്ലിയൻ യൂണിവേഴ്‌സിറ്റിയിൽ പഠനത്തിനായി അദ്ദേഹം അമേരിക്കയിലേക്കു യാത്രയായി. പഠനം ആരംഭിച്ച് അഞ്ചു വർഷവും രണ്ടു മാസവും കൊണ്ട് മൂന്ന് ബിരുദങ്ങൾ ജോൺ സമ്പാദിച്ചു - ഒരു ബാച്ചിലർ ഓഫ് സയൻസ്, ഒരു മാസ്റ്റർ ഓഫ് സയൻസ്, ഒരു ഡോക്ടർ ഓഫ് ഫിലോസഫി. ഇതെല്ലാം പൂർണ്ണ സമയം ജോലി ചെയ്തു കൊണ്ടാണ് സമ്പാദിച്ചതും ഈ വിദ്യാഭ്യാസം എല്ലാം കൈവന്നപ്പോൾ താൻ ആത്മികമായി പിന്മാറ്റത്തിലാണെന്നും പിതാവ് തന്നെ പഠിപ്പിച്ച പാഠങ്ങളെല്ലാം താൻ കൈവിട്ടുവെന്നും ജോൺ മനസ്സിലാക്കി.
1927 ഫെബ്രുവരി 10-ന് ജോൺ തന്റെ ജീവിതം പുനഃപ്രതിഷ്ഠിച്ചു. ചൈനയിൽ ഉണർവിന്റെ ആരംഭവും ആ സമയത്തായിരുന്നു. പാപങ്ങൾ ഏറ്റു പറഞ്ഞതോടെ വിവരണാതീതമായ സന്തോഷം അദ്ദേഹത്തിൽ നിറഞ്ഞു. ഉടൻ തന്നെ തന്റെ സഹപാഠികളോടും അദ്ധ്യാപകരോടും പ്രസംഗിക്കുവാൻ തുടങ്ങി. പെട്ടെന്നുള്ള ഈ വ്യത്യാസം മൂലം ജോണിന് ചിന്തഭ്രമമാണെന്ന് അധികാരികൾ സംശയിക്കുകയും അദ്ദേഹത്തെ മനോരോഗ കേന്ദ്രത്തിലാക്കുകയും ചെയ്തു. തന്റെ ബൈബിളും പേനയും മാത്രമേ കൊണ്ടു നടക്കാൻ അനുഭവിച്ചിരുന്നുള്ളു. ഈ ചികിത്സാ കേന്ദ്രമായിരുന്നു തന്റെ ശരിയായ വേദപഠന സെമിനാരി എന്ന് പിൽക്കാലത്ത് ജോൺ പറഞ്ഞിട്ടുണ്ട്. 193 ദിവസം അദ്ദേഹം തടവിൽ കിടന്നു. ആ സമയത്ത് ബൈബിൾ ആരംഭം മുതൽ അവസാനം വരെ 40 തവണ അദ്ദേഹം വായിച്ചു. നിശബ്ദമായ ഈ കാലഘട്ടത്തിൽ പരിശുദ്ധാത്മാവ് തന്റെ ഭൃത്യനെ ശുശ്രൂഷയ്ക്കായി ഒരുക്കുകയായിരുന്നു.
ഒടുവിൽ സ്വതന്ത്രനായ ജോൺ 1927 ഒക്‌ടോബർ 4 ന് ഷാങ്ഹായിയിലേക്കു കപ്പൽ കയറി. ഏഴര വർഷം അമേരിക്കയിൽ ചിലവഴിച്ച അദ്ദേഹം ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയിരുന്നു. ചൈനയിലെ ഏതൊരു യൂണിവേഴ്‌സിറ്റിയും അദ്ദേഹത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. പക്ഷേ തന്റെ നാട്ടുകാരോട് സുവിശേഷം പ്രസംഗിക്കാനായിരുന്നു ജോണിന്റെ തീരുമാനം. ചൈനക്കാവശ്യം ശാസ്ത്രാദ്ധ്യാപകരെയല്ല, സുവിശേഷ പ്രസംഗകരെയാണെന്ന് ജോൺ തിരിച്ചറിഞ്ഞു. കപ്പൽ കരയ്ക്കടുക്കാൻ ഒരു ദിവസം കൂടി ബാക്കിയുള്ളപ്പോൾ ജോൺ തന്റെ സർട്ടിഫിക്കറ്റുകളും ഡിപ്ലോമകളും കടലിലെറിഞ്ഞു കളഞ്ഞു. ഡോക്ടറേറ്റ് ഡിപ്ലോമ മാത്രം അദ്ദേഹം സൂക്ഷിച്ചു, പിതാവിനുവേണ്ടി.
നാട്ടിലെത്തിയ അദ്ദേഹം വിവാഹിതനാവുകയും ഷാങ്ഹായിയിലെ ബഥേൽ ബൈബിൾ സ്‌കൂളിൽ ചേരുകയും ചെയ്തു. താമസിയാതെ സ്‌കൂളിന്റെ സുവിശേഷകനായി അദ്ദേഹം മാറി. പൂർവ്വ വിദ്യാർത്ഥികളായ ആൻഡ്രു ഗീയെയും മറ്റു ചിലരെയും കൂട്ടി ബഥേൽ ഇവാഞ്ചലിസ്റ്റിക് ബാൻഡ് എന്ന സംഘടനയ്ക്ക് അദ്ദേഹം രൂപം കൊടുത്തു. അവർ ദേശമെങ്ങും സുവിശേഷം പ്രസംഗിച്ചും സുവിശേഷ ഗാനങ്ങൾ പാടിയും സഞ്ചരിച്ചു.
തന്റെ പ്രസംഗങ്ങളിലെല്ലാം മാനസാന്തരത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാത്തരത്തിലുള്ള പാപങ്ങളെയും കപടഭക്തിയെയും അദ്ദേഹം എതിർത്തു. അതോടൊപ്പം യേശുവിന്റെ നിഷ്‌കളങ്ക സ്‌നേഹം തുല്യ അളവിൽ അദ്ദേഹം പങ്കുവെച്ചു.
തൽഫലമായി അദ്ദേഹത്തിന്റെ യോഗങ്ങളിൽ ജനങ്ങൾക്ക് പാപബോധമുണ്ടാകുന്നതും പാപം ഏറ്റു പറയുന്നതും സാധാരണമായിരുന്നു. ജനം പാപങ്ങൾ പരസ്യമായി ഏറ്റു പറഞ്ഞു കൊണ്ട് വേദിയിലേക്ക് ഓടിവരുമായിരുന്നു. ചില സമയങ്ങളിൽ വ്യക്തികളെ വിരൽ ചൂണ്ടി അവരുടെ പാപങ്ങൾ അദ്ദേഹം വിളിച്ചു പറയുമായിരുന്നു. പാസ്റ്ററെയോ സഭാ നേതാവിനെയോ മാറ്റി നിർത്തി. “നിങ്ങളുടെ ഉള്ളിൽ പാപമുണ്ട്” എന്നദ്ദേഹം പറഞ്ഞിരുന്നു. അതു ശരിയുമായിരുന്നു. പ്രസംഗമോ മറ്റു പ്രോഗ്രാമുകളോ ഇല്ലാത്ത സമയം ഡയറി എഴുതുന്നതിനും പ്രാർത്ഥനാ ലിസ്റ്റ് എഴുതുന്നതിനും അദ്ദേഹം സമയം ചിലവഴിച്ചു. ആ ലിസ്റ്റ് നോക്കിയും ഫോട്ടോകൾ നോക്കിയും അവരുടെ വിഷയങ്ങൾക്കായി അദ്ദേഹം ദീർഘ സമയം പ്രാർത്ഥിച്ചിരുന്നു. പ്രാർത്ഥന ആവശ്യപ്പെടുന്നവരുടെ ചെറിയ ഫോട്ടോകൾ അദ്ദേഹം വാങ്ങുമായിരുന്നു. അതു നോക്കിയാണ് അവർക്കുവേണ്ടി പ്രാർത്ഥിച്ചിരുന്നത്. ദിവസവും രാവിലെ 5 ന് ഉണരുന്ന അദ്ദേഹം രണ്ടോ മൂന്നോ മണിക്കൂർ പ്രാർത്ഥിക്കുമായിരുന്നു പ്രാർത്ഥന അദ്ദേഹത്തിന് യുദ്ധം പോലെയായിരുന്നു. മുഖത്തു നിന്നും വിയർപ്പ് ഒഴുകുവോളം അദ്ദേഹം പ്രാർത്ഥിക്കും; കിടക്കയിൽ വീണ് പൊട്ടിക്കരയുകയും ഏങ്ങലടിക്കയും ചെയ്തു കൊണ്ട് അദ്ദേഹം പ്രാർത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാഷയിൽ വിശ്വാസം “മുഴങ്കാലിൽ നിന്നു കൊണ്ട് ദൈവം പ്രവർത്തിക്കുന്നതു കാണുന്നതാണ്.” “അദ്ദേഹം കുറച്ചു സംസാരിച്ചു, കൂടുതൽ പ്രസംഗിച്ചു, ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചു” എന്നാണ് ബൂൺ മാർക്ക് ജോണിനെക്കുറിച്ചു പറഞ്ഞത്.
അദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ രോഗികൾ സൗഖ്യമായി, കുരുടർ കാഴ്ച പ്രാപിച്ചു, മുടന്തർ നടന്നു. ഒരു സമയം തന്നെ 500-600 പേർക്കുവേണ്ടി തലയിൽ കൈവെച്ച് അദ്ദേഹം പ്രാർത്ഥിക്കുമായിരുന്നു. ഈ അത്ഭുത സൗഖ്യങ്ങൾ തന്നിലൂടെ നടക്കുമ്പോഴും വർഷങ്ങളോളം ക്ഷയരോഗിയായി കഴിഞ്ഞു അദ്ദേഹം. ചിലപ്പോൾ വേദന കാരണം ഇരുന്നുകൊണ്ടായിരുന്നു അദ്ദേഹം പ്രസംഗിച്ചിരുന്നത്. ഒടുവിൽ ദീർഘനാളത്തെ വേദനയ്ക്കൊടുവിൽ 43-ാം വയസ്സിൽ 1944 ഓഗസ്റ്റ് 18 ന് അദ്ദേഹം നിത്യതയിൽ ചേർക്കപ്പെട്ടു.
ഉണർവിന്റെ വക്താവായിരുന്നു ജോൺ സങ്. ആയിരങ്ങൾ ആത്മീയ ഉണർവിൽ പങ്കാളികളാകാൻ അദ്ദേഹം വഴി തുറന്നു. ദക്ഷിണ ചൈനയിൽ ഉണർവിന്റെ തിരി കത്തിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ പ്രവാചക ശബ്ദമായി ജോൺ സങ് ചരിത്രത്താളുകളിൽ പ്രശോഭിക്കുന്നു.
Go Back