PUBLISHED ARTICLES

ഡേവിഡ് ലിവിങ്സ്റ്റണ്‍

ആഫ്രിക്കയെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ ആ യുവാവിന്റെ ഹൃദയത്തില്‍ നിറയാന്‍ തുടങ്ങി. കര്‍ത്താവിന്റെ കല്‍പ്പന തന്നോടു നേരിട്ടു സംസാരിക്കുന്നതായി അനുഭവപ്പെട്ടു, 'പോകുക! വഴി വെട്ടിത്തുറക്കുവാന്‍, പാത കാട്ടുവാന്‍, മുന്നണിപ്പോരാളിയായി, സുവിശേഷമെത്തിക്കുവാന്‍ - മിഷനറിയുടെ വേല ചെയ്യുക! ഇതാ ഞാന്‍ നിന്നോടു കൂടെയുണ്ട് - നീയൊരിക്കലും ഏകനല്ല, അതിനാല്‍ ഭയപ്പെടേണ്ട.'

A professed christian and a dedicated professional in the Christian publication industry.

Mathew
Palathunkal
Author
Mathew Palathunkal

ഒരു മിഷനറിയും കടന്നുചെന്നിട്ടില്ലാത്ത ആയിരക്കണക്കിനു ഗ്രാമങ്ങളില്‍ നിന്നുയരുന്ന പുക, പ്രഭാത സൂര്യന്റെ വെളിച്ചത്തില്‍ ഞാന്‍ കാണാറുണ്ട്.

രച്ചതാടി ഉഴിഞ്ഞുകൊണ്ട് ആജാനബാഹുവായ പ്രസംഗകന്‍ പറഞ്ഞവാക്കുകള്‍ ആ യുവാവിന്റെ ഹൃദയത്തിലാണ് തറച്ചത്. ദീര്‍ഘവര്‍ഷങ്ങളായി ആഫ്രിക്കയില്‍ മിഷനറിയായിരിക്കുന്ന റോബര്‍ട്ട് മോഫറ്റ് ആയിരുന്നു പ്രസംഗകന്‍. യുവാവാകട്ടെ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് ഇനിയെന്തുവേണം എന്ന് ദൈവത്തോടു ചോദിച്ചുകൊണ്ടിരുന്ന ഡേവിഡ് ലിവിങ്സ്റ്റണും.


David Livingstone

ഇരുണ്ട ഭൂഖണ്ഡമെന്ന് അറിയപ്പെട്ടിരുന്ന ആഫ്രിക്കന്‍ വന്‍കരയുടെ ഉള്ളിലേക്ക് പ്രവേശിച്ച് പുറംലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്ത സുപ്രസിദ്ധ മിഷനറി ഡേവിഡ് ലിവിങ്സ്റ്റണ്‍ 1813 മാര്‍ച്ച് 19-ന് സ്‌കോട്ട്‌ലണ്ടിലെ ബ്ലാന്റയറില്‍ ദരിദ്രരെങ്കിലും ഭക്തരായ മാതാപിതാക്കളുടെ മകനായി ജനിച്ചു. പത്താമത്തെ വയസ്സില്‍ പരുത്തിമില്ലില്‍ ജോലിക്കാരനായി. രാവിലെ 6 മുതല്‍ രാത്രി 8 വരെ ആയിരുന്നു ജോലി സമയം. വായനാതല്‍പ്പരനായിരുന്ന ലിവിങ്‌സ്റ്റണ്‍ ജോലി ചെയ്ത് കടന്നുപോകുമ്പോള്‍ ഓരോ വാചകം വായിക്കത്തക്ക നിലയില്‍ പുസ്തകം തുറന്നുവെയ്ക്കുക പതിവായിരുന്നു. ഈ വായനയിലൂടെ ലാറ്റിന്‍ ഭാഷ പഠിക്കുകയും അനേക ഗ്രന്ഥങ്ങള്‍ വായിക്കുകയും ചെയ്തു.

ഇരുപതാമത്തെ വയസ്സില്‍ ഫിലോസഫി ഓഫ് റിലീജിയന്‍, ഫിലോസഫി ഓഫ് എ ഫ്യൂച്ചര്‍ സ്റ്റേറ്റ് എന്നീ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ അവസരം ലഭിച്ച ലിവിങ്സ്റ്റണ്‍ രക്ഷാനുഭവത്തിലേക്കു നടത്തപ്പെട്ടു.

തുടര്‍ന്ന് മിഷനറി വേലക്കു സഹായകമായ നിലയില്‍ വൈദ്യശാസ്ത്ര പഠനത്തിനായി ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം റോബര്‍ട്ട് മോഫറ്റിനെ കണ്ടുമുട്ടുന്നതും ആഫ്രിക്കയെക്കുറിച്ച് മനസ്സിലാക്കുന്നതും.

രക്ഷാനുഭവത്തോടുകൂടി മിഷനറി വേലക്കുള്ള ദര്‍ശനവും പ്രാപിച്ചു. അദ്ദേഹത്തെ അലട്ടിയ നിരന്തരമായ ചോദ്യം 'എന്റെ ജീവിതം കൊണ്ട് ഞാനെന്താണ് ചെയ്യേണ്ടത്?' എന്നതായിരുന്നു.

'സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍. ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടു കൂടെയുണ്ട്' (മത്തായി 28:18-20).

സകല അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു -  അതേ ശക്തി നമുക്കും ലഭ്യമാണ്.

പുറപ്പെട്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ -  അതേ പദ്ധതി നടപ്പാക്കേണ്ടതാണ്.

ഞാന്‍ നിങ്ങളോടു കൂടെയുണ്ട് - അതേ സാന്നിദ്ധ്യം ഉറപ്പാക്കിയിരിക്കുന്നു.

ഈ വേദഭാഗം ലിവിങ്സ്റ്റണെ ആഴമായി സ്വാധീനിച്ചുകൊണ്ടിരുന്നു.

ആഫ്രിക്കയെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ ആ യുവാവിന്റെ ഹൃദയത്തില്‍ നിറയാന്‍ തുടങ്ങി. കര്‍ത്താവിന്റെ കല്‍പ്പന തന്നോടു നേരിട്ടു സംസാരിക്കുന്നതായി അനുഭവപ്പെട്ടു, 'പോകുക! വഴി വെട്ടിത്തുറക്കുവാന്‍, പാത കാട്ടുവാന്‍, മുന്നണിപ്പോരാളിയായി, സുവിശേഷമെത്തിക്കുവാന്‍ - മിഷനറിയുടെ വേല ചെയ്യുക! ഇതാ ഞാന്‍ നിന്നോടു കൂടെയുണ്ട് - നീയൊരിക്കലും ഏകനല്ല, അതിനാല്‍ ഭയപ്പെടേണ്ട.'

'എനിക്ക് ആശ്രയിക്കാവുന്ന ഒരു വാഗ്ദത്തമായിരുന്നു അത്' ലിവിങ്സ്റ്റണ്‍ പറഞ്ഞു, 'കാരണം ഉന്നതനായ ഒരു മാന്യദേഹത്തിന്റെ വാക്കുകളായിരുന്നു അത്.'

താമസിയാതെ ലണ്ടന്‍ മിഷനറി സൊസൈറ്റി അദ്ദേഹത്തെ ആഫ്രിക്കയിലേക്കു നിയോഗിച്ചു. ഉടന്‍തന്നെ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഭവനത്തിലെത്തി. മാതാപിതാക്കള്‍ മകന്റെ തീരുമാനത്തിനു പൂര്‍ണ്ണ പിന്തുണ നല്‍കി. രാവിലെ അഞ്ചു മണിക്ക് അവര്‍ ഉണര്‍ന്ന് പ്രഭാത പ്രാര്‍ത്ഥന നടത്തി. ലിവിങ്‌സ്റ്റണ്‍ വായനക്കായി തിരഞ്ഞെടുത്ത വേദഭാഗം 121-ാം സങ്കീര്‍ത്തനമായിരുന്നു.

ചില ദിവസങ്ങള്‍ക്കുശേഷം ആഫ്രിക്കയിലേക്കു പോകുന്ന കപ്പലിന്റെ ഡെക്കില്‍ തുറന്ന വേദപുസ്തകവുമായി ചക്രവാളത്തിലേക്കു കണ്ണുംനട്ട് ലിവിങ്സ്റ്റണ്‍ നിന്നു. ഒരു ഭൂഖണ്ഡത്തെ മുഴുവന്‍ കര്‍ത്താവിനായി നേടുന്ന സ്വപ്നമായിരുന്നു ആ മനസ്സ് നിറയെ. എന്തു വിലകൊടുത്തും ആഫ്രിക്കയുടെ ഹൃദയത്തിലേക്ക് ഒരു പാത തുറക്കുവാനും അങ്ങനെ തനിക്കും തന്റെ പിന്‍ഗാമികള്‍ക്കും ആഫ്രിക്കയെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നതിന് വഴിയൊരുക്കുവാനും അദ്ദേഹം ദൃഢനിശ്ചയം ചെയ്തു.

കേവലം സ്വപ്നജീവി മാത്രമായിരുന്നില്ല അദ്ദേഹം; പ്രായോഗികമായി പ്രവര്‍ത്തിക്കുന്ന ആളുമായിരുന്നു. തന്റെ നീണ്ടയാത്രയില്‍ അവസരം ലഭിക്കുമ്പോഴെല്ലാം കപ്പിത്താന്റെയടുത്തുചെന്ന് ചോദ്യങ്ങള്‍ ചോദിക്കുകയും വിശാലമായ സമുദ്രത്തില്‍ ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും സഹായത്തോടെ ദിക്കു കണ്ടുപിടിക്കുന്ന മാര്‍ഗ്ഗം മനസ്സിലാക്കുകയും ചെയ്തു. 'ആഫ്രിക്കയിലെ വഴിയില്ലാത്ത മരുഭൂമിയിലും കൊടുങ്കാട്ടിലും ദിക്കറിയാന്‍ ഈ അറിവ് എന്നെ സഹായിക്കും' എന്നാണദ്ദേഹം പറഞ്ഞത്.

അല്‍ഗോവയില്‍ കപ്പലിറങ്ങിയ ലിവിങ്സ്റ്റണ്‍ കാളവണ്ടിയില്‍ 700 മൈലുകള്‍ യാത്രചെയ്ത് മോഫറ്റ് പ്രവര്‍ത്തിക്കുന്ന കുറുമനില്‍ എത്തി. മോഫറ്റും കൂട്ടുകാരും ഇവിടെ മരുഭൂമിയെ ഫലഭൂയിഷ്ടമായ തോട്ടമാക്കി മാറ്റിയിരുന്നു. ഒരു മിഷനറി കൂടി പ്രവര്‍ത്തിക്കേണ്ട ആവശ്യം അവിടെ ഇല്ലാതിരുന്നതിനാല്‍ അദ്ദേഹം ലെപ്പിലോളിലേക്കു യാത്രയായി. അവിടത്തുകാര്‍ ബാക്ക്‌വെനാ (മുതലയുടെ ജനം) വര്‍ഗ്ഗക്കാരായിരുന്നു. മുതലയെ ആരാധിക്കുന്നവരായിരുന്നു അവര്‍. അവിടെ ഒരു വീടുപണിത്, ഭാഷാപഠനം അദ്ദേഹം ആരംഭിച്ചു. ആറുമാസത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി ബാക്ക്വെനാ ഭാഷയില്‍ സംസാരിക്കാനും പ്രസംഗിക്കാനും അദ്ദേഹം പഠിച്ചു. ആഫ്രിക്കയിലെത്തി ഒരു വര്‍ഷം കഴിഞ്ഞ് അദ്ദേഹം പിതാവിനെഴുതി, 'ഞങ്ങളുടെ എല്ലാ പരിമിതികള്‍ക്കും അപ്പുറമായി ദൈവപ്രവൃത്തി ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞമാസം ഇരുപത്തി നാലുപേര്‍ സഭയോടു ചേര്‍ന്നു.'

ഒരു പ്രസംഗപര്യടനം കഴിഞ്ഞ് ബക്ക്‌വാനയിലെത്തിയ ലിവിങ്സ്റ്റണ്‍ കണ്ടത്, തന്റെ ആളുകളെ മുഴുവന്‍ മറ്റൊരു ഗോത്രക്കാര്‍ ആക്രമിച്ച് ചിലരെ കൊല്ലുകയും ബാക്കിയുള്ളവരെ പിടിച്ചുകൊണ്ടുപോകയും ചെയ്തിരിക്കുന്ന ഹൃദയഭേദകമായ കാഴ്ചയാണ്. അവിടെ തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ അദ്ദേഹം രണ്ടാഴ്ചത്തെ വഴിദൂരമുള്ള മബോട്ട്‌സായിലേക്കു പോയി. അവിടെ ബക്കാട്‌ല (കുരങ്ങിന്റെ ജനം) ഗോത്രക്കാരുടെയിടയില്‍ പാര്‍ത്ത് അവരുടെ രോഗികളെ ചികിത്സിക്കുകയും സുവിശേഷം അറിയിക്കുകയും ചെയ്തുപോന്നു. രാത്രിയില്‍ ഗ്രാമവാസികളോടൊപ്പം തീക്കുണ്ഡത്തിനു ചുറ്റുമിരുന്ന് അവരുടെ പൂര്‍വ്വികരുടെ വീരകഥകള്‍ ശ്രവിക്കും. തുടര്‍ന്ന് അദ്ദേഹം അവരോട് എക്കാലത്തെയും വലിയ വീരനായ യേശുവിനെക്കുറിച്ചും അവന്റെ ബലിമരണത്തെക്കുറിച്ചും പ്രസ്താവിക്കും. പ്രാദേശിക ഭാഷയിലേക്ക് അദ്ദേഹം തര്‍ജ്ജമ ചെയ്ത ആദ്യഗാനം, രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ പാപിക്കായ് എന്നതായിരുന്നു. ഒരു രാത്രി വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും ഗ്രാമവാസികളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ അദ്ദേഹത്തിന്റെ വിരല്‍ മുറിഞ്ഞു. മുറിവില്‍ നിന്നും രക്തം ഒഴുകുന്നതു കണ്ട് ആളുകള്‍ പറഞ്ഞു, 'അങ്ങ് സ്വയം മുറിവേറ്റ് ഞങ്ങളെ രക്ഷിച്ചു. ഇന്നുമുതല്‍ ഞങ്ങളുടെ ഹൃദയം അങ്ങയുടേതാണ്.' ഈ സംഭവം വിവരിച്ച് എഴുതിയ കത്തില്‍ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി, 'അവരുടെ അകൃത്യങ്ങള്‍ക്കുവേണ്ടി മുറിവേറ്റവന്‍, അവരുടെ വിലയേറിയ ആത്മാവിനുവേണ്ടി ചൊരിഞ്ഞ രക്തത്തെക്കുറിച്ച് അവര്‍ നന്ദിയുള്ളവരായിരിക്കയും അവന് ഹൃദയം സമര്‍പ്പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ എന്നു ഞാനാശിക്കുന്നു.'

Leave a Reply

Your email address will not be published. Required fields are marked *

TOP