Dark

Light

Dark

Light

Scroll to top
Get In Touch
Gilgal Creations
Post Box 27.
Kuttapuzha P O, Thiruvalla
Kerala, India - 689 103
Work Inquiries
[email protected]
Ph: +91 94952 38069

ഡേവിഡ് ലിവിങ്സ്റ്റണ്‍

ഡേവിഡ് ലിവിങ്സ്റ്റണ്‍

Table of Contents

Facebook
Twitter
LinkedIn
Email
Pocket
WhatsApp
Telegram

ഭാര്യയുടെ മരണത്തോടെ, തന്റെയും ശുശ്രൂഷയുടെ അന്ത്യമടുത്തു എന്ന ചിന്ത ലിവിങ്സ്റ്റണില്‍ അങ്കുരിച്ചു. ശേഷിക്കുന്ന സമയമത്രയും അടിമവ്യാപാരത്തിനെതിരായി പ്രവര്‍ത്തിക്കാനദ്ദേഹം ഉറച്ചു. ക്രിസ്തുവിനുവേണ്ടി ആഫ്രിക്കയില്‍ ചെയ്യാവുന്ന ഏറ്റവും വലിയ ശുശ്രൂഷ അതാണെന്നദ്ദേഹം വിശ്വസിച്ചു. തന്റെ ഡയറിയില്‍ ലിവിങ്സ്റ്റണ്‍ ഇപ്രകാരം രേഖപ്പെടുത്തി. “ക്രിസ്തുവിന്റെ രാജ്യത്തോടുള്ള ബന്ധത്തിലല്ലാതെ എനിക്കുള്ളതോ ഞാന്‍ ചെയ്യുന്നതോ ആയ യാതൊന്നും ഞാന്‍ വിലമതിക്കുന്നില്ല.”

1864-ല്‍ അദ്ദേഹം രണ്ടാമത്തേതും അവസാനത്തേതുമായ ഇംഗ്ലണ്ട് സന്ദര്‍ശനം നടത്തി. മക്കളെ കാണുന്നതോടൊപ്പം ഇരുണ്ട ഭൂഖണ്ഡത്തിലെ സുവിശേഷീകരണത്തിനായി ജനത്തെ ഉദ്‌ബോധിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. ഒരു വര്‍ഷം അദ്ദേഹം ഇംഗ്ലണ്ടില്‍ ചിലവഴിച്ചു. ഇവിടെയും അദ്ദേഹം വെറുതെ ഇരിക്കുകയായിരുന്നില്ല. അടിമവ്യാപാരത്തിന്റെ ഭീകരതയെക്കുറിച്ച് പ്രസംഗിക്കുകയും നേതാക്കളുമായി സംസാരിക്കുകയും ചെയ്യുകയായിരുന്നു. അടിമകളുടെ കരളലിയിക്കുന്ന കഥകള്‍ നിറഞ്ഞ ‘സാംബസിയും അതിന്റെ പോഷക നദികളും’ എന്ന ഗ്രന്ഥവും അദ്ദേഹം രചിച്ചു.

ആഫ്രിക്കയില്‍ മടങ്ങിയെത്തിയ അദ്ദേഹം അടിമക്കച്ചവടത്തിന്റെ ഭീകരത നേരിട്ടു കണ്ടു. സാന്‍സിബാര്‍ അടിമച്ചന്തയില്‍ മുന്നൂറു ആഫ്രിക്കക്കാരെ വില്‍പ്പനക്കായി നിരത്തി നിര്‍ത്തിയിരിക്കുന്നത് അദ്ദേഹം കണ്ടു. (ചില വര്‍ഷങ്ങള്‍ക്കുശേഷം, അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി അവിടെ അടിമവ്യാപാരം നിര്‍ത്തലാക്കിയെന്നു മാത്രമല്ല സാന്‍സിബാര്‍ അടിമച്ചന്തയുടെ സ്ഥാനത്ത് മനോഹരമായ ഒരു ദേവാലയം ഉയരുകയും ചെയ്തു). നദിയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒഴുകി നടക്കുന്ന ശവങ്ങള്‍ പതിവു കാഴ്ചയായിരുന്നു. ‘നടക്കുന്നിടത്തെല്ലാം മനുഷ്യന്റെ അസ്ഥികൂടം ചിതറിക്കിടന്നിരുന്നു. പതിനെട്ടു മാസം മുമ്പ് ജനങ്ങള്‍ തിങ്ങിനിറഞ്ഞ ഗ്രാമങ്ങളുടെയും പൂന്തോട്ടങ്ങളുടെയും ഈ താഴ്‌വര മനുഷ്യാസ്ഥികൊണ്ടു നിറഞ്ഞ മരുഭൂമിയായിരിക്കുന്നു.’ അദ്ദേഹമെഴുതി. ഒരു ദിവസം അടിമകളെ കൂട്ടത്തോടെ കൊണ്ടുപോകുന്ന കാഴ്ച കണ്ടു. പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ഒന്നിനോടൊന്നു ചങ്ങലയിട്ട് പുരുഷന്മാരുടെ കഴുത്ത് നുകത്തോടു ചേര്‍ത്ത് ബന്ധിച്ചിരുന്നു. വേഗം നടക്കാനായി ചാട്ടവാറുകൊണ്ട് ഇടക്കിടെ അവരെ പ്രഹരിച്ചിരുന്നു. ലിവിങ്സ്റ്റണെ കണ്ടതോടെ അടിമ വ്യാപാരികള്‍ കാട്ടിലേക്കോടിപ്പോയി. വളരെ സന്തോഷത്തോടെ അദ്ദേഹം ആ സാധുക്കളെ അഴിച്ചുവിട്ടു. അവര്‍ എണ്‍പത്തിനാല് പേരുണ്ടായിരുന്നു. അടിമത്വത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച അവര്‍ സുവിശേഷം സ്വീകരിച്ച് ആ പ്രദേശത്തെ വലിയ കൊയ്ത്തിന്റെ ആദ്യഫലങ്ങളായിത്തീര്‍ന്നു.

ഉള്‍പ്രദേശങ്ങളിലേക്ക് യാത്രയായ അദ്ദേഹത്തെ അപകടങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അടിമക്കച്ചവടക്കാര്‍ നൂറുകണക്കിനു ഗ്രാമങ്ങള്‍ തീക്കിരയാക്കിയതിനാല്‍ ഭക്ഷണം കിട്ടാതെ അദ്ദേഹം വലഞ്ഞു. ‘വിശപ്പ് ശമിപ്പിക്കാന്‍ ബെല്‍റ്റിന് മൂന്നു ദ്വാരം കൂടി ഇടേണ്ടി വന്നു’ എന്നദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ചുമട്ടുകാരിലൊരാള്‍ മരുന്നുപെട്ടിയുമായി ഓടിപ്പോയതാണ് ഇതിനെക്കാളെല്ലാം അദ്ദേഹത്തെ വലച്ചത്. കൂടെക്കൂടെയുണ്ടാകുന്ന പനിയില്‍ നിന്നും അല്‍പ്പം ആശ്വാസം നല്‍കിയിരുന്നത് ഈ മരുന്നുകളായിരുന്നു. എങ്കിലും അദ്ദേഹം തളര്‍ന്നില്ല. പനിയില്‍ വിറക്കുന്ന ശരീരവും വിശക്കുന്ന വയറുമായി നടന്നെത്തിയ അദ്ദേഹം നിന്നത് ടാങ്കനിക്ക തടാകക്കരയിലാണ്. തുടര്‍ന്ന് മൊവറോ തടാകവും മാസങ്ങള്‍ക്കുശേഷം ബംഗ്‌വെയോലാ തടാകവും അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തിന്റെ കാലുകളില്‍ വ്രണങ്ങള്‍ ഉണ്ടായി. കടുത്ത അതിസാരവും മറ്റു രോഗങ്ങളും ലിവിങ്സ്റ്റണെ തളര്‍ത്തി. മൂന്നുപേരൊഴികെ കൂട്ടാളികളെല്ലാം അദ്ദേഹത്തെ വിട്ടുപോയി. ഒടുവില്‍ ഉജിജിയിലെത്തിയപ്പോള്‍ ഒരു അസ്ഥിക്കൂമ്പാരം മാത്രമായി അദ്ദേഹം മാറിയിരുന്നു. ഇവിടെവെച്ച് അദ്ദേഹത്തിന്റെ സാമാനങ്ങള്‍ മുഴുവന്‍ കൊള്ളയടിക്കപ്പെട്ടു. യെരിഹോ പാതയില്‍‍, കള്ളന്മാരാല്‍ ആക്രമിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ട നിസ്സഹായനായ മനുഷ്യനാണ് താനെന്ന് അദ്ദേഹത്തിനു തോന്നി. പക്ഷേ, ദൈവം അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നില്ല.

‘നോക്കൂ… ഒരു വെള്ളക്കാരന്‍ വരുന്നു’ അദ്ദേഹത്തിന്റെ സഹായി വിളിച്ചു പറഞ്ഞു. ഗ്രാമപാതയിലൂടെ, ആഫ്രിക്കന്‍ സഹായികള്‍ക്കു മുമ്പിലായി ഒരു വെള്ളക്കാരന്‍ നടന്നുവരുന്നു. അദ്ദേഹത്തിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന അമേരിക്കന്‍ പതാക. ലിവിങ്സ്റ്റണെ അന്വേഷിച്ചു വന്ന ഹെന്റി എം. സ്റ്റാന്‍ലി ആയിരുന്നു അത്. ലിവിങ്സ്റ്റന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അഞ്ചു വര്‍ഷത്തിനിടെ അദ്ദേഹം കാണുന്ന ഏക വെള്ളക്കാരനായിരുന്നു സ്റ്റാന്‍ലി. ലിവിങ്സ്റ്റണ് വേണ്ടുന്ന ഭക്ഷണസാധനങ്ങളും മക്കളുടെ കത്തുകളും എല്ലാം സ്റ്റാന്‍ലി കൊണ്ടുവന്നിരുന്നു.

‘താങ്കള്‍ എങ്ങനെയാണ് ഈ കൊടുങ്കാട്ടില്‍ എത്തിച്ചേര്‍ന്നത്’ ലിവിങ്സ്റ്റണ്‍ ചോദിച്ചു. അതിന് സ്റ്റാന്‍ലി പറഞ്ഞ മറുപടി അത്ഭുതാവഹമായിരുന്നു. ന്യൂയോര്‍ക്ക് ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടറായിരുന്നു സ്റ്റാന്‍ലി. രണ്ടുവര്‍ഷം മുമ്പ് ജയിംസ് ഗോര്‍ഡന്‍ ബന്നറ്റ് അദ്ദേഹത്തെ വിളിച്ചിട്ടു പറഞ്ഞു, ‘സ്റ്റാന്‍ലി, ഡേവിഡ് ലിവിങ്സ്റ്റണ്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. ഞാനതു വിശ്വസിക്കുന്നില്ല. അദ്ദേഹം മദ്ധ്യ ആഫ്രിക്കയില്‍ ഒറ്റപ്പെട്ട്, രോഗിയായി അലഞ്ഞുതിരിയുന്നു. താങ്കള്‍ അവിടെപ്പോയി ലിവിങ്സ്റ്റണെ കണ്ടെത്തി അദ്ദേഹത്തിന് ആവശ്യമായ സഹായം നല്‍കണം. ചിലവിനെക്കുറിച്ച് ചിന്തിക്കേണ്ട. പോയി ലിവിങ്സ്റ്റണെ കണ്ടെത്തി സാംസ്‌കാരിക ലോകത്തേക്കു മടക്കിക്കൊണ്ടുവരൂ.’ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനു നല്‍കിയ നിയോഗം. വളരെ കഷ്ടപ്പാടുകള്‍ക്കും അലച്ചിലുകള്‍ക്കും ശേഷം സ്റ്റാന്‍ലി ലിവിങ്സ്റ്റണെ കണ്ടെത്തി.

അടുത്ത നാലുമാസം അവര്‍ ഒരുമിച്ച് സഞ്ചരിക്കുകയും സംസാരിക്കുകയും ജീവിക്കുകയും ചെയ്തു. ‘താങ്കള്‍ എനിക്കൊരു പുതിയ ജീവിതം തന്നു.’ ലിവിങ്സ്റ്റണ്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ‘താങ്കള്‍ എന്റെ നല്ല ശമര്യാക്കാരനാണ്.’ തന്നോടുകൂടെ ഇംഗ്ലണ്ടിലേക്കു വന്ന് മക്കളെ കാണാന്‍ സ്റ്റാന്‍ലി അദ്ദേഹത്തെ ഉപദേശിച്ചു. ‘എനിക്കെന്റെ ദൗത്യം പൂര്‍ത്തീകരിക്കണം’ അതായിരുന്നു ആ മിഷനറി വീരന്റെ മറുപടി. ഒടുവില്‍ സ്റ്റാന്‍ലി നിറമിഴികളോടെ വിടവാങ്ങി. പിന്നീടൊരിക്കലും ഒരു വെള്ളക്കാരനെ ലിവിങ്സ്റ്റ ണ്‍ കാണുകയുണ്ടായില്ല.

ലിവിങ്സ്റ്റന്റെ വ്യക്തിപ്രഭാവം സ്റ്റാന്‍ലിയെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. അദ്ദേഹമിപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്.

‘നാലുമാസം ഞാന്‍ അദ്ദേഹത്തോടൊപ്പം ഒരേ വീട്ടില്‍, ഒരേ ബോട്ടില്‍, ഒരേ കൂടാരത്തില്‍ ജീവിച്ചു. പക്ഷേ ഒരിക്കല്‍ പോലും ഒരു തെറ്റ് അദ്ദേഹത്തില്‍ കണ്ടില്ല. മാന്യത ഒരിക്കലും അദ്ദേഹത്തെ വിട്ടുപോയിരുന്നില്ല. ഉത്ക്കണ്ഠ, മനസ്സിന്റെ വ്യതിചലനം, ഭവനത്തില്‍ നിന്നും ബന്ധുജനങ്ങളില്‍ നിന്നുമുള്ള ദീര്‍ഘകാല അകല്‍ച്ച ഇവയൊന്നും പരാതി പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല. ഒടുവില്‍ എല്ലാം നന്നായി കലാശി ക്കും എന്നദ്ദേഹം ചിന്തിച്ചു; ദൈവീക നന്മയില്‍ അത്രമാത്രം വിശ്വാസമുണ്ടായിരുന്നു അദ്ദേഹത്തിന്.’

‘ഞാന്‍ നിന്നോടുകൂടെയുണ്ട്’ എന്ന വാഗ്ദത്തത്തിന്റെ അടിസ്ഥാനത്തിലാണ് സകലവും അദ്ദേഹം അഭിമുഖീകരിച്ചിരുന്നത്.

വീണ്ടും അടിമവ്യാപാരികളുടെ വഴിയിലൂടെ മുന്നേറാന്‍ അദ്ദേഹം തീരുമാനിച്ചു. 59-ാം പിറന്നാളില്‍ അദ്ദേഹം ഡയറിയില്‍ കുറിച്ചു.

‘മാര്‍ച്ച് 19, ജന്മദിനം. എന്റെ യേശു, എന്റെ രാജാവ്, എന്റെ ജീവന്‍, എന്റെ സര്‍വ്വസ്വവും, വീണ്ടും ഞാനെന്റെ സര്‍വ്വവും അങ്ങേക്കായി സമര്‍പ്പിക്കുന്നു. കരുണയുള്ള പിതാവേ, എന്നെ സ്വീകരിക്കുക, ഈ വര്‍ഷം തീരും മുമ്പേ എന്റെ ദൗത്യം പൂര്‍ത്തീകരിക്കുവാന്‍ സഹായിക്കുക. യേശുവിന്റെ നാമത്തില്‍ ഞാന്‍ അപേക്ഷിക്കുന്നു, ആമേന്‍, അതങ്ങനെ സംഭവിക്കട്ടെ.’

അധികം താമസിയാതെ, അടിമ വ്യാപാരം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് അമേരിക്കയുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു കത്ത് ന്യൂയോര്‍ക്ക് ഹെറാള്‍ഡിന് അദ്ദേഹം അയച്ചു. അതിന്റെ അവസാന വാചകം ഇപ്രകാരമായിരുന്നു. ആ വാചകമാണ് വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലുള്ള അദ്ദേഹത്തിന്റെ ശവകുടീരത്തിലെ ഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

‘ലോകത്തിന്റെ ഈ തുറന്ന വ്രണം സൗഖ്യമാക്കാന്‍ സഹായിക്കുന്ന അമേരിക്കക്കാരന്റെയും ഇംഗ്ലീഷുകാരന്റെയും തുര്‍ക്കിയുടെയും ഏവരുടെയും മേല്‍ സ്വര്‍ഗ്ഗത്തിലെ സമൃദ്ധിയായ അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടട്ടെ എന്നു പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എന്റെ ഏകാന്തതയില്‍ എനിക്കു കഴിയൂ.’

നൈല്‍ നദിയുടെ ഉത്ഭവസ്ഥാനം കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായില്ല. എങ്കിലും ലോകത്തിലെ ഏറ്റവും മികച്ച പര്യവേഷകരിലൊരാളായി അദ്ദേഹമിന്ന് ശോഭിക്കുന്നു. ആഫ്രിക്കയില്‍ 29,000 മൈലുകള്‍ അദ്ദേഹം സഞ്ചരിച്ചു. വിക്‌ടോറിയ വെള്ളച്ചാട്ടവും നഗാമി, ന്യാസാ, മൊവറോ, ബാംഗ്‌വെയോല തടാകങ്ങളും അനേക നദികളും അദ്ദേഹം പുറംലോകത്തിനു കാട്ടിക്കൊടുത്തു.

അന്ത്യനാളുകളില്‍ അദ്ദേഹം വളരെ പരിക്ഷീണനും രോഗിയുമായിത്തീര്‍ന്നു. അവശേഷിച്ച സഹായികള്‍ക്ക് അദ്ദേഹത്തെ സ്‌ട്രെച്ചറില്‍ ചുമക്കേണ്ടിവന്നു. ഒടുവില്‍ ചിറ്റാംബോ ഗ്രാമത്തിലെത്തി വേഗത്തില്‍ ഒരു കുടില്‍ നിര്‍മ്മിച്ച് അദ്ദേഹത്തെ കിടത്തി. 1873 മെയ് 4-ന് കാലത്ത് സഹായികള്‍ കണ്ടത് അദ്ദേഹത്തിന്റെ മൃതശരീരമായിരുന്നു. ആത്മാവ് നിത്യവിശ്രാമത്തിനായി പറന്നുപോയിരുന്നു. അദ്ദേഹത്തിന്റെ സഹായികളായ സൂസിയും ചുമായും ആദരവോടെ തുടര്‍ന്നുള്ള കര്‍മ്മങ്ങള്‍ ചെയ്തു. അദ്ദേഹത്തിന്റെ ഹൃദയം ആഫ്രിക്കന്‍ മണ്ണില്‍ സംസ്‌കരിച്ചു. ശരീരം നാടന്‍ രീതിയനുസരിച്ച് ലേപനം ചെയ്ത് തുറമുഖത്തെത്തിച്ച് ഇംഗ്ലണ്ടിലേക്കയച്ചു.

1874 ഏപ്രില്‍ 18-ന് ഹെന്റി എം. സ്റ്റാന്‍ലി, ലിവിങ്സ്റ്റന്റെ ഭാര്യാപിതാവ് റോബര്‍ട്ട് മോഫറ്റ് എന്നിവരുടെയും വന്‍ജനാവലിയുടെയും സാന്നിദ്ധ്യത്തില്‍ ലിവിങ്സ്റ്റന്റെ ഭൗതികാവശിഷ്ടം വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ സംസ്‌കരിച്ചു.

ഒരു പുരുഷായുസ്സ് മുഴുവന്‍ ഇരുളടഞ്ഞ പ്രവര്‍ത്തനമേഖലയില്‍ പരാതിയോ പിറുപിറുപ്പോ കൂടാതെ അത്യദ്ധ്വാനം ചെയ്ത ആ മിഷനറിവര്യന് ജന്മനാട് അര്‍ഹിക്കുന്ന ബഹുമതി നല്‍കി ആദരിച്ചു.

Facebook
Twitter
LinkedIn
Email
Pocket
WhatsApp
Telegram

Post a comment

Your email address will not be published. Required fields are marked *