പൗലൊസിന്റെ സുവിശേഷം എന്നു വിളിക്കാവുന്ന റോമാലേഖനം, പൗലൊസിന്റെ ഉപദേശപരമായ ഗ്രന്ഥങ്ങളില്‍ ഏറ്റവും വ്യവസ്ഥാപിതവും യുക്തിപരവുമായ ഗ്രന്ഥമാണ്. റോമിലെ ചില സാഹചര്യങ്ങള്‍ ലേഖനത്തിന്റെ പശ്ചാത്തലമായി ഭവിച്ചിട്ടുണ്ടെന്നതു ശരിയാണെങ്കിലും തികച്ചും നിഷ്പക്ഷമായ ലേഖനമാണിതെന്നു പറയുന്നതില്‍ തെറ്റില്ല. ഗലാത്യലേഖനത്തിലെ സത്യങ്ങളുടെ ദൈവശാസ്ത്രപരമായ വികാസമാണ് റോമര്‍. റോമാലേഖനത്തിന്റെ വികാസം ഒരു സംക്ഷിപ്ത ചാക്രിക ലേഖനത്തിലാക്കിയതാണ് എഫെസ്യലേഖനം. പൗലൊസിന്റെ സുവിശേഷം മാറുന്നില്ല, മറിച്ച് അവന്റെ അവതരണരീതി മാറുന്നു.
റോമാലേഖനം ആദിയോടന്തം തുടരുന്ന ഒരു സംഘര്‍ഷം കാണാവുന്നതാണ്. യെഹൂദനും ജാതിയും എന്ന നിലയില്‍ പൗലൊസ് ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ക്കെല്ലാം പിന്നില്‍ ആ പ്രശ്നം ദര്‍ശിക്കാം. റോമിലെ സഭയില്‍ സംജാതമായ ഒരു പ്രശ്നത്തെ പരിഹരിക്കാനായിരിക്കാം പൗലൊസ് ഈ ലേഖനം എഴുതിയതെന്ന ചിന്തയിലേക്ക് വായനക്കാരനെ ഇതെത്തിക്കുന്നു. “ക്രെസ്റ്റോസിന്റെ (ക്രിസ്തു ആയിരിക്കാം) പ്രേരണയാല്‍” റോമിലെ യെഹൂദന്മാര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നു കണ്ടതിനാല്‍ ക്ലോഡിയസ് സീസര്‍ യെഹൂദന്മാരെ റോമില്‍ നിന്നും പുറത്താക്കിയതായി ക്ലോഡിയസിന്റെ ജീവചരിത്രകാരനായ സ്യൂട്ടോണിയസ് (എ. ഡി. 75-160) രേഖപ്പെടുത്തിയിരിക്കുന്നു.1 അന്ന് റോമില്‍ ഏതാണ്ട് 40,000 യെഹൂദന്മാരുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ക്രിസ്ത്യാനികളായ യെഹൂദന്മാരും ഇപ്രകാരം പുറത്താക്കപ്പെടുകയുണ്ടായി (പ്രവൃ. 18:2). ക്രിസ്ത്യാനിത്വം യെഹൂദമതത്തിന്റെ ഭാഗമെന്നു വിശ്വസിച്ചിരുന്നവരായിരുന്നു യെഹൂദ ക്രിസ്ത്യാനികള്‍. സഭയിലെ അധ്യക്ഷപദവിയും അവരാണ് അലങ്കരിച്ചിരുന്നത്. യെഹൂദ ക്രിസ്ത്യാനികള്‍ റോമാപട്ടണം വിട്ടുപോയതിനെത്തുടര്‍ന്ന് ജാതികളില്‍നിന്നുള്ള ക്രിസ്ത്യാനികള്‍ അവശേഷിക്കുകയും അവര്‍ നേതൃത്വത്തിലെത്തുകയും ചെയ്തു. യെഹൂദന്മാര്‍ വീണ്ടും മടങ്ങിയെത്തിയതിനെത്തുടര്‍ന്ന് യെഹൂദ ക്രിസ്ത്യാനികളും ജാതികളില്‍നിന്നുള്ള ക്രിസ്ത്യാനികളും തമ്മില്‍ നേതൃത്വത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായി. ഈ സാഹചര്യത്തെ നേരിടുന്നതിനും കൂടിയാണ് പൗലൊസ് ലേഖനമെഴുതുന്നത്.2 യെഹൂദ പക്ഷം നിന്നാണ് പൗലൊസ് സംസാരിക്കുന്നതെന്നു തോന്നുമെങ്കിലും ദൈവത്തിന്റെ വീണ്ടെടുപ്പിന് പദ്ധതിയില്‍ യെഹൂദന്റെയും ജാതികളുടെയും സ്ഥാനം തുല്യമാണെന്ന് പൗലൊസ് വാദിക്കുന്നു.
യെഹൂദനു വിശേഷതയുണ്ടോ?
ഈ ചോദ്യം പലവട്ടം ആവര്‍ത്തിക്കുന്ന പൗലൊസ് നീതീകരണത്തോടുള്ള ബന്ധത്തില്‍ ഇല്ല എന്ന ഉത്തരം ആണു നല്‍കുന്നത്. യെഹൂദനും യവനനും ഒരുപോലെ പാപത്തിന് കീഴാകുന്നു (റോമര്‍ 3:9). യെഹൂദനായതുകൊണ്ടും, അവര്‍ ദൈവത്തിന്റെ സ്വന്തജനമായതുകൊണ്ടും പാപത്തിന്‍കീഴല്ല എന്നു ചിന്തിച്ചിരുന്ന യെഹൂദനോടാണ് പൗലൊസ് ഇതു സംസാരിക്കുന്നത്. ഇവിടെ ചിന്തിക്കേണ്ട ഒരു വസ്തുത, പാപം ഭൂമിയില്‍ പ്രവേശിക്കുകയും മനുഷ്യന് പാപത്തിന് കീഴാകുകയും (ഉല്പത്തി 3) ചെയ്ത് എത്രയോ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണ് യെഹൂദ ജാതി ഉദയം ചെയ്തത്. ആദാമിന്റെ സന്തതിയില്‍ പെട്ട സകലരും, യെഹൂദനാകട്ടെ ജാതിയാകട്ടെ, പാപത്തിന്റെ കീഴിലാണ് (റോമര്‍ 5:12).
“ആദ്യം യെഹൂദനും” (റോമര്‍ 1:16) എന്ന പ്രയോഗം യെഹൂദനു മുന്‍ഗണന നല്കുന്നില്ലേ എന്ന ചോദ്യമുയര്‍ത്താം. ഇതിന്റെ കാരണം 2:9-10 ലും 3:1-20ലും ചുരുക്കമായി വിവരിക്കുകയും 9-11 അധ്യായങ്ങളില്‍ പൂര്‍ണ്ണമായി വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു. മത്താ. 10:6; 15:24; മര്‍ക്കൊ. 7:27; യോഹ. 4:22 എന്നീ വേദഭാഗങ്ങളിലെ യേശുവിന്റെ വാക്കുകളെയാണ് പൗലൊസ് പിന്തുടരുന്നത്. ഈ വാദഗതി ദൈവകേന്ദ്രീകൃതമാണ്, അതായത് ഇത് ചരിത്രത്തെ മനുഷ്യന്റെ വീക്ഷണത്തിലല്ല, ദൈവത്തിന്റെ വീക്ഷണത്തില്‍ കാണുന്നു.3
എന്തുകൊണ്ട് യെഹൂദന്?
യേശുകര്‍ത്താവിന്റെ മുമ്പില്‍ പോലും യെഹൂദന്മാര്‍ തങ്ങളുടെ വംശമഹിമ ഉയര്‍ത്തി സംസാരിക്കുകയുണ്ടായി (യോഹ. 8:33). ഗലീലയിലുള്ളവരെ കലര്‍പ്പുള്ളവരായി കണ്ടിരുന്ന യെഹൂദയിലെ ആളുകള്‍ യേശുവിനെയും അപ്രകാരമായിരിക്കാം വീക്ഷിച്ചിരുന്നത്. അബ്രാഹാമിന്റെ സന്തതിപരമ്പരയില്‍പെട്ട ജനത എന്ന നിലയില്‍ അഭിമാനിച്ചിരുന്ന യെഹൂദന് അബ്രാഹാമിന്റെ വിശ്വാസം (റോമര്‍ 9:30-33) പിന്തുടരുന്നതില് പരാജയപ്പെട്ടു. ദൈവത്തിന്റെ ജനമായി വിളിക്കപ്പെടുന്നത് ഒരു പദവിയും ഉത്തരവാദിത്വവുമായിരിക്കെ ഉത്തരവാദിത്വം മറന്ന് പദവിയില്‍ മാത്രം അഭിമാനംകൊള്ളുന്നവരായി അവര്‍ മാറി. ഇന്നും യെഹൂദന് ലോകരാഷ്ട്രങ്ങളുടെ കണ്ണിലെ കരടായി നിലനില്ക്കാന് കാരണം ഈ ഹുങ്ക് ആയിരിക്കാം. ക്രിസ്തീയ വിശ്വാസികളില്‍ തന്നെ നല്ലൊരു പങ്ക് ഇന്ന് യെഹൂദവിരോധികളായിത്തീര്‍ന്നിരിക്കുന്നതിന്റെ കാരണവും ഇതായിരിക്കാം. ഈ വിരോധം നിമിത്തം പഴയ നിയമത്തെ തള്ളിപ്പറയുന്നവരും കുറവല്ല.
എന്തുകൊണ്ടാണ് ദൈവം യെഹൂദന് ഇത്രയും പ്രാധാന്യം കല്പിക്കുന്നത്? പഴയനിയമ എഴുത്തുകാരും (വിശേഷിച്ച് പ്രവാചകന്മാര്) പൗലൊസ് തുടങ്ങിയ പുതിയനിയമ എഴുത്തുകാരും യെഹൂദന് അമിത പ്രാധാന്യം നല്കാന് ശ്രമിച്ചതാണോ അതിനു കാരണം? റോമര്‍ 9, 10 അധ്യായങ്ങളില്‍ പൗലൊസ് ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. പൗലൊസ് എബ്രായ പണ്ഡിതനായിരുന്നുവെങ്കിലും ജാതികളുടെ അപ്പൊസ്തലനായി വിളിക്കപ്പെട്ടവനായിരുന്നു. എല്ലാ യെഹൂദന്മാരെയും പോലെ പരിച്ഛേദനയില്‍ അഭിമാനം കൊണ്ടിരുന്നു എങ്കിലും രക്ഷിക്കപ്പെട്ട ജാതികള്‍ പരിച്ഛേദന ഏല്ക്കണം എന്നു പഠിപ്പിച്ചവര്‍ക്കെതിരെ അവന് നിലകൊണ്ടു. മാത്രമല്ല മതത്തിനും വംശീയ ശുദ്ധിക്കുമപ്പുറം ക്രിസ്തുവിലുള്ള വിശ്വാസമാണ് അബ്രാഹാമിന്റെ അനുഗ്രഹം പ്രാപിക്കാനുള്ള മാനദണ്ഡം എന്നു പൗലൊസ് പഠിപ്പിച്ചു. “ക്രിസ്തുവില്‍” എന്നത് പൗലൊസിന്റെ ഇഷ്ട പ്രയോഗമാണ്.
യെഹൂദന് എന്തുകൊണ്ട് ആ പദവിയില്‍ എത്തി എന്ന ചോദ്യത്തിനുള്ള ഉത്തരം ദൈവം അവരെ തിരഞ്ഞെടുത്തു എന്നതാണ്. മനുഷ്യവര്‍ഗ്ഗത്തിന്റെ വീണ്ടെടുപ്പ് എന്ന ദൈവത്തിന്റെ ആത്യന്തിക ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു മാധ്യമം മാത്രമായിരുന്നു യിസ്രായേലിന്റെ തിരഞ്ഞെടുപ്പ്. അബ്രാഹാമിനെ ദൈവം വിളിച്ചതിനാല്‍ അവന്റെ സന്തതിയായ യിസ്രായേല്‍ ആ പദവിയിലെത്തി. (മറിച്ച് മറ്റൊരു പേരുകാരനെയാണു ദൈവം വിളിച്ചിരുന്നതെങ്കില്‍ ആ പേരിലൊരു ജാതി ഇതേ ഉത്തരവാദിത്വം തന്നെ നിര്‍വഹിക്കും). അര്‍ത്ഥാല്‍, യിസ്രായേലിന് പ്രാധാന്യം കൈവന്നത് മനുഷ്യരുടെ ഇടപെടല്‍ കൊണ്ടല്ല, മറിച്ച് ദൈവിക തിരഞ്ഞെടുപ്പു നിമിത്തമാണ്.
തിരഞ്ഞെടുപ്പിന്റെ ആവശ്യകത
ആദാം പാപം ചെയ്ത് മരണത്തിന് അധീനനായപ്പോള്‍ ദൈവം ഒരു രക്ഷിതാവിനെ വാഗ്ദത്തം ചെയ്തു (ഉല്പ. 3:15, മനുഷ്യന്റെ വീഴ്ചയുടെ കാരണം ഉല്പത്തി 6 ലെ സംഭവമാണെന്നാണ് യെഹൂദന്മാര്‍ പഠിപ്പിക്കുന്നത് എന്ന വസ്തുത ഇത്തരുണത്തില്‍ പ്രസക്തമാണ്). പാപത്തില്‍ വീണുപോയ മനുഷ്യനോട് പിന്നീടും ദൈവം നേരിട്ടുതന്നെ ഇടപെട്ടുകൊണ്ടിരുന്നു. ഉല്പത്തിയില് മനുഷ്യന്റെ മൂന്നു മഹാവീഴ്ചകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്: (1) ആദാമിന്റെ പാപം (ഉല്പത്തി 3), (2) ജലപ്രളയത്തിനു കാരണമായ പാപം (ഉല്പത്തി 6), (3) ബാബേലിലെ മത്സരം (ഉല്പത്തി 11). ഈ മൂന്നാമത്തെ സംഭവത്തോടുകൂടി ദൈവം മനുഷ്യനോട് നേരിട്ട് ഇടപെടുന്ന രീതി അവസാനിപ്പിച്ച് ഒരു വ്യക്തിയിലൂടെയും ഒരു ജനത്തിലൂടെയും ഇടപെടുന്ന രീതി അവലംബിക്കുകയും ചെയ്തു. ഇതാണ് അബ്രാഹാമിന്റെ വിളിയുടെ പശ്ചാത്തലം.
ബാബേലിലെ കലഹം രേഖപ്പെടുത്തിയശേഷം പരിശുദ്ധാത്മാവു രേഖപ്പെടുത്തുന്നത് ചില വംശാവലികളാണ്. അത് എത്തി നില്‍ക്കുന്നതാകട്ടെ അബ്രാഹാമിലും (ഉല്പത്തി 11:10-26 കാണുക). ചുരുക്കത്തില്‍ അബ്രാഹാമിന്റെ ചരിത്രം ആരംഭിക്കുന്നത് ഉല്പത്തി 12 ല്‍ അല്ല, മറിച്ച് 11:10 ല്‍ ആണ്. വംശാവലി രേഖപ്പെടുത്തുന്നത് അബ്രാഹാമിന്റെ വംശമഹിമ കാണിക്കാനല്ല, മറിച്ച് അവനും ദൈവിക വിളിക്ക് അര്‍ഹനാണ് എന്നു കാണിക്കുന്നതിനാണ്. എന്നിരുന്നാലും ദൈവത്തിന്റെ വിളിയും തിരഞ്ഞെടുപ്പും അര്‍ഹതയുടെ അടിസ്ഥാനത്തില്ല, ദൈവത്തിന്റെ ഇഷ്ടത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ വംശാവലി നിശ്ചയിച്ചശേഷം വിളിക്കുകയല്ല, മറിച്ച് വിളിച്ചവരുടെ വംശാവലി രേഖപ്പെടുത്തുകയാണു ചെയ്യുന്നത്.