Dark

Light

Dark

Light

Scroll to top
Get In Touch
Gilgal Creations
Post Box 27.
Kuttapuzha P O, Thiruvalla
Kerala, India - 689 103
Work Inquiries
[email protected]
Ph: +91 94952 38069

റോമാ ലേഖനം – ഒരു ആമുഖം

റോമാ ലേഖനം – ഒരു ആമുഖം

Table of Contents

Facebook
Twitter
LinkedIn
Email
Pocket
WhatsApp
Telegram

അപ്പൊസ്തലനായ പൗലൊസിന്റെ ലേഖനങ്ങളില്‍ ഏറ്റവും ശ്രദ്ധേയവും ഏറെ തെറ്റിദ്ധരിക്കപ്പെട്ടതുമായ ഒന്നാണ് റോമാലേഖനം. സ്വീകര്‍ത്താക്കള്‍ ആരെന്നു തുടങ്ങി രചനോദ്ദേശ്യവും യെഹൂദ-ജാതി സംവാദവും വരെ തര്‍ക്കവിഷയമായി തീര്‍ന്നിട്ടുണ്ട്. എന്നിരുന്നാലും യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ അന്തഃസത്ത വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ലേഖനം എന്ന നിലയില്‍ റോമാലേഖനം വിശ്വാസപ്രമാണങ്ങളുടെ ആധാരശിലയായി വര്‍ത്തിക്കുന്നു. ഒരു പ്രത്യേക സഭയ്ക്ക് എന്നതിലുപരി ലോകമെമ്പാടുമുള്ള ദൈവജനത്തിനുവേണ്ടിയാണ് റോമാ ലേഖനം എഴുതപ്പെട്ടത് എന്ന വാദത്തിനാണ് വേദപണ്ഡിതന്മാരുടെയിടയില്‍ സ്വീകാര്യതയുള്ളത്. കാരണം റോമിലെ സഭ ഒരു പ്രാദേശിക സഭയല്ല മറിച്ച് അനേക ഭവനസഭകളുടെ കൂട്ടമാണ് എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. അക്വിലാവിന്റെയും പ്രിസ്‌കില്ലയുടെയും വീട്ടിലെ സഭ (16:5), “ഹെര്‍മ്മാസിനും കൂടെയുള്ള സഹോദരന്മാര്‍ക്കും” (16:14), “ഒലുമ്പാസിനും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാര്‍ക്കും” (16:15) എന്നീ പ്രയോഗങ്ങള്‍ ഭവന സഭകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

റോമിലെ സഭ

റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനവും പ്രധാന നഗരവുമായ റോമില്‍ സഭയുടെ ആരംഭനാളുകളില്‍ തന്നെ സുവിശേഷം എത്തിയെന്നതിന് തെളിവുകളുണ്ട്. റോമിലെ സഭയുടെ ആരംഭത്തെ സംബന്ധിച്ച് ധാരാളം സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. അതില്‍ ഏറ്റവും അംഗീകാരയോഗ്യമായ വാദം പെന്തെക്കോസ്തു നാളില്‍ യെരൂശലേമില്‍ ഉണ്ടായിരുന്നവരും സുവിശേഷം കേട്ടു രക്ഷിക്കപ്പെട്ടവരുമായ റോമാപട്ടണക്കാര്‍ മടങ്ങിപ്പോയി റോമില്‍ സഭ സ്ഥാപിച്ചുവെന്നുള്ളതാണ് (“… റോമയില്‍ നിന്നു വന്നു പാര്‍ക്കുന്നവരും” റോമ. 2:10). മറ്റൊരു വാദം പൗലൊസ് സഭകള്‍ സ്ഥാപിച്ച പട്ടണങ്ങളില്‍നിന്നും റോമില്‍ എത്തിയ വിശ്വാസികള്‍ സഭ സ്ഥാപിച്ചുവെന്നതാണ്. ഏതായാലും റോമാസഭയിലെ ആദ്യകാല വിശ്വാസികള്‍ യെഹൂദന്മാരും യെഹൂദമതാനുസാരികളും ഭക്തന്മാരും ആയിരുന്നു – പരിച്ഛേദന സ്വീകരിച്ച് യെഹൂദമതത്തിലേക്കു വന്നവരാണ് യെഹൂദമതാനുസാരികള്‍. പരിച്ഛേദനയേല്ക്കാതെ യെഹൂദ വിശ്വാസം സ്വീകരിച്ചവരാണ് ഭക്തന്മാര്‍. പിന്നീട് ജാതികളില്‍നിന്നുള്ളവരും സഭയിലേക്കു വന്നു. ചുരുക്കത്തില്‍ യെഹൂദന്മാരില്‍നിന്നുള്ളവരും ജാതികളില്‍നിന്നുള്ളവരും ഉള്‍പ്പെട്ടതായിരുന്നു റോമിലെ സഭ.

പൗലൊസിന്റെ കാലത്ത് റോമിലെ ജനസംഖ്യ 6.5 ലക്ഷം ആയിരുന്നു എന്ന് റോഡ്നി സ്റ്റാര്‍ക്കിനെ ഉദ്ധരിച്ച് ആര്‍തര്‍ ജി. പാറ്റ്സിയ പറയുന്നു (Arthur G. Patzia, The Emergence of the Church, P.141). ഡി.എ.ഹെയ്റ്റ്സിന്റെ അഭിപ്രായത്തില്‍ ജനസംഖ്യ 15 ലക്ഷമാണ്. യെഹൂദന്മാരുടെ ജനസംഖ്യ 40,000-50,000 നുമിടയ്ക്കായിരുന്നു. ടൈബര്‍നദിയുടെ മറുകരയില്‍ അവര്‍ക്കു ഗവണ്മെന്റു കല്പിച്ചു നല്‍കിയ സ്ഥലത്ത് അവര്‍ പാര്‍ത്തിരുന്നതായി ഫിലോ രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് പതിനൊന്നോളം ഡിസ്ട്രിക്ട് സിനഗോഗുകള്‍ ഉണ്ടായിരുന്നു.

ആരംഭത്തില്‍ ക്രിസ്തീയ സഭയില്‍ യെഹൂദന്മാര്‍ക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ എ.ഡി. 49 ല്‍ ക്ലോഡിയസ് സീസര്‍ യെഹൂദന്മാരെ റോമില്‍നിന്നു പുറത്താക്കിയപ്പോള്‍ (പ്രവൃ. 18:2) യെഹൂദ ക്രിസ്ത്യാനികള്‍ക്കും നഗരം വിട്ടുപോകേണ്ടിവന്നു. ക്ലോഡിയസിന്റെ ജീവചരിത്രകാരനായ സ്യൂട്ടോണിയസ് അതിനെക്കുറിച്ചു പറയുന്നത്, “ക്രെസ്റ്റസിന്റെ പ്രേരണയില്‍ നിരന്തരം പ്രശ്നം സൃഷ്ടിച്ചുകൊണ്ടിരുന്ന യെഹൂദന്മാരെ ക്ലോഡിയസ് റോമില്‍നിന്നു പുറത്താക്കി” (‘[Claudius] expelled from Rome Jews who were making constant disturbances at the instigation of Chrestus’). ‘ക്രെസ്റ്റസ്’ എന്നത് ക്രിസ്തു എന്ന നാമത്തെ സ്യൂട്ടോണിയസ് തെറ്റായി മനസ്സിലാക്കിയതായിരിക്കാം എന്നാണ് വേദപണ്ഡിതന്മാരുടെ അഭിപ്രായം. ഈ സമയത്താണ് അക്വിലാവും പ്രിസ്‌കില്ലയും കൊരിന്തിലെത്തിയത്. എ.ഡി. 54-ല്‍ ക്ലോഡിയസ് മരിച്ചതോടെ യെഹൂദന്മാര്‍ക്കു റോമില്‍ മടങ്ങിച്ചെല്ലുവാന്‍ അനുമതി ലഭിച്ചു. യെഹൂദ ക്രിസ്ത്യാനികള്‍ നഗരം വിട്ടുപോയപ്പോള്‍ സഭയില്‍ ജാതിയ ക്രിസ്ത്യാനികള്‍ മാത്രമാകുകയും ഭരണ, ശുശ്രൂഷാ ചുമതലകള്‍ അവരുടെമേല്‍ വരികയും ചെയ്തു. യെഹൂദന്മാര്‍ മടങ്ങിച്ചെന്നതോടെ വീണ്ടും ഭരണ, ശുശ്രൂഷാ ചുമതലകളെച്ചൊല്ലി ജാതീയ ക്രിസ്ത്യാനികളുമായി സംഘര്‍ഷമുണ്ടായി എന്നനുമാനിക്കാം. യെഹൂദ-ജാതീയ സന്തുലനത്തിനുള്ള പൗലൊസിന്റെ ശ്രമം ഈ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

രചനോദ്ദേശ്യം

എ.ഡി. 57/58 ല്‍ കൊരിന്തില്‍വെച്ച് പൗലൊസ് ഈ ലേഖനം എഴുതിയെന്നാണ് അനുമാനിക്കപ്പെടുന്നത്. രചനോദ്ദേശ്യം സംബന്ധിച്ച് വേദപണ്ഡിതന്മാരുടെയിടയില്‍ അഭിപ്രായ ഐക്യം ഇല്ലെങ്കിലും പ്രധാനമായും താഴെപ്പറയുന്ന കാരണങ്ങളാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

സ്പെയിനിലേക്കുള്ള തന്റെ മിഷനറിയാത്രയ്ക്ക് റോമിലെ സഭയില്‍ നിന്നും സഹായം ലഭിക്കുന്നതിനുള്ള ഒരു അഭ്യര്‍ത്ഥന (1:9; 15:22-24). കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെ തന്റെ അപ്പൊസ്തലിക വേല തീര്‍ന്നതായി പൗലൊസ് കണ്ടു (ഒ.നോ. 15:20-23, 28). പടിഞ്ഞാറ് പ്രവര്‍ത്തനം തുടങ്ങണമെങ്കില്‍ ഒരു ബേസ്‌ക്യാമ്പ് തനിക്കാവശ്യമാണ്. റോമാണ് അതിനു യോജിച്ച സ്ഥലം. അതിനാല്‍ റോമിലെത്തി അവരെ കാണുന്നതിനുമുമ്പ് താന്‍ പ്രസംഗിക്കുന്ന സുവിശേഷം എന്താണെന്നും യെഹൂദന്മാരോടും ജാതികളോടുമുള്ള തന്റെ സമീപനം എന്താണെന്നും അവരെ എഴുതി അറിയിക്കുകയാണ് ഈ ലേഖനത്തിലൂടെ. “അതിനാല്‍ താന്‍ എങ്ങനെയാണ് സുവിശേഷം പ്രസംഗിച്ചിരുന്നതെന്ന് വിവരിച്ചു തെളിയിക്കുകയാണ് ഈ ലേഖനത്തില്‍” (Anders Nygren, Commentary on Romans, Philadelphia, Fortress, 1949). റോമിലെ സഭയ്ക്കു തന്നെ പരിചയപ്പെടുത്തുന്നതിന്. യെരൂശലേമില്‍ യഥാര്‍ത്ഥമായി മാനസാന്തരപ്പെട്ട യെഹൂദന്മാരില്‍ നിന്നും (ഒ.നോ. പ്രവൃ. 15 ലെ യെരൂശലേം കൗണ്‍സില്‍) ശരിയായ മാനസാന്തരമില്ലാത്ത യെഹൂദന്മാരില്‍ നിന്നും (ഗലാത്യര്‍, 2 കൊരി. 3, 10-13 ലെ യെഹൂദമതവാദികള്‍), സുവിശേഷത്തെ തങ്ങളുടെ സിദ്ധാന്തങ്ങളുടെ തത്വശാസ്ത്രങ്ങളുമായി (അതായത് ജ്ഞാനവാദം) കൂട്ടിക്കുഴയ്ക്കാന്‍ ശ്രമിച്ച ജാതികളില്‍ നിന്നും വളരെ എതിര്‍പ്പുകള്‍ പൗലൊസ് നേരിട്ടിരുന്നു. അതിനാല്‍ തന്നെക്കുറിച്ചുള്ള തെറ്റായ പല വാര്‍ത്തകളും റോമിലെ വിശ്വാസികളുടെ കാതുകളിലെത്തിയിട്ടുണ്ടാകാം. യേശുവിന്റെ പഠിപ്പിക്കലുകളോട് സ്വന്ത ആശയം കൂട്ടിച്ചേര്‍ക്കുവാന്‍ മടിക്കാത്ത അപകടകാരിയായ നവീനോപദേശക്കാരനാണ് പൗലൊസ് എന്ന് ചിലര്‍ ആരോപിച്ചിരുന്നു. പഴയനിയമവും യേശുവിന്റെ ഉപദേശങ്ങളും (സുവിശേഷങ്ങള്‍) ഉപയോഗിച്ചുകൊണ്ട് തന്റെ സുവിശേഷം എത്രമാത്രം സത്യമാണെന്ന് തെളിയിച്ച് വ്യവസ്ഥാപിതമായി തന്റെ വിശ്വാസത്തെ സാധൂകരിക്കുന്നതിനുള്ള പൗലൊസിന്റെ മാര്‍ഗ്ഗമാണ് റോമാലേഖനം. സഭയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍. പ്രധാനമായും യെഹൂദ-ജാതീയ വിശ്വാസികളും, റോമാ സമൂഹത്തിലെ വിവിധ സമൂഹങ്ങളും (പുരുഷനും സ്ത്രീയും, അടിമയും സ്വതന്ത്രനും) ഉള്‍പ്പെട്ടതായിരുന്നു റോമാ സഭ. 16-ാം അധ്യായത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന 25 പേരുകളില്‍ ഗ്രീക്കുകാരും റോമക്കാരും യെഹൂദരും ഉള്‍പ്പെട്ടിരുന്നു.

വിഷയ സംഗ്രഹം

പ്രശസ്ത വ്യാഖ്യാതാവായ ഡോ. ജോണ്‍ സ്റ്റോട്ട് റോമാലേഖനത്തെ ഇപ്രകാരം സംഗ്രഹിച്ചിരിക്കുന്നു: ദൈവകോപം, 1:18-3:20; ദൈവകൃപ, 3:21-8:39; ദൈവ പദ്ധതി, അ. 9-11; ദൈവഹിതം, 12:1-15:13. വേദപണ്ഡിതനായ ബ്രൂസ് എം. മെറ്റ്സ്ഗറിന്റെ അഭിപ്രായത്തില്‍ റോമാലേഖനത്തിലെ ആശയങ്ങള്‍ പെട്ടെന്നു പൗലൊസിന്റെ മനസ്സില്‍ വന്നവയല്ല, മറിച്ച് അനേക വര്‍ഷങ്ങളായി അവന്‍ ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നവയാണ്.

ലേഖനത്തെ പ്രധാനമായി ഉപദേശപരവും (അ. 1-11) പ്രായോഗികവും (അ. 12-16) എന്നു രണ്ടായി തിരിക്കാം. ഒന്നാമതായി പൗലൊസ് മുന്നോട്ടുവയ്ക്കുന്നത് നീതീകരണത്തിന്റെ സാര്‍വ്വലൗകിക ആവശ്യകതയാണ് (1:18-3:20). സകല ലോകവും ദൈവത്തില്‍നിന്നന്യപ്പെട്ട് ശിക്ഷാവിധിക്കു കീഴിലായിരിക്കുന്നു. ജാതീയ ലോകം വിഗ്രഹാരാധനയാലും മറ്റനേക പാപങ്ങളാലും ശിക്ഷാവിധിക്കു യോഗ്യമായപ്പോള്‍ (1:18-32), യെഹൂദന്‍ ന്യാപ്രമാണ ലംഘനത്താല്‍ ശിക്ഷാവിധിക്കു യോഗ്യരായി (2:1-3:20). യേശുക്രിസ്തുവിന്റെ വീണ്ടെടുപ്പിന്‍ പ്രവൃത്തിയിലൂടെ ദൈവം തന്റെ കൃപയാല്‍ പാപങ്ങള്‍ക്കു പരിഹാരം വരുത്തിയിരിക്കുന്നു എന്നതാണ് സുവിശേഷം. “വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു” (3:25).

പഴയ നിയമത്തില്‍നിന്നും അബ്രാഹാം വിശ്വാസത്താലാണ് നീതീകരിക്കപ്പെട്ടത് (ഉല്പ. 15:6) എന്നതിന് തെളിവു ഹാജരാക്കുന്നു. അതിനാല്‍ അബ്രാഹാമിന്റെ വിശ്വാസം പങ്കുവയ്ക്കുന്ന എല്ലാവരെയും ദൈവമക്കളായി ദൈവം പ്രഖ്യാപിക്കുന്നു (4:1-25). വിശ്വാസത്താലുള്ള നീതീകരണത്തിന്റെ ഫലം വിശ്വാസികള്‍ക്കു നല്‍കപ്പെട്ട പരിശുദ്ധാത്മാവിനാല്‍ ഉറപ്പാക്കപ്പെട്ട സമാധാനവും സന്തോഷവും നിരപ്പുമാണ് (5:1-11).

കൃപയാല്‍ രക്ഷിക്കപ്പെടുന്നു എന്നതും അതിന് മനുഷ്യന്റെ പ്രവൃത്തികള്‍ നിദാനമല്ല എന്നതും പാപം ചെയ്യുന്നതിനുള്ള അനുവാദമായി വ്യാഖ്യാനിക്കുന്ന ദുഷ്ടമനസ്സുകള്‍ക്കുള്ള മറുപടിയാണ് ആറാം അധ്യായം. ക്രിസ്തുയേശുവിലെ വിശ്വാസത്താല്‍ ഒരുവന്‍ ക്രിസ്തുവിനോടു ചേരുകയും ക്രിസ്തുവിനെ ധരിക്കുകയും അവനോട് ഐകമത്യപ്പെടുകയും ചെയ്തിരിക്കെ ക്രിസ്തുവിനെ വിട്ട് പഴയ യജമാനനായ പാപത്തെ സേവിക്കുവാന്‍ ഒരുവനു കഴിയുന്നതെങ്ങനെ എന്നാണ് പൗലൊസ് ചോദിക്കുന്നത് (6:1-7:6). ന്യായപ്രമാണം പാപത്തെ ഉളവാക്കുന്നു എന്നു പൗലൊസ് പ്രസംഗിക്കുന്നു എന്നു വാദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് അടുത്ത അധ്യായത്തില്‍. ന്യായപ്രമാണത്തിനു മനുഷ്യനെ രക്ഷിക്കാന്‍ കഴിയാത്തത് അത് തിന്മയായതുകൊണ്ടല്ല മറിച്ച് മനുഷ്യന്‍ പാപിയായതുകൊണ്ടും ന്യായപ്രമാണം പാലിക്കാന്‍ അവനു കഴിയാത്തതുകൊണ്ടുമാണ് (7:7-25).

സുവിശേഷത്തിന്റെ സാധകാത്മക ഫലത്തിലേക്കു തിരിഞ്ഞുകൊണ്ട്, ക്രിസ്തുവിനോടു ചേര്‍ന്നതിനാല്‍ വിശ്വാസികള്‍ ദൈവമക്കളായിത്തീര്‍ന്നിരിക്കുന്നുവെന്നും പരിശുദ്ധാത്മാവിനാല്‍ നടത്തപ്പെടുന്നു എന്നും പൗലൊസ് പറയുന്നു (8:1-39). തുടര്‍ന്നാണ് യിസ്രായേലിനെ സംബന്ധിച്ചുള്ള ദൈവിക പദ്ധതിയിലേക്കു പൗലൊസ് വരുന്നത് (അ. 9-11). അവരുടെ തിരുവെഴുത്തുകളില്‍നിന്നു തന്നെയുള്ള തന്റെ പ്രസംഗത്തെ യഹൂദന്മാര്‍ എന്തുകൊണ്ട് നിരസിക്കുന്നു എന്ന വിഷയം സംബന്ധിച്ച് മൂന്നു നിഗമനങ്ങളാണ് പൗലൊസ് തരുന്നത്. (1) ദൈവം പരമാധികാരയാണ്, തിരുഹിതത്തിന്റെ പ്രസാദപ്രകാരം തിരഞ്ഞെടുക്കാനും നിരസിക്കാനും അവന് അധികാരമുണ്ട് (9:6-29). (2) യിസ്രായേലിനെ തള്ളിക്കളഞ്ഞത് അവരുടെ മനപ്പൂര്‍വ്വമായ അവിശ്വസ്തത നിമിത്തമാണ് (9:30-10:21). (3) ഒരു വിശ്വസ്ത ശേഷിപ്പുണ്ട് (യേശുവിനെ സ്വീകരിച്ച യെഹൂദന്മാര്‍), യെഹൂദജാതി മുഴുവനും ക്രിസ്തുവിന്റെ വരവിങ്കല്‍ പഴയ നിയമ വാഗ്ദത്തങ്ങളുടെ നിവൃത്തി പ്രാപിക്കും (11:1-36).

പ്രായോഗിക ഭാഗത്ത് ക്രിസ്തീയ സ്നേഹം, കൂട്ടായ്മ എന്നിവയുടെ ആവശ്യകതയും (അ. 12), ഭരണാധികാരികളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയും (അ. 13), ഔദാര്യം കാണിക്കേണ്ടതിന്റെയും ഭക്ഷണവിഷയങ്ങളില്‍ (ന്യായപ്രമാണം വിലക്കിയ ഭക്ഷണം സംബന്ധിച്ച്) സഹോദരനെ കരുതേണ്ടതിന്റെ ആവശ്യകതയും (14:1-15:13) ചൂണ്ടിക്കാണിക്കുന്നു. ഒരു നീണ്ട അഭിവാദനത്തോടെയും (15:14-16:23) സ്തുതി കരേറ്റലോടെയും അവസാനിപ്പിക്കുന്നു.

ചില പൊതുവിവരങ്ങള്‍

അഗസ്റ്റിന്‍, മാര്‍ട്ടിന്‍ ലൂഥര്‍, ജോണ്‍ വെസ്ലി എന്നിവരുടെ മാനസാന്തരത്തിനു മുഖാന്തരമായിത്തീര്‍ന്ന പുസ്തകമാണ് റോമാലേഖനം. നരകം, പിശാച് എന്നീ പദങ്ങള്‍ ഈ ലേഖനത്തില്‍ ഇല്ല. സാത്താന്‍ എന്ന വാക്ക് ഒരു പ്രാവശ്യം മാത്രം. ക്രിസ്തുവിന്റെ മരണത്തെക്കുറിച്ചു പറയുന്നുവെങ്കിലും ക്രൂശ് എന്ന പദമില്ല. ക്രിസോസ്റ്റം ആഴ്ചയില്‍ രണ്ടുപ്രാവശ്യം വീതം ഈ ലേഖനം വായിച്ചു കേട്ടിരുന്നു. മെലാങ്ത്തോണ്‍ രണ്ടു പ്രാവശ്യം സ്വന്തകൈകൊണ്ട് പകര്‍ത്തിയെഴുതി. ഗോഡറ്റ് റോമാലേഖന വ്യാഖ്യാനം തയ്യാറാക്കിക്കൊണ്ടിരുന്നപ്പോള്‍ ഒരു സ്നേഹിതനോടു പറഞ്ഞത്, ചില ഭാഗങ്ങള്‍ 10 പ്രാവശ്യം മാറ്റിയെഴുതിയിട്ടും തനിക്കു തൃപ്തി വന്നില്ലെന്നാണ്. ഈ ലേഖനം വായിക്കുമ്പോള്‍ അഗ്‌നിപര്‍വ്വതത്തിനു മുകളിലാണു നാം നില്ക്കുന്നതെന്നാണ് ഹെയ്സ് പറയുന്നത്. ഈ ലേഖനത്തിന്റെ ആഴമായ പഠനത്തിന് ഞാന്‍ വായനക്കാരെ ആഹ്വാനം ചെയ്യുന്നു.

Suggestions for further reading
  • Patzia, Arthur G., The Emergence of the Church, Downers Grove, IL: IVP, 2001
  • Nygren, Anders, Commentary on Romans, Philadelphia: Fortress, 1949
  • Moo, Douglas J. The Epistle to the Romans, NICNT, Grand Rapids: Eerdmans, 1996
  • Stott, John R.W., The Message of Romans, BST, Leicester: IVP, 1994
  • Achtemeier, Paul, Romans, Interpretation, Louiseville, KY: John Knox Press, 1985
  • Briscom D. Stuart, Romans, TCC, Waco, TX: Word Books, 1982
Facebook
Twitter
LinkedIn
Email
Pocket
WhatsApp
Telegram

1 comment

  1. K സി Jayan

    എല്ലാ പുതിയ നിയമ പുസ്തകങ്ങളുടെയും ഇതേപോലെ ഒരു ചെറു വിവരണം തന്നാൽ അനുഗ്രഹമായിരുന്നു.

Post a comment

Your email address will not be published. Required fields are marked *