PUBLISHED ARTICLES

ലാളിത്യം മുഖമുദ്രയാക്കിയ
എം. ഇ. ചെറിയാന്‍ ഗാനങ്ങള്‍

സുവിശേഷ പോര്‍ക്കളത്തില്‍ അനേകം കഷ്ടതകളും ശോധനകളും നേരിട്ടിട്ടുള്ള ചെറിയാന്‍ സാറിന്റെ, അനുഭവത്തിന്റെ തീച്ചൂളയില്‍ നിന്നും ഉറവെടുത്തിട്ടുള്ള ഗാനങ്ങള്‍ എക്കാലവും കഷ്ടതയനുഭവിക്കുന്ന ദൈവജനത്തിന് ആശ്വാസം തന്നെയാണ്.

A professed christian and a dedicated professional in the Christian publication industry.

Mathew
Palathunkal
Author
Mathew Palathunkal

ലറിയടുക്കുന്ന തിരമാലകളുടെ രൗദ്രഭാവമല്ല, കുതിച്ചൊഴുകുന്ന കാട്ടാറിന്റെ ചടുലഭാവമല്ല, ശാന്തമായൊഴുകുന്ന കൊച്ചരുവിയുടെ തെളിമയും ശാന്തതയും - എം. ഇ. ചെറിയാന്റെ ഗാനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സിലോടിയെത്തുന്നത് ഈ താരതമ്യമാണ്. ബാല്യകാലം മുതല്‍ എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ചില ഗാനങ്ങളുടെ അഭൂതപൂര്‍വ്വമായ സൗകുമാര്യവും അതീവ ലാളിത്യവുമാണ് ഈ താരതമ്യത്തിന് പ്രേരകമായത്.

തന്നുയിര്‍ തന്ന ജീവനാഥന്‍
എന്നഭയം എന്‍ നാള്‍ മുഴുവന്‍
ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും
ഓടേണ്ട താങ്ങുവാന്‍ താന്‍ മതിയാം...

ഈ ഒരൊറ്റ ഗാനശകലം മതി ചെറിയാന്‍ ഗാനങ്ങളുടെ സവിശേഷത മനസ്സിലാക്കുവാന്‍. ക്രിസ്തീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉപയോഗിക്കപ്പെടുന്ന ജനപ്രിയ ഗാനങ്ങളില്‍ നല്ലൊരു പങ്കും ചെറിയാന്‍ സാറിന്റെ രചനകളായിരിക്കുന്നതിന്റെ കാരണം ഈ ലാളിത്യവും മനസ്സില്‍ പതിയുന്ന ആശയങ്ങളുമാണ്.

ദൈവശാസ്ത്ര വിഷയങ്ങളെ സാധാരണക്കാരുടെ ആരാധനാഗാനങ്ങളില്‍ ലളിതമായി അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. യേശുക്രിസ്തുവിന്റെ ദൈവത്വം, മനുഷ്യജഡധാരണം, കാല്‍വറി മരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ്, മടങ്ങിവരവ്, ദൈവിക വെളിപ്പാടുകള്‍, ദൈവിക സ്വഭാവങ്ങള്‍, പരിശുദ്ധാത്മ പ്രവൃത്തികള്‍ തുടങ്ങിയ ദൈവശാസ്ത്ര വിഷയങ്ങളെല്ലാം തന്നെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് വിഷയീഭവിച്ചിട്ടുണ്ട്.

വാനിലും ഭൂവിലും മേലായ നാമം
വന്ദിത വല്ലഭനാമമതു ദൂതര്‍
വാഴ്ത്തിപ്പുകഴ്ത്തിടും നാമമതു...

മരണാധികാരിയായിരുന്ന
ഘോരനാം പിശാചിനെ
മരണത്തിനാലേ നീക്കി മൃത്യു
ഭീതി തീര്‍ത്ത നാഥനേ...

''വന്ദനം ചെയ്തിടുവിന്‍ ശ്രീയേശുവേ,'' ''സ്തുതിച്ചിടുവതെന്താനന്ദം,'' ''വാഴ്ത്തുവിന്‍ ക്രിസ്‌തേശുവിന്‍ പാദം,'' ''നിസ്തുലനാം നിര്‍മ്മലനാം,'' ''ആദിയന്തമില്ല അരുമപിതാവേ,'' ''യേശുരാജാ വാഴ്ക,'' ''സുന്ദര രക്ഷകനേ,'' ''മഹല്‍ സ്‌നേഹം,'' ''നിന്‍ മഹാസ്‌നേഹമേശുവേ'' തുടങ്ങിയ ഗാനങ്ങള്‍ ഈ ദൈവശാസ്ത്ര ചിന്തകള്‍ക്ക് ഉദാഹരണങ്ങളാണ്.

മരണത്തെ ജയിച്ചുയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ മഹത്വം വിളിച്ചോതുന്ന ''ഗീതം ഗീതം ജയ ജയ ഗീതം,'' ''യേശുക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു'' തുടങ്ങിയ ഗാനങ്ങള്‍ ക്രൈസ്തവ മണ്ഡലത്തില്‍ ചിരഃപ്രതിഷ്ഠ നേടിയവയാണ്.

''ഞാനെന്നും സ്തുതിക്കും, യേശുവാരിലുമുന്നതനാമെന്‍, ഒന്നേയുള്ളെനിക്കാനന്ദമുലകില്‍, ഭക്തരിന്‍ വിശ്വാസ ജീവിതം പോലിത്ര, അന്‍പു നിറഞ്ഞ പൊന്നേശുവേ, തുണയെനിക്കേശുവേ, പ്രതിഫലം തന്നീടുവാന്‍, കൃപയേറും കര്‍ത്താവിലെന്‍ വിശ്വാസം, ക്രൂശുമെടുത്തിനി ഞാനെന്‍'' എന്നീ ഗാനങ്ങള്‍ എത്രയോ ഹൃദയഹാരികളാണ്.

ബൈബിള്‍ വിഷയാധിഷ്ഠിത ഗാനങ്ങള്‍

തിരുവചന ഉദ്ധരണികളും സംഭവങ്ങളും സ്വതഃസിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കുന്നതിന് ചെറിയാന്‍ സാറിനുള്ള കഴിവ് അനിതരസാധാരണമാണ്. ആ സംഭവങ്ങളെ ഭക്തന്റെ വര്‍ത്തമാനകാലാനുഭവങ്ങളോട് ബന്ധിപ്പാക്കാനുള്ള കഴിവ് അതിലും ശ്രേഷ്ഠവും.

ആരിലെന്നാശ്രയമെന്നെനിക്കറിയാം
അവനെന്നുപനിധിയൊടുവോളം കാക്കും
തന്നന്തികെ വരുമാരെയുമവന്‍
തള്ളുകയില്ലൊരു വേളയിലും

എന്ന ഗാനം ഭക്തിസാന്ദ്രമായ ഹൃദയത്തോടെയല്ലാതെ ആര്‍ക്കാണ് പാടാന്‍ കഴിയുക?

അര്‍ദ്ധ പ്രാണനായ് കിടന്നൊ-
രെന്നെ നീ രക്ഷ ചെയ്തതാല്‍
എന്നിലുള്ള നന്ദിയുള്ളം
താങ്ങുവതെങ്ങനെ എന്‍ പ്രിയാ...

അതേ ഗാനത്തിലെ തന്നെ,

ഇന്ന് പാരില്‍ കണ്ണുനീരില്‍
നിന്‍ വചനം വിതയ്ക്കും ഞാന്‍
അന്നു നേരില്‍ നിന്നരികില്‍
വന്നു കതിരുകള്‍ കാണും ഞാന്‍...

പ്രതികൂലങ്ങള്‍ നിറഞ്ഞ സുവിശേഷ വയലില്‍ കണ്ണുനീരോടെ വിതയ്ക്കുന്ന അനേകായിരം സുവിശേഷകന്മാര്‍ക്ക് ഇന്നും ഈ വരികള്‍ ആശ്വാസത്തിന്റെ തലോടലാണ്.

നിന്‍ വഴി ദേവനെ ഭരമേല്പിക്കുക
നിര്‍ണ്ണയം അവനതു നിറവേറ്റും
ഭാരം യഹോവയില്‍ വച്ചീടുകില്‍
നാള്‍തോറും നടത്തുമവന്‍

എന്ന വരികള്‍ സങ്കീര്‍ത്തനക്കാരന്‍ തന്നെ നമ്മോടു നേരിട്ട് സംസാരിക്കുകയാണെന്ന പ്രതീതിയാണുളവാക്കുന്നത്. ''മനമേ ചഞ്ചലമെന്തിനായ്'' എന്നാരംഭിക്കുന്ന ഈ ഗാനത്തിലെ വരികള്‍ മിക്കവയും വേദപുസ്തക ഉദ്ധരണികളാണ്. എത്ര അനായാസമായാണ് അദ്ദേഹം അവയെ മൊഴിമാറ്റം ചെയ്തിരിക്കുന്നത്!

''എന്റെ ജീവനായകാ'' എന്നാരംഭിക്കുന്ന ഗാനത്തിലെ,

ഏകയാഗത്താല്‍ വിശുദ്ധരാകുവോ
ര്‍ക്കെന്നും സല്‍ഗുണപൂര്‍ത്തി നല്‍കി നീ
നല്‍പുതുവഴി തുറന്നു തന്നെനിക്കു-
മുള്‍ പ്രവേശനം

എന്ന ചരണവും ''പരീക്ഷിതനായ് നീ കഷ്ടമേല്ക്കയാല്‍'' എന്ന ചരണവും എബ്രായലഖേന കര്‍ത്താവ് സംസാരിക്കുന്നവ തന്നെ.

കഷ്ടതയില്‍ പ്രത്യാശ

സുവിശേഷ പോര്‍ക്കളത്തില്‍ അനേകം കഷ്ടതകളും ശോധനകളും നേരിട്ടിട്ടുള്ള ചെറിയാന്‍ സാറിന്റെ, അനുഭവത്തിന്റെ തീച്ചൂളയില്‍ നിന്നും ഉറവെടുത്തിട്ടുള്ള ഗാനങ്ങള്‍ എക്കാലവും കഷ്ടതയനുഭവിക്കുന്ന ദൈവജനത്തിന് ആശ്വാസം തന്നെയാണ്.

പരിശോധനകള്‍ വരികില്‍ മനം
പതറാതാശ്രയിച്ചിടുവിന്‍
ബലഹീനതയില്‍ കവിയും കൃപ
മതിയെന്നാശ്വസിച്ചിടുകില്‍
വിരവില്‍ വിനകള്‍ തീരും സകലവും ശുഭമാം...

എന്നു പാടുവാന്‍ കഷ്ടതകളെ നന്മയാക്കി മാറ്റുവാന്‍ കഴിയുന്ന യേശുവിനെ നല്ലവന്‍ എന്ന് രുചിച്ചറിഞ്ഞവര്‍ക്കേ സാധ്യമാകൂ. മാത്രമല്ല, നശ്വരലോകം വിട്ട് അങ്ങേക്കരയിലെത്തുമ്പോള്‍ ഇന്നു നാം സഹിച്ച പങ്കപ്പാടുകളുടെ വില നാം അറിയുകയും ചെയ്യും.

വേറില്ലെനിക്കാശ്രയം-വേറില്ലെനിക്കാരുമേ
നേരിട്ടറിഞ്ഞെന്നഴല്‍ നീക്കുവാന്‍
ചാരത്തു നീ മാത്രമേ...

ഹാ! എത്ര മനോഹരം! എന്ന് കണ്ണീര്‍വീണു നനഞ്ഞ അധരം വിടര്‍ത്തി പുഞ്ചിരിക്കുവാന്‍ ഈ വരികള്‍ നമ്മെ സഹായിക്കും. ''എന്‍ യേശുവേ എന്‍ ജീവനേ'' എന്നാരംഭിക്കുന്ന ഈ ഗാനം ഏകാന്തതയില്‍ പാടി ആശ്വസിക്കാന്‍ ഉതകുന്നതാണ്

കരുണയിന്‍ കരത്തില്‍ കരുതലില്ലാത്ത
ഒരു നിമിഷവുമീ മരുവിലില്ലെനിക്ക്
ഇരവിലെന്നൊളിയായ് പകലിലെന്‍ തണലായ്
ഒരു പൊഴുതും നീ പിരിയുകയില്ല...

അരുമനാഥന്റെ സൗമ്യസാമിപ്യം അനുനിമിഷവും അനുഭവിച്ചറിയുന്നവനാണ് കവി.

സഹായത്തിന് സ്വന്തക്കാരോ പരിചയക്കാരോ ആരുമില്ലാത്ത മധുരയില്‍, ഭാര്യയെ പ്രസവ വാര്‍ഡിലേക്കയച്ചിട്ട് ഭവനത്തിലേക്ക് മടങ്ങേണ്ടി വന്ന നിസ്സഹായാവസ്ഥയില്‍ എഴുതിയ വരികളാണ് മലയാളി ക്രൈസ്തവര്‍ നെഞ്ചോടു ചേര്‍ത്ത

വന്‍വിനകള്‍ വന്നീടുകില്‍
വലയുകയില്ലെന്‍ ഹൃദയം
വല്ലഭന്‍ നീ എന്നഭയം
വന്നിടുമോ പിന്നെ ഭയം...

ആരാധനാ ഗീതമായും സ്‌തോത്രഗീതമായും ആശ്വാസഗീതമായും സന്ധ്യാരാധനാഗീതമായും ഏത് സന്ദര്‍ഭത്തിലും പാടാനുതകുന്ന സുപ്രസിദ്ധമായ ''അനുഗ്രഹത്തിന്നധിപതിയേ'' എന്ന ഗാനം പിറവിയെടുത്തത് ഈ പശ്ചാത്തലത്തിലാണ്. സഹായകനായി വീണ്ടെടുപ്പുകാരന്‍ കൂടെയുണ്ടെന്നുള്ള ധൈര്യവും, പിതാവ് താന്‍ സ്‌നേഹിക്കുന്ന ഏത് മകനെയും തല്ലുന്നു എന്നും അത് തന്റെ ഗുണത്തിനുവേണ്ടിയാണെന്നുമുള്ള ഉറപ്പും ആണ് പ്രതികൂലങ്ങളെ അഭിമുഖീകരിക്കുവാന്‍ ദൈവപൈതലിന് ധൈര്യം നല്‍കുന്നത്. പ്രക്ഷുബ്ധമായ കടലില്‍ മരണത്തെ മുഖാമുഖം കാണുന്ന തന്റെ ഭക്തനെ അവന്‍ കൈവിടുകയില്ല, നാലാം യാമത്തില്‍ അവന്‍ കടലിന്മേല്‍ നടന്നുവന്ന് രക്ഷിക്കും, തീര്‍ച്ച.

മൂന്നു യാമങ്ങളും വന്‍തിരയില്‍
മുങ്ങുമാറായി വലയുകിലും
മുറ്റും കടലിന്മീതെ നാലാം യാമത്തി-
ലുറ്റ സഖിയവന്‍ വന്നിടും തീര്‍ച്ചയായ്...

ആനന്ദകരം ക്രിസ്തീയ ജീവിതം

''എന്തോരാനന്ദമീ ക്രിസ്തീയ ജീവിതം'' എന്നെഴുതിയ ചെറിയാന്‍ സാര്‍ ക്രിസ്തീയ ജീവിതത്തിനൊരു സാധകാത്മക നിര്‍വചനമാണ് നല്‍കിയത്. കൂടാരവാസവും പരദേശവാസവും ആണെങ്കിലും പരന്‍ ശില്പിയായി പണിയുന്ന പുരത്തിനുവേണ്ടി കാത്തു പാര്‍ക്കുന്ന ജീവിതമാണത്. ഇതേ ആശയം തന്നെ ''ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍ ഇത്ര'' എന്നാരംഭിക്കുന്ന ഗാനത്തിലും ആവര്‍ത്തിച്ചുവരുന്നതു കാണാം.

അന്യദേശത്തു പരദേശിയായ്
മന്നിതില്‍ കൂടാരവാസികളായ്
ഉന്നതനാം ദൈവം ശില്പിയായ് നിര്‍മ്മിച്ച
വന്‍നഗരത്തിനായ് കാത്തു വസിക്കുന്ന...

ഭക്തരിന്‍ വിശ്വാസ ജീവിതം മരുഭൂമിയിലും ഭദ്രമായതത്രേ. ആ യാത്ര ക്രൂശുമെടുത്ത് യേശുവിനെ പിന്‍ചെല്ലുന്ന യാത്രയാണ്. അതിന് വിശ്വാസിയെ ശക്തനാക്കുന്നത് ഉള്ളില്‍ വാസം ചെയ്യുന്ന പരിശുദ്ധാത്മാവും.

ക്രിസ്തുസ്‌നേഹത്തിന്റെ ആഴം

ക്രിസ്തു സ്‌നേഹത്തിന്റെ അഗാധതയെ വര്‍ണ്ണിക്കുന്ന ഗാനങ്ങള്‍ അനവധി രചിച്ചിട്ടുണ്ട് ചെറിയാന്‍ സാര്‍. തിരുമേശയില്‍ ആലപിക്കുന്ന മഹല്‍സ്‌നേഹം, മഹാത്ഭുതമേ കാല്‍വരിയില്‍, ശ്രീയേശുനാഥാ നിന്‍ സ്‌നേഹം എന്നിവ ഉദാഹരണങ്ങളാണ്.

താരകങ്ങള്‍ക്ക് മീതെയും
താവക സ്‌നേഹമുന്നതം
ആഴിയിലും നിന്‍ സ്‌നേഹത്തി-
ന്നാഴമഗാധമെന്‍ പ്രിയാ ...

ദൈവസ്‌നേഹത്തിന്റെ ആഴമളക്കാന്‍ ആര്‍ക്കു കഴിയും?

രണ്ടാം വരവിന്റെ പ്രത്യാശ

ഒരു ദൈവപൈതലിന്റെ ഏറ്റവും വലിയ പ്രത്യാശ അരുമനാഥന്റെ മടങ്ങിവരവാണ്. ഭക്തകവിക്കും അങ്ങനെ തന്നെ. ''പ്രതിഫലം തന്നിടുവാന്‍'' എന്ന ഗാനം പാടി ആശ്വസിക്കാത്ത ഏതൊരു വിശ്വാസിയാണുള്ളത്?

കാലമെല്ലാം കഴിയും ഇന്നു
കാണ്‍മതെല്ലാമഴിയും പിന്നെ
പുതുയുഗം വിരിയും തിരികെ വരാതെ നാം
നിത്യതയില്‍ മറയും...

കര്‍ത്താവിന്റെ വരവില്‍ തനിക്ക് ലഭ്യമാകുന്ന സൗഭാഗ്യത്തെ ഇതിലധികം വികാരതീവ്രമായി അവതരിപ്പിക്കാനാവുമോ?

സ്വര്‍ലോക കാഹളം ധ്വനിക്കും മരിച്ചോ-
രക്ഷണമുയിര്‍ക്കും തന്‍ തേജ-
സ്സക്ഷയം ധരിക്കും

എന്ന വരികളും ''പുത്തനാമെരുശലേമില്‍ എത്തും കാലമോര്‍ക്കുമ്പോള്‍,'' ''താമസമാമോ നാഥാ,'' ''അന്നാളിലെന്തോരാനന്ദം'' എന്നീ ഗാനങ്ങളും വരവിന്റെ പ്രത്യാശയെയും വിശ്വാസിയുടെ നിത്യതയെയും പ്രഘോഷിക്കുന്നവയാണ്.

അടിസ്ഥാനപരമായി മുന്നണി സുവിശേഷകനായിരുന്ന ചെറിയാന്‍ സാര്‍ സുവിശേഷവത്കരണ ആഹ്വാനം നല്‍കുന്ന നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ''ക്രിസ്തുവിന്‍ ധീരസേനകളേ,'' ''യേശുവിന്‍ സാക്ഷികള്‍ നാം,'' ''വരുവിന്‍ മുദാ സോദരരേ,'' ''ആരെ ഞാനിനി,'' ''പാടുവിന്‍ സഹജരേ'' എന്നിവ പ്രത്യേകം പ്രസ്താവ്യമത്രേ.

വേര്‍പെട്ട സഭകള്‍ മലയാളക്കരയില്‍ വേരൂന്നി വളരാന്‍ ആരംഭിച്ച ആദ്യനാളുകളില്‍ സഭയ്ക്ക് ശക്തമായ നേതൃത്വം നല്‍കിയ പിതാക്കന്മാരോടൊപ്പം തന്നെ വിശ്വാസികളെ വചനത്തിലും വിശ്വാസത്തിലും ഉറപ്പിക്കുന്നതില്‍ ക്രൈസ്തവ ഗാനങ്ങളും മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. വിശ്വാസികളുടെ സമസ്ത വ്യവഹാര മേഖലകളിലും പ്രയോഗക്ഷമമായ ഗാനങ്ങള്‍ രചിക്കുവാന്‍ ദൈവം അഭിഷിക്തന്മാരെ എഴുന്നേല്പിച്ചു. അക്കൂട്ടത്തില്‍ അഗ്രഗണ്യനായിരുന്നു ചെറിയാന്‍ സാര്‍ എന്ന് പറയുന്നതില്‍ തെറ്റില്ല. സാധാരണ വിശ്വാസികള്‍ക്ക് അതീവ ഹൃദ്യമായി അനുഭവപ്പെടുന്നതും തിരുവചനത്തോടും ഉപദേശവിഷയങ്ങളോടും നീതിപുലര്‍ത്തുന്നതുമായ ഈ രചനകള്‍ തന്നെയാണ് ഗാനരചനയില്‍ എം. ഇ. ചെറിയാനെ വ്യത്യസ്തനാക്കുന്ന ഘടകങ്ങള്‍.

Lyrics

ആശ്രയം യേശുവിലെന്നതിനാൽ
ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ
ആശ്വാസമെന്നിൽ താൻ തന്നതിനാൽ
ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ

കൂരുൾ മൂടും വേളകളിൽ
കർത്താവിൻപാദം ചേർന്നിടും ഞാൻ
കാരിരുമ്പാണിയിൻ പാടുള്ള പാണിയാൽ
കരുണനിറഞ്ഞവൻ കാക്കുമെന്നെ

തന്നുയിർ തന്ന ജീവനാഥൻ
എന്നഭയം എൻനാൾ മുഴുവൻ
ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും
ഓടേണ്ട താങ്ങുവാൻ താൻ മതിയാം

കാൽവറി നാഥനെൻ രക്ഷകൻ
കല്ലറയ്ക്കുള്ളൊടുങ്ങിയില്ല
മൃത്യുവെ വെന്നവൻ അത്യുന്നതൻ വിണ്ണിൽ
കർത്താധികർത്താവായ് വാഴുന്നവൻ

ഇത്ര സൗഭാഗ്യം ഇക്ഷിതിയിൽ
ഇല്ല മറ്റെങ്ങും നിശ്ചയമായ്
തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാൽ
തോരാത്ത കണ്ണീരേ മന്നിലുള്ളു .

Leave a Reply

Your email address will not be published. Required fields are marked *

TOP