PUBLISHED ARTICLES

ശമര്യര്‍

യെഹൂദന്മാരല്ല തങ്ങളാണ് ഏറ്റവും പുരാതന യിസ്രായേല്യ പാരമ്പര്യപ്രകാരം യഹോവയെ ആരാധിക്കുന്നവര്‍ എന്നതിനുള്ള വേദപുസ്തക തെളിവുകള്‍ ശമര്യ നിര്‍മ്മിച്ചെടുത്തു. അബ്രഹാം ആദ്യ യാഗപീഠം ശെഖേമിലാണ് നിര്‍മ്മിച്ചത് എന്ന വസ്തുതയും അവര്‍ക്ക് പിന്‍ബലമേകുന്നു.

A professed christian and a dedicated professional in the Christian publication industry.

Mathew
Palathunkal
Author
Mathew Palathunkal

പുതിയ നിയമവും ശമര്യരും

ശമര്യരെക്കുറിച്ച് പുതിയ നിയമം തികച്ചും സാധകാത്മക വീക്ഷണമാണ് തരുന്നത്. മത്താ. 10:5; ലൂക്കൊ. 9:52; 10:33; 17:16 എന്നിവിടങ്ങളില്‍ ശമര്യരെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. കര്‍ത്താവു പറഞ്ഞ് നല്ല ശമര്യക്കാരന്റെ ഉപമ ശമര്യരെക്കുറിച്ച് നല്ല ചിന്ത വായനക്കാരുടെ മനസ്സില്‍ തരുന്നുണ്ട് (ലൂക്കൊ. 10:25-37). ഒപ്പം തന്നെ ശമര്യരെക്കുറിച്ച് യെഹൂദനുണ്ടായിരുന്ന വികലവും ശത്രുതാപരവുമായ ചിന്തയെക്കുറിച്ചും സുവിശേഷങ്ങള്‍, പ്രത്യേകിച്ചും യോഹന്നാന്റെ സുവിശേഷം, സൂചിപ്പിക്കുന്നു (യോഹ. 4). ''യെഹൂദന്മാര്‍ക്കും ശമര്യര്‍ക്കും തമ്മില്‍ സമ്പര്‍ക്കമില്ല'' (വാ. 9) എന്ന യോഹന്നാന്റെ എഡിറ്റോറിയല്‍ കമന്റിനു തുല്യമാണ് വാ. 25 ലെ ''മശിഹാ വരുന്നു എന്നു ഞാന്‍ അറിയുന്നു'' എന്ന സ്ത്രീയുടെ വാക്കും എന്നാണ് വേഹപണ്ഡിതന്മാരുടെ അഭിപ്രായം. കാരണം ശമര്യര്‍ മശിഹായില്‍ വിശ്വസിക്കുകയോ മശിഹായ്ക്കായി കാത്തിരിക്കുകയോ ചെയ്യുന്നില്ല. ആവ. 18 ല്‍ പറയുന്ന ''മോശെയെപ്പോലെയൊരു പ്രവാചകനെ'' ആണ് അവര്‍ കാത്തിരിക്കുന്നത്. മോശെ തഹേബ് (''യഥാസ്ഥാനത്താക്കുന്നവന്‍'' അഥവാ ''മടങ്ങിവരുന്നവന്‍'') ആയി മടങ്ങിവരുമെന്നവര്‍ കാത്തിരിക്കുന്നു. തന്റെ വായനക്കാര്‍ക്ക് ഇക്കാര്യം ഗ്രഹിക്കാന് ബുദ്ധിമുട്ടുള്ളതിനാല്‍ ശമര്യക്കാരിയുടെ വാക്കിനെ യോഹന്നാന്‍ ഈ നിലയില്‍ വ്യാഖ്യാനിച്ചതാകാം എന്നാണ് പണ്ഡിതമതം.1 യെഹൂദനെക്കാള്‍ വേഗത്തില്‍ ശമര്യര്‍ യേശുവില്‍ വിശ്വസിക്കുന്നതായി സുവിശേഷങ്ങള്‍ സാക്ഷിക്കുന്നു.

അപ്പൊസ്തല പ്രവൃത്തികളില്‍ ഫിലിപ്പോസ് ശമര്യയില്‍ സുവിശേഷം പ്രസംഗിച്ചതായും ശമര്യര്‍ സുവിശേഷം കേട്ട് രക്ഷിക്കപ്പെട്ട്, സ്‌നാനപ്പെട്ട്, ആത്മനിറവു പ്രാപിച്ചതായി വായിക്കുന്നു (അ. 8)

യെഹൂദന്മാരും ശമര്യരും ശത്രുതയില്‍

ശമര്യരെക്കുറിച്ച് യെഹൂദ ലിഖിതങ്ങളിലുള്ള ആദ്യ പരാമര്‍ശം തന്നെ ശത്രുതയെയും അവജ്ഞയെയും സൂചിപ്പിക്കുന്നതാണ്. ഈജിപ്ഷ്യന്‍ യെഹൂദന്മാരും ശമര്യരും തമ്മില്‍ യെരൂശലേമിലെയും ഗെരിസീമിലെയും ദേവാലയങ്ങളെച്ചൊല്ലി ബി.സി. 150 നോടടുത്ത് കലഹമുണ്ടായതായും ഇരുവരും ചക്രവര്‍ത്തിയായ ചോളമി ഫിലോമാറ്ററിന്റെ (ബി.സി. 181-145) മുമ്പില്‍ പരാതി കൊടുത്തതായും ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹസ്‌മോനിയന്‍ വംശജനായ ജോണ്‍ ഹിര്‍ക്കാനസിന്റെ (ബി.സി. 134-104) കാലത്ത് ശത്രുത അതിന്റെ പാരമ്യത്തിലെത്തി. അന്ത്യോക്കസ് ഏഴാമന്‍ മരിച്ച് (129 ല്‍) അധികം കഴിയുംമുമ്പ് ജോണ്‍ ശെഖേം കീഴടക്കി ഗെരിസീമിലെ ദേവാലയം നശിപ്പിച്ചു. ഇത് ഇരുകൂട്ടരും തമ്മില്‍ നിതാന്ത ശത്രുതയിലേക്കു നയിച്ചു.2

ഗെരിസീം ദേവാലയ നിര്‍മ്മിതിയെക്കുറിച്ചും ജൊസീഫസ് ചില വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നുണ്ട്. പാര്‍സി രാജാവായ ദാര്യാവേശിനെതിരെ അലക്‌സാണ്ടര്‍ യുദ്ധം ചെയ്തുകൊണ്ടിരുന്ന സമയം. യെരൂശലേമിലെ മഹാപുരോഹിതനായിരുന്ന യാദുവായുടെ സഹോദരന്‍ മനശ്ശെ ശമര്യാ ഗവര്‍ണ്ണറായ സന്‍ബല്ലത്തിന്റെ മകളെ വിവാഹം ചെയ്തു. മനശ്ശെ വിജാതീയ ഭാര്യയെ ഉപേക്ഷിച്ചില്ലെങ്കില്‍ അവനു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിക്കുമെന്ന് യെഹൂദ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. ഇക്കാരണത്താല്‍ മനശ്ശെ തന്റെ മകളെ ഉപേക്ഷിച്ചേക്കുമെന്നു ഭയന്ന സന്‍ബല്ലത്ത് മനശ്ശെയ്ക്ക് ഗെരിസീമില്‍ ഒരു ദേവാലയം നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി. പിന്നീട് അലക്‌സാണ്ടറിന്റെ സഹായത്തോടെ സന്‍ബല്ലത്ത് ദേവാലയം നിര്‍മ്മിച്ച് മനശ്ശെയെ പുരോഹിതനാക്കി. പിന്നീട് യെഹൂദന്മാരും അലക്‌സാണ്ടറിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി.

ബി.സി. ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ശത്രുതയ്ക്ക് അയവു വന്നു. മഹാനായ ഹെരോദാവ് ഒരു ശമര്യാസ്ത്രീയെ വിവാഹം ചെയ്തതോടെയായിരുന്നു ഇത്. ഇക്കാലത്ത് ശമര്യര്‍ക്ക് യെരുശലേം ദേവാലയത്തിലെ അകത്തെ പ്രാകാരത്തിലേക്ക് പ്രവേശനം അനുവദിച്ചു (അി.േ 18.30). ഹെരോദാവു മരിച്ച് 12 വര്‍ഷങ്ങള്‍ക്കുശേഷം ഈ അവകാശം അവര്‍ക്കു നഷ്ടപ്പെട്ടു. റോമന്‍ ഗവര്‍ണ്ണറായിരുന്ന കോപ്പോണിയസിന്റെ കാലത്ത് (എ.ഡി. 6-9) ഒരു പെസഹാ സമയത്ത് രാത്രിയില്‍ ചില ശമര്യര്‍ ദേവാലയ മണ്ഡപത്തില്‍ മനുഷ്യാസ്ഥികള്‍ വിതറി. ഏതോ സംഭവത്തിനുള്ള പ്രതികാരമായിട്ടായിരുന്നു ഇത്. എങ്കിലും അതെന്താണെന്ന് ജൊസീഫസ് വ്യക്തമാക്കിയിട്ടില്ല. തല്‍ഫലമായി പെസഹാ പെരുന്നാള്‍ മുടങ്ങിയെന്നു മാത്രമല്ല യെഹൂദ-ശമര്യ ശത്രുതയ്ക്ക് പുതിയ ഇന്ധനം പകരുകയും ചെയ്തു.

പുതിയ നിയമ കാലത്ത് ഗലീലയില്‍ നിന്നും യെരൂശലേമില്‍ പെരുന്നാളുകള്‍ക്ക് പോകുന്ന യെഹൂദന്മാര്‍ ശമര്യയിലൂടെയാണ് യാത്ര ചെയ്തിരുന്നത് (ലൂക്കൊ. 9:51-55; യോഹ. 4:4-42). ഈ യാത്ര അപകടകരവുമായിരുന്നു (ലൂക്കൊ. 9:93; യോഹ. 4:9). ഇത്തരം തീര്‍ത്ഥാടകരില്‍ ചിലരെ ശമര്യര്‍ ആക്രമിച്ചു കൊലപ്പെടുത്തുകയും അതിനു പ്രതികാരമായി എ.ഡി. 52 ല്‍ യെഹൂദ ഒളിപ്പോരാളികള്‍ ചില ശമര്യാ ഗ്രാമങ്ങള്‍ ആക്രമിക്കുകയും ചെയ്തതായി ജൊസാഫസ് രേഖപ്പെടുത്തുന്നു.

പിന്നീട് കുറെക്കാലത്തേക്ക് ശത്രുതയില്‍ അയവു വന്നെങ്കിലും എ.ഡി. 200 ഓടുകൂടി വീണ്ടും ശത്രുത മൂര്‍ച്ഛിക്കുകയും 300 ല്‍ അതിന്റെ പാരമ്യത്തില്‍ എത്തുകയും ചെയ്തു. എപ്പിഫാനിയസിന്റെ രേഖയനുസരിച്ച് ശമര്യയില്‍നിന്നും യെഹൂദമതത്തിലേക്കു ചേരുന്നവരെ വീണ്ടും പരിച്ഛേദന കഴിപ്പിച്ചിരുന്നു. ഇതിനു പ്രതികാരമായി ഏതെങ്കിലും കാരണത്താല്‍ യെഹൂദമതത്തില്‍ നിന്നും പുറത്താക്കപ്പെട്ട് ശമര്യരുടെ കൂടെച്ചേരുന്നവരെ അവരും വീണ്ടും പരിച്ഛേദന കഴിപ്പിച്ചിരുന്നു. തല്‍ഫലമായി ശമര്യയില്‍നിന്നും യെഹൂദമതത്തിലേക്കുള്ള പ്രവേശനം പാടെ നിരോധിച്ചു.3

ശമര്യാ പഞ്ചഗ്രന്ഥം

മോശെയുടെ അഞ്ചു പുസ്തകങ്ങള്‍ (ഉല്പത്തി - ആവര്‍ത്തനം)4 മാത്രമേ ശമര്യര്‍ അംഗീകരിക്കുന്നുള്ളു. മോശെയുടെ പഞ്ചഗ്രന്ഥങ്ങളുടെ ഒറിജിനല്‍ പതിപ്പാണ് തങ്ങളുടേതെന്ന് അവര്‍ അവകാശപ്പെടുമ്പോള്‍ തന്നെ സമീപകാലത്ത് കുമ്രാനില്‍നിന്നും കണ്ടെടുക്കപ്പെട്ട സമാനതയുള്ള കയ്യെഴുത്തുപ്രതികള്‍ ബി.സി. അഞ്ചാം നൂറ്റാണ്ടിനുശേഷം നിര്‍മ്മിക്കപ്പെട്ടവയാണ്. ഇവയെ അടിസ്ഥാനപ്പെടുത്തിയാണ് അവസാന രണ്ടു നൂറ്റാണ്ടുകളില്‍ ശമര്യാ ഗ്രന്ഥം ചമയ്ക്കപ്പെട്ടത്. ശമര്യാ 'വിഭാഗം' വേര്‍പെടാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ പെട്ടെന്ന് യെഹൂദ പഞ്ചഗ്രന്ഥം സ്വീകരിക്കുകയല്ലായിരുന്നുവെന്നും, ശമര്യയിലെ യഹോവാ മതക്കാരുടെ പഞ്ചഗ്രന്ഥങ്ങളില്‍ തങ്ങള്‍ക്കനുകൂലമായ തിരുത്തലുകള്‍ വരുത്തുകയാണുണ്ടായതെന്നുമാണ് പമ്മര്‍ ചിന്തിക്കുന്നത്.5

ശമര്യാ പഞ്ചഗ്രന്ഥത്തിലെ ആദ്യ തിരുത്തലുകള്‍ യെരൂശലേം ആരാധനാ കേന്ദ്രമെന്ന നിലയിലുള്ള പരാമര്‍ശങ്ങള്‍ മാറ്റി ഗെരിസീം എന്നാക്കുകയായിരുന്നു (ഹര്‍ഗെരിസീം എന്നത് ഒറ്റ വാക്കാണ് = ഗെരിസീം മല). ഗെരിസീം മലയില്‍ യാഗപീഠം പണിയണം എന്ന് പതിനൊന്നാമതൊരു കല്പനകൂടെ പത്തു കല്പനകളില്‍ എഴുതിച്ചേര്‍ത്തു. ഇതു ചെയ്തത് പുറ. 20:17 നുശേഷം ആവ. 11:29എ; 27:2ബി-3എ, 4എ, 5-7; 11:30 എന്നിവ ചേര്‍ത്താണ്. ആദ്യ കല്പനയെ ആമുഖ പ്രസ്താവനയാക്കി മാറ്റിയതിലൂടെ കല്പനയുടെ എണ്ണം പത്താക്കി നിര്‍ത്തുകയും ചെയ്തു. മറ്റു മാറ്റങ്ങള്‍: (1) പുറ. 20:18 നുശേഷം ആവ. 5:24-27 ചേര്‍ത്തു. (2) പുറ. 20:21 നുശേഷം ആവ. 5:28ബി-29; 18:18-22; 5:30-31 ചേര്‍ത്തു. മറ്റൊരു ശ്രദ്ധേയ തിരുത്തല്‍ ആവ. 27:4 ലെ ''ഏബാല്‍'' എന്നതു മാറ്റി ''ഗെരിസീം'' എന്നാക്കിയതാണ്.

രണ്ടാമത്തെ ശ്രദ്ധേയമായ തിരുത്തലുകള്‍, ആവര്‍ത്തനത്തില്‍ 21 പ്രാവശ്യം കാണുന്ന ''യഹോവ തന്റെ നാം സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്ത്'' (12:, 5, 11, 14, 18, 21, 26; 14:23, 24, 25; 15:20; 16:2, 6, 7, 11, 15, 16; 17:8, 10; 18:6; 26:2; 31:11) എന്നത് ''തിരഞ്ഞെടുത്ത സ്ഥലത്ത്'' എന്നു മാറ്റിയതാണ്. ഗെരിസീമിനെ ദൈവം തിരഞ്ഞെടുത്തുകഴിഞ്ഞു എന്നു സ്ഥാപിക്കാനാണിത്.

യെഹൂദന്മാരല്ല തങ്ങളാണ് ഏറ്റവും പുരാതന യിസ്രായേല്യ പാരമ്പര്യപ്രകാരം യഹോവയെ ആരാധിക്കുന്നവര്‍ എന്നതിനുള്ള വേദപുസ്തക തെളിവുകള്‍ അങ്ങനെ ശമര്യ നിര്‍മ്മിച്ചെടുത്തു. അബ്രഹാം ആദ്യ യാഗപീഠം ശെഖേമിലാണ് നിര്‍മ്മിച്ചത് (ഉല്പ. 12:6-7) എന്ന വസ്തുതയും അവര്‍ക്ക് പിന്‍ബലമേകുന്നു.

ഈ തിരുത്തലുകളും ഇതര തെളിവുകളും ശമര്യര്‍ യെഹൂദ മുഖ്യധാരയില്‍ നിന്നും പിരിഞ്ഞുപോയ ഒരു കള്‍ട്ട്/ദുരുപദേശ വിഭാഗമാണ് എന്ന ചിന്തയ്ക്കാണ് വേദപണ്ഡിതന്മാരുടെയിടയില്‍ മുന്‍തൂക്കം.

  1. “Samaritans”, DNTB, p.1059
  2. Jeremias, pp. 353
  3. Ibid., p. 354
  4. For details see, Robert T. Anderson and Terry Giles, The Samaritan Pentateuch: An Introduction to its Origin, History, and Significance for Biblical Studies, No.72, Atlanta: SBL, 2012
  5. Reinhard Pummer, “The Samaritans and Their Pentateuch,” in The Pentateuch as Torah: New Models for Understanding Its Promulgation and Acceptance (ed. Gary N. Knoppers and Bernard M. Levinson; Winona Lake, IN: Eisenbrauns, 2007), p. 264.

Leave a Reply

Your email address will not be published. Required fields are marked *

TOP