PUBLISHED ARTICLES

ശമര്യര്‍

തങ്ങളുടെ ഉല്പത്തിയെക്കുറിച്ച് ശമര്യര്‍ പറയുന്ന വിശദീകരണം തികച്ചും വ്യത്യസ്തമാണ്. വാസ്തവത്തില്‍ സംശുദ്ധി കാത്തുസൂക്ഷിക്കുന്ന യിസ്രായേല്‍ തങ്ങളാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

A professed christian and a dedicated professional in the Christian publication industry.

Mathew
Palathunkal
Author
Mathew Palathunkal

യെഹൂദന്മാര്‍ക്കും ശമര്യര്‍ക്കും തമ്മില്‍ സമ്പര്‍ക്കമില്ല - എന്തുകൊണ്ട്?

യിസ്രായേലിന്റെ മുഖ്യധാരയില്‍നിന്നും അകന്നുപോയവരാണ് ശമര്യര്‍. യെഹൂദന്റെ വംശീയവും മതപരവുമായ സംശുദ്ധി നഷ്ടപ്പെടുത്തിയവരും ജാതികളുമായി ഇടകലരുകയും യെഹോവ തിരഞ്ഞെടുക്കാത്ത സ്ഥലത്ത് ആരാധനാ കേന്ദ്രം സ്ഥാപിച്ചതുവഴി ശാപഗ്രസ്തരാകുകയും ചെയ്തവര്‍ എന്ന നിലയിലാണ് യെഹൂദ ചരിത്രം ശമര്യരെ വീക്ഷിക്കുന്നത്.

2 രാജാക്കന്മാര്‍ 17:24-41 ല്‍ വിവരിക്കുന്ന സംഭവവുമായിട്ടാണ് യെഹൂദ ചരിത്രം ശമര്യരെ ബന്ധിപ്പിക്കുന്നത്. അശ്ശരൂര്‍ രാജാവ്, പത്തു ഗോത്രങ്ങള്‍ ഉള്‍പ്പെട്ടതും ശമര്യ തലസ്ഥാനവുമായ വടക്കെ രാജ്യമായ യിസ്രായേലിനെ കീഴടക്കി, ജനത്തെ വിദൂരസ്ഥലങ്ങളിലേക്ക് നീക്കി പാര്‍പ്പിക്കുകയും അവിടെനിന്നുള്ള ജാതികളെ ശമര്യാപട്ടണങ്ങളില്‍ കുടിയിരുത്തുകയും ചെയ്തു. ഇപ്രകാരം കുടിയിരുത്തപ്പെട്ട ജാതികള്‍ യഹോവയെ സേവിക്കാത്തതു നിമിത്തം അവര്‍ക്ക് അനര്‍ത്ഥങ്ങള്‍ സംഭവിക്കുന്നതു കണ്ട് അശ്ശൂര്‍ രാജാവ് ഒരു പുരോഹിതനെ അവരുടെ അടുത്തേക്ക് അയച്ചു. അങ്ങനെ അവര്‍ ശമര്യയില്‍നിന്നുകൊണ്ടു പോയിരുന്ന പുരോഹിതന്‍മാരില്‍ ഒരുത്തന്‍ വന്ന് ബേഥേലില്‍ പാര്‍ത്തു; യഹോവയെ ഭജിക്കേണ്ടുന്ന വിധം അവര്‍ക്ക് ഉപദേശിച്ചുകൊടുത്തു. എങ്കിലും അതതു ജാതി താന്താന്റെ ദേവന്‍മാരെ ഉണ്ടാക്കി ഓരോ ജാതി പാര്‍ത്തു വന്ന പട്ടണങ്ങളില്‍ ശമര്യര്‍ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചു. ചുരുക്കത്തില്‍ യഹോവയെ എന്ന പേരില്‍ അവര്‍ തങ്ങളുടെ ജാതീയ ദേവന്മാരെ ആരാധിച്ചുവന്നു. മാത്രമല്ല അവര്‍ തദ്ദേശീയരുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയും ഒരു സമ്മിശ്ര ജാതി രൂപംകൊള്ളുകയും ചെയ്തു. ഇവരെയാണ് ശമര്യര്‍ എന്നു വിളിക്കുന്നത്.

തങ്ങളുടെ ഉല്പത്തിയെക്കുറിച്ച് ശമര്യര്‍ പറയുന്ന വിശദീകരണം തികച്ചും വ്യത്യസ്തമാണ്. വാസ്തവത്തില്‍ സംശുദ്ധി കാത്തുസൂക്ഷിക്കുന്ന യിസ്രായേല്‍ തങ്ങളാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഏലി പുരോഹിതന്റെ കാലത്ത് യഹോവയുടെ നിയമപ്പെട്ടകം ശെഖേമില്‍നിന്നും ശീലോവിലേക്ക് കൊണ്ടുപോയതോടെയാണ് യിസ്രായേലില്‍ വിശ്വാസത്യാഗം ഉടലെടുത്തതെന്ന് അവര്‍ വാദിക്കുന്നു. അന്നുമുതല്‍ അവര്‍ യിസ്രായേലിനു സമാന്തരമായി നിലനില്ക്കുകയാണെന്നും വടക്കെ രാജ്യത്തിലെ ശേഷിപ്പല്ല തങ്ങളെന്നുമാണ് അവരുടെ വാദം. ഇക്കാരണത്താലാണ് പഞ്ചഗ്രന്ഥത്തെ അവര്‍ ആധികാരിക ദൈവവചനമായി അംഗീകരിക്കുന്നതത്രേ.

2 രാജാ. 17:29 ല്‍ ശമര്യര്‍ (സെമ്രോനിം) എന്ന പദം ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് ശമര്യയില്‍ പാര്‍ക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണെന്നാണ് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നത്. സെമ്രോനിം എന്ന പദം എബ്രായ ബൈബിളില്‍ മറ്റൊരിടത്തും ഉപയോഗിച്ചിട്ടില്ല. പ്രവാസികളുടെ ആലയം പണിയെയും മതില്‍ പണിയെയും ശമര്യര്‍ എതിര്‍ത്തിരുന്നതായി എസ്രാ 4:1-16; നെഹെ. 4:1-8 ലും കാണുന്നുണ്ടെങ്കിലും ശെഖേമും ഗെരിസീം മലയും കേന്ദ്രീകരിച്ച് ഒരു കള്‍ട്ട് ആരാധന നടക്കുന്നതായി ഒരു സൂചന പഴയ നിയമത്തിലെങ്ങുമില്ല.1 ബി.സി. രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട സിറാക്ക് (ജ്ഞാനം) 50:25-26 ലാണ് ശമര്യ ജനതയെ സംബന്ധിച്ച ഏറ്റവും പുരാതന പരാമര്‍ശമുള്ളത്: ''രണ്ടു ജാതിയെച്ചൊല്ലി എന്റെ ഹൃദയം തപിക്കുന്നു, മൂന്നാമത്തേത് ഒരു ജാതിയല്ല (ഒ.നോ. ആവ. 32:21); സെയീരിലെയും ഫെലിസ്ത്യയിലെയും നിവാസികളും സിഖേമില്‍ പാര്‍ക്കുന്ന മൂഢജാതിയും.''2 ഇത് ശമര്യരെക്കുറിച്ചാണെന്ന് ജൊസീഫസിന്റെ പരാമര്‍ശത്തില്‍നിന്നും വ്യക്തമാണ്. ശെഖേം ഗെരിസീം മലയിലാണെന്നും അത് ശമര്യരുടെ തലസ്ഥാനമാണെന്നും അദ്ദേഹം പറയുന്നു.3

ബി.സി.രണ്ടാം ശതകത്തിന്റെ നാലാം പാദത്തില്‍ രചിക്കപ്പെട്ട 2 മക്കാബിയരില്‍ ശമര്യരെക്കുറിച്ച് രണ്ട് പരാമര്‍ശങ്ങളുണ്ട്. 2 മക്കാ. 5:22-23 ല്‍ ഗെരിസീം മലയില്‍ പാര്‍ക്കുന്ന ജനത്തെ യെഹൂദരില്‍ ഉള്‍പ്പെടുത്തി പറഞ്ഞിരിക്കുന്നു. 2 മക്കാ. 6:1-2 ല്‍ അന്ത്യേക്കസ് എപ്പിഫാനസ് യെരൂശലേം ദേവാലയത്തിന് ''ഒളിമ്പസിലെ സ്യൂസിന്റെ ക്ഷേത്രം'' എന്നും ഗെരിസീം ദേവാലയത്തെ ''പരദേശികളുടെ സ്‌നേഹിതനായ സ്യൂസിന്റെ ക്ഷേത്രം'' എന്നും പുനര്‍നാമകരണം ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടു പരാമര്‍ശങ്ങളും ശമര്യരോട് ശത്രുതയുള്ളതായി സൂചിപ്പിക്കുന്നില്ല.4

1979 ല്‍ ഡെലോസ് ദ്വീപില്‍ നിന്നും കണ്ടെടുക്കപ്പെട്ട മൂന്നാമതൊരു രേഖയെക്കുറിച്ച് പമ്മര്‍ പറയുന്നുണ്ട്. ഈ രേഖ സമര്‍പ്പിച്ചിരിക്കുന്നവര്‍ ''വാഴ്ത്തപ്പെട്ട ഗെരിസീം മലയിലേക്ക് വഴിപാടുകള്‍ നല്‍കിയ യിസ്രായേല്യര്‍'' എന്ന നിലയിലാണ് തങ്ങളെ പരിചയപ്പെടുത്തിയിരിക്കുന്നത്.5 പമ്മറിന്റെ അഭിപ്രായത്തില്‍ ഗെരിസീംമലയിലെ ദൈവാലയത്തെ ബഹുമാനിക്കുന്ന ഡെലോസിലെ യെഹൂദന്മാരാണ് ഇതെഴുതിയതെന്നാണ്. അതായത് ഗെരിസീംമലയിലെ ദൈവാലയത്തെ ബഹുമാനിക്കുന്ന ഡെലോസിലെ ശമര്യരല്ലെന്നു ചുരുക്കം. ഇതു സൂചിപ്പിക്കുന്നത് കുറഞ്ഞപക്ഷം ആ ദ്വീപിലെ യെഹൂദന്മാരും ശമര്യരും സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞിരുന്നുവെന്നാണ്.

അങ്ങനെയെങ്കില്‍ ശമര്യര്‍ വിദേശികളുമായി ഇടകലര്‍ന്നുണ്ടായ സങ്കരജാതിയല്ല, ബി.സി. 5-4 നൂറ്റാണ്ടുകളില്‍ യെഹൂദജാതിയില്‍നിന്നുണ്ടായ ഒരു ഉപവിഭാഗമാണെന്ന നിഗമനത്തിലേക്കാണ് സമീപകാല വേദപണ്ഡിതന്മാര്‍ എത്തുന്നത്. നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ജയിംസ് എ. മോണ്ടഗോമറി, ''സമാരിറ്റന്‍സ്: ദ ഏര്‍ലിയസ്റ്റ് ജൂവിഷ് സെക്ട്'' എന്ന ഗ്രന്ഥത്തിലാണ് ഈ ആശയം മുന്നോട്ടുവച്ചത്.6 തങ്ങളുടെ ചരിത്രത്തെക്കുറിച്ച് ശമര്യരുടെ തന്നെ എഴുത്തുകള്‍ എ.ഡി. നാലാം നൂറ്റാണ്ടിനുശേഷമുള്ളവയാണ്. 1355 ല്‍ അബ്-ഉള്‍ ഫത്ത് ക്രോഡീകരിച്ച കിത്താബ് അല്‍-തരിഖ് (നാള്‍വഴി) ആണ് ഇന്ന് ആധികാരികമെന്ന് അംഗീകരിക്കപ്പെടുന്ന രേഖ.7

1980 ല്‍ ഗെരിസീംമലയില്‍ ആരംഭിച്ച പുരാവസ്തു ഗവേഷണങ്ങളില്‍ ഒരു ദൈവാലയത്തിനു ചുറ്റുമായ പണിയപ്പെട്ട പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഗവേഷകനായ യിറ്റ്‌സ്ഹാക്ക് മേഗന്റെ അഭിപ്രായത്തില്‍, ബി.സി. അഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് (പേര്‍ഷ്യന്‍ സാമ്രാജ്യം) ഗെരിസീം ദൈവാലയം ആദ്യമായി നിര്‍മ്മിക്കപ്പെട്ടത്. പിന്നീട് രണ്ടാം നൂറ്റാണ്ടില്‍ (ഗ്രീക്ക് സാമ്രാജ്യം) അതു വിപുലപ്പെടുത്തി. ജൊസീഫസാകട്ടെ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഗെരിസീം ദൈവാലയം നിര്‍മ്മിച്ചതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരുപക്ഷേ, അലക്‌സാണ്ടറിന്റെ കാലത്തെ നവീകരണത്തെ ജൊസീഫസ് തെറ്റിദ്ധരിച്ചതാകാമെന്നാണ് യിറ്റ്‌സ്ഹാക്ക് മേഗന്റെ അഭിപ്രായം.8

ശമര്യരുടെ ഉത്ഭവം

മുകളില്‍ പറഞ്ഞ തെളിവുകളുടെ അഭിപ്രായത്തില്‍ ആധുനിക വേദപണ്ഡിതന്മാര്‍ മിക്കവരും, വടക്കെ രാജ്യത്ത് വേരുകളുള്ള യെഹോവ മതത്തിലെ ഒരു വിഭാഗമായിട്ടാണ് ശമര്യരെ കാണുന്നത്. കര്‍ശനമായ ഏകദൈവ വിശ്വാസം, ശബത്ത് ആചരണം, പരിച്ഛേദന, സിനഗോഗ് ആരാധന, പഞ്ചഗ്രന്ഥത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പെരുന്നാളുകളുടെ ആചരണം എന്നിവ ഈ നിഗമനത്തിലേക്കാണ് എത്തിക്കുന്നത്. മറ്റ് യെഹൂദ വിഭാഗങ്ങളില്‍ നിന്നും ശമര്യാ സമൂഹത്തെ വ്യതിരിക്തമാക്കുന്നത് അവരുടെ ഗെരിസീം കേന്ദ്രീകരിച്ചുള്ള ആരാധനയാണ്. (പലസ്തീന് വെളിയില്‍ രണ്ട് ദേവാലയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന കാര്യം വിസ്മരിക്കുന്നില്ല - എലഫന്റെനിലും ലിയോന്റോപോലീസിലും). ഈ ആലയത്തിന്റെ നിര്‍മ്മിതിയാകാം ഇക്കൂട്ടരെ യെഹൂദന്മാരുടെ കടുത്ത അപ്രീതിക്കു പാത്രമാക്കിയത്. എങ്കിലും ലഭ്യമായ തെളിവുകള്‍ ഇരുകൂട്ടരും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നതോടൊപ്പം തന്നെ വാണിജ്യം, സഞ്ചാരം, ശാസ്ത്രിമാര്‍ തമ്മിലുള്ള ആശയ വിനിമയം എന്നിവയിലൂടെയുള്ള ഇടപഴകലിന്റെയും ചരിത്രമാണു നമുക്കു നല്‍കുന്നത്.

  1. Lidija Novakovic, Jews and Samaritans, The world of the New Testament, Joel B. Green & Lee M. McDonald (Eds), Grand Rapids: Baker Academic, 2013, p. 208
  2. Joachim Jeremias, Jerusalem in the Time of Jesus, Philadephia: Fortress Press, 1969, pp. 352-353
  3. Ibid.
  4. Reinhard Pummer, The Samaritans in Flavius Josephus, Tubingen: Mohr Siebeck, 2009, p. 15
  5. For the full text see, Ibid., p. 16
  6. Menachem Mor & Friedrich V. Reiterer (Eds), Samaritans: Past and Present, Studia Judaica 53, Berlin/NY: Walter De Gruyter, 2010, p. 1
  7. “Samaritans”, Dictionary of New Testament Background, Craig A. Evans & Stanley E. Porter (Eds), Leicester: IVP, 2000, p.1057
  8. Lidija Novakovic, Op.cit., p. 212

Leave a Reply

Your email address will not be published. Required fields are marked *

TOP