PUBLISHED ARTICLES

ഏശാവിനെ ദ്വേഷിച്ചു,
യാക്കോബിനെ തിരഞ്ഞെടുത്തു

എന്തുകൊണ്ടാണ് ദൈവം യെഹൂദന് ഇത്രയും പ്രാധാന്യം കല്പിക്കുന്നത്? പഴയനിയമ എഴുത്തുകാരും (വിശേഷിച്ച് പ്രവാചകന്മാര്‍) പൗലൊസ് തുടങ്ങിയ പുതിയനിയമ എഴുത്തുകാരും യെഹൂദന് അമിത പ്രാധാന്യം നല്‍കാന്‍ ശ്രമിച്ചതാണോ അതിനു കാരണം?

A professed christian and a dedicated professional in the Christian publication industry.

Mathew
Palathunkal
Author
Mathew Palathunkal

ബ്രഹാമിനെ തിരഞ്ഞെടുത്തതിന്റെ ഉദ്ദേശ്യം അവനിലൂടെ സകല ജാതികളെയും അനുഗ്രഹിക്കുക എന്നതായിരുന്നു എന്ന് ഉല്പത്തി 12 ല്‍ നിന്നും നാം ഗ്രഹിക്കുന്നു. ആ അനുഗ്രഹം തങ്ങള്‍ക്കു മാത്രമുള്ളതാണെന്ന് യെഹൂദ ജാതി വിശ്വസിച്ചിരുന്നു. അതിനു കൊടുക്കേണ്ട വിലയെക്കുറിച്ചോ പാലിക്കേണ്ട വ്യവസ്ഥയെക്കുറിച്ചോ പക്ഷേ യിസ്രായേല്‍ ഗൗരവമായി ചിന്തിച്ചില്ല. വാഗ്ദത്തം തങ്ങളുടെ അവകാശമാണെന്ന് അവര്‍ കരുതി. അതിനാല്‍ അവര്‍ വാഗ്ദത്തം പ്രാപിച്ചില്ല എന്ന് പൗലൊസ് പറയുന്നു. മറിച്ച് ന്യായപ്രമാണവും വാഗ്ദത്തവും പ്രാപിക്കാത്ത ജാതികള്‍ അനുഗ്രഹം അവകാശമാക്കി. ''ആകയാല്‍ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികള്‍ നീതി പ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ. നീതിയുടെ പ്രമാണം പിന്തുടര്‍ന്ന യിസ്രായേലോ ആ പ്രമാണത്തിങ്കല്‍ എത്തിയില്ല. അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാല്‍ അന്വേഷിച്ചതുകൊണ്ടു തന്നേ അവര്‍ ഇടര്‍ച്ചക്കല്ലിന്മേല്‍ തട്ടി ഇടറി: 'ഇതാ, ഞാന്‍ സീയോനില്‍ ഇടര്‍ച്ചക്കല്ലും തടങ്ങല്‍പാറയും വെക്കുന്നു; അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചുപോകയില്ല' എന്നു എഴുതിയിരിക്കുന്നുവല്ലോ'' (റോമര്‍ 9:30-33). അബ്രഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിലൂടെ ജാതികള്‍ക്കു ലഭിച്ചു. ''അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവില്‍ ജാതികള്‍ക്കു വരേണ്ടതിന് നാം ആത്മാവെന്ന വാഗ്ദത്ത വിഷയം വിശ്വാസത്താല്‍ പ്രാപിപ്പാന്‍ തന്നേ'' (ഗലാത്യര്‍ 3:14).

അബ്രാഹാമിലൂടെ യിസ്രായേലിനു കൊടുത്ത വാഗ്ദത്തവും പ്രാപിക്കേണ്ടത് വിശ്വാസത്താലായിരുന്നു. എന്നാല്‍ അവരാകട്ടെ പ്രവൃത്തിയിലൂടെ അതു പ്രാപിക്കുവാന്‍ ശ്രമിച്ചു. യഹോവ സീനായി പര്‍വ്വതത്തില്‍ നിന്ന് മോശെയെ വിളിച്ചു യിസ്രായേല്‍മക്കളോടു പറയുവാന്‍ കല്പിച്ചത്, ''ഞാന്‍ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേല്‍ വഹിച്ച് എന്റെ അടുക്കല്‍ വരുത്തിയതും നിങ്ങള്‍ കണ്ടുവല്ലോ. ആകയാല്‍ നിങ്ങള്‍ എന്റെ വാക്കു കേട്ട് അനുസരിക്കുകയും എന്റെ നിയമം പ്രമാണിക്കുകയും ചെയ്താല്‍ (അബ്രാഹാമിനോടു ചെയ്ത ഉടമ്പടി) നിങ്ങള്‍ എനിക്ക് സകല ജാതികളിലും വച്ച് പ്രത്യേക സമ്പത്തായിരിക്കും .... നിങ്ങള്‍ എനിക്കു ഒരു പുരോഹിത രാജത്വവും വിശുദ്ധജനവും ആയിരിക്കും. മോശെ വന്നു ജനത്തിന്റെ മൂപ്പന്മാരെ വിളിച്ച് യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളൊക്കെയും അവരെ പറഞ്ഞു കേള്‍പ്പിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങള്‍ ചെയ്യും എന്ന് ജനം ഉത്തരം പറഞ്ഞു'' (പുറ. 19:4-8).

ദൈവകൃപയില്‍ (പ്രവൃത്തികൂടാതെ, അര്‍ഹിക്കാത്ത അനുഗ്രഹം) യിസ്രായേല്‍മക്കളെ നടത്തുവാനാണ് ദൈവം ആഗ്രഹിച്ചത്. അതനുസരിച്ചാണ് അവരുടെ ഒരു നന്മപ്രവൃത്തിയും നോക്കാതെ അവരെ രക്ഷിച്ച് അനുഗ്രഹിച്ചത്. അതാണ് അവന്‍ മോശെയിലൂടെ അവരെ അറിയിച്ചത്. എന്നാല്‍ അവര്‍ അതിനെ അനുസരിക്കും എന്നല്ല ''ഞങ്ങള്‍ ചെയ്യും'' എന്നാണ് ദൈവത്തോടു പറഞ്ഞത്. ''ദൈവം എന്തു പറഞ്ഞാലും ചെയ്യാന്‍ ഞങ്ങള്‍ പ്രാപ്തരാണ്'' എന്നാണതിന്റെ അര്‍ത്ഥം.

യിസ്രായേല്‍ മൂപ്പന്മാരുടെ വാക്ക് മോശെ ദൈവത്തെ അറിയിച്ചപ്പോള്‍, ദൈവം കോപിച്ച് മോശെയോടു പറഞ്ഞത്, ഞാന്‍ മേഘതമസ്സില്‍ പര്‍വ്വതത്തില്‍ നിന്റെ അടുക്കല്‍ ഇറങ്ങിവരും. ജനം പര്‍വ്വതത്തില്‍ കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിക്കണം. പര്‍വ്വതം തൊടുന്നവന്‍ എല്ലാം മരണശിക്ഷ അനുഭവിക്കേണം എന്നാണ് (പുറ. 19:12).

പഴയ നിയമ ന്യായപ്രമാണം മനുഷ്യന്റെ സ്വന്ത കഴിവില്‍ നിവര്‍ത്തിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. ന്യായപ്രമാണം ലഭിച്ച ജനത്തില്‍ ദൈവം പ്രസാദിച്ചത് വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു എന്ന് എബ്രായര്‍ 11-ാം അധ്യായത്തില്‍ നിന്നും നമുക്കു ഗ്രഹിക്കാവുന്നതാണ്. പക്ഷേ യിസ്രായേല്‍ വിശ്വസിക്കുന്നതില്‍ പരാജയപ്പെട്ടു. അബ്രാഹാമിന്റെ സന്തതികളില്‍ ചിലര്‍ മാത്രമേ വാഗ്ദത്തത്തിന്റെ മക്കള്‍ ആകുന്നുള്ളു. യെഹൂദന്മാര്‍ അവരുടെ വംശാവലിയുടെ അടിസ്ഥാനത്തില്‍ അല്ല മറിച്ച് വിശ്വാസത്താലാണ് (റോമ. 2:28-29; 4:1 മുതല്‍; യോഹ. 8:31-59; ഗലാ. 3:7-9; 4:23) ദൈവവുമായി നിരപ്പു പ്രാപിച്ചത്. വിശ്വസിക്കുന്ന ശേഷിപ്പാണ് ദൈവിക വാഗ്ദത്തങ്ങള്‍ പ്രാപിച്ചതും വിശ്വാസത്താല്‍ അവയില്‍ നടന്നതും (റോമ. 9:27; 11:5).

തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം

അബ്രാഹാമിലൂടെ ദൈവം നല്കിയ വാഗ്ദത്തം പ്രാപിക്കുന്നതില്‍ യിസ്രായേല്‍ പരാജയപ്പെട്ടു എങ്കിലും ദൈവം തന്റെ പദ്ധതിക്കു മാറ്റം വരുത്തിയില്ല. അവരിലൂടെ മശിഹാ വരുമെന്ന പ്രവചനം നിറവേറുകതന്നെ ചെയ്തു. അബ്രാഹാമിനു രണ്ടു പുത്രന്മാര്‍ ഉണ്ടായിയെങ്കിലും തിരഞ്ഞെടുപ്പ് പ്രയാസകരമായിരുന്നില്ല. കാരണം യിസഹാക്കായിരുന്നു ദൈവഹിതപ്രകാരമുള്ള സന്തതി. യിശ്മായേല്‍ ദാസിയുടെ മകനായിരുന്നു. എന്നാല്‍ ഏശാവിന്റെയും യാക്കോബിന്റെയും കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. റിബേക്കയുടെ പുത്രന്മാരുടെ പിതാവ് ഒരാളായിരുന്നു, മാത്രമല്ല അവര്‍ ഇരട്ടകളുമായിരുന്നു. പൗലൊസ് പറയുന്നത്, ''കുട്ടി കള്‍ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവര്‍ത്തിക്കയോ ചെയ്യുംമുമ്പെ തിരഞ്ഞെടുപ്പിന്‍പ്രകാരമുള്ള ദൈവനിര്‍ണ്ണ യം പ്രവൃത്തികള്‍ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു: 'മൂത്തവന്‍ ഇളയവനെ സേവിക്കും' എന്നു അവളോടു അരുളിച്ചെയ്തു. 'ഞാന്‍ യാക്കോബിനെ സ്‌നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു' എന്നു എഴുതിയിരിക്കുന്നുവല്ലോ. ആകയാല്‍ നാം എന്തു പറയേണ്ടു? ദൈവത്തിന്റെ പക്കല്‍ അനീതി ഉണ്ടോ? ഒരുനാളും ഇല്ല'' (റോമര്‍ 9:11-14).

കുട്ടികള്‍ ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടത് അവരുടെ പ്രവൃത്തികളുടെ ദോഷംകൊണ്ടല്ല എന്ന് വചനം വ്യക്തമാക്കുന്നു. ഏശാവിന്റെ ദുര്‍ന്നടപ്പോ, ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിയ മനോഭാവമോ ഒന്നുമല്ല അവനെ തിരഞ്ഞെടുക്കാതിരിക്കുന്നതിനുള്ള കാരണം എന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. എബ്രാ. 12:16 ലെ പരാമര്‍ശത്തിന് ഇതുമായി ബന്ധവുമില്ല. അനുഗ്രഹം നഷ്ടമാക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പാണിവിടെ കാണുന്നത്. വാഗ്ദത്ത മശിഹായുടെ ജനനത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടില്ല എന്ന കാരണത്താല്‍ ഏശാവിന് നീതിമാനായി ജീവിക്കാന്‍ കഴിയുകയില്ല എന്നര്‍ത്ഥമില്ല. പില്ക്കാലത്ത് യെഹൂദാഗോത്രത്തെയാണ് യേശുവിന്റെ ജനനത്തിനായി ദൈവം തിരഞ്ഞെടുത്തത്. അതുകൊണ്ട് മറ്റു ഗോത്രക്കാരെല്ലാം ശപിക്കപ്പെട്ടവരായി എന്നര്‍ത്ഥമുണ്ടോ? ദൈവം പ്രസാദിച്ച എത്രയോ നീതിമാന്മാര്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഏശാവ് അഭക്തനായി തീര്‍ന്നതിന്റെ കാരണം അവനു പകരം ദൈവം യാക്കോബിനെ തിരഞ്ഞെടുത്തു എന്നതല്ല. മാത്രമല്ല, ഏശാവ് ജ്യേഷ്ഠാവകാശം കൈവിട്ടു കളഞ്ഞതും ഇക്കാരണത്താലല്ല, അതവന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. വാഗ്ദത്ത മശിഹായുടെ ജനനത്തിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെട്ടില്ല എങ്കിലും ഭക്തനായി ജീവിച്ച് അബ്രാഹാമിന്റെ അനുഗ്രഹങ്ങളുടെ അവകാശി ആകുവാന്‍ ഏശാവിനു കഴിയുമായിരുന്നു. രണ്ടു പ്രാവശ്യമാണ് അവന്‍ തന്റെ അവസരങ്ങളെ നഷ്ടമാക്കിയത്.

അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ഭാര്യമാര്‍ വന്ധ്യകളായിരുന്നു; അവര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ കഴിയുമായിരുന്നില്ല. മക്കളെ പ്രസവിക്കുന്നതിനുള്ള അവരുടെ കഴിവില്ലായ്മ, മശിഹൈക വംശത്തിന്റെ ഉടമ്പടി വാഗ്ദത്തങ്ങളുടെ നിയന്ത്രണം തന്റെ പക്കലാണെന്ന് കാണിക്കുന്നതിനുള്ള ദൈവത്തിന്റെ വഴികളില്‍ ഒന്നായിരുന്നു. യഥാര്‍ത്ഥ മശിഹൈക വംശാവലി ഒരിക്കലും ഗോത്രപിതാവിന്റെ മൂത്തപുത്രനില്‍ നിന്നും അല്ല പുറപ്പെടുന്നത് എന്നു കാണിക്കുകയായിരുന്നു മറ്റൊരു വഴി (അതായിരുന്നു സാംസ്‌കാരികമായി പ്രതീക്ഷിക്കപ്പെട്ടിരുന്നത്). ദൈവത്തിന്റെ തിരഞ്ഞെടുപ്പാണ് താക്കോല്‍ (റോമ. 9:11-12).

Leave a Reply

Your email address will not be published. Required fields are marked *

TOP