PUBLISHED ARTICLES

ജോണ്‍ സുംഗ്

ഉണര്‍വിന്റെ വക്താവായിരുന്നു ജോണ്‍ സുംഗ്. ആയിരങ്ങള്‍ ആത്മീയ ഉണര്‍വില്‍ പങ്കാളികളാകാന്‍ അദ്ദേഹം വഴി തുറന്നു. ദക്ഷിണ ചൈനയില്‍ ഉണര്‍വിന്റെ തിരികത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ പ്രവാചക ശബ്ദമായി ജോണ്‍ സുംഗ് ചരിത്രത്താളുകളില്‍ പ്രശോഭിക്കുന്നു.

A professed christian and a dedicated professional in the Christian publication industry.

Mathew
Palathunkal
Author
Mathew Palathunkal

പ്രവാചകന്മാരെക്കുറിച്ച് ലേനാര്‍ഡ് റാവന്‍ഹില്‍ പറഞ്ഞതിപ്രകാരമാണ്, പ്രതിസന്ധി ഘട്ടങ്ങളില്‍ ദൈവത്തിന്റെ രക്ഷാപ്രവര്‍ത്തകരാണ് പ്രവാചകന്മാര്‍ അവര്‍ ആശങ്കകളില്‍ മുന്നേറുന്നു, എതിര്‍പ്പിനെ അതി ജീവിക്കുന്നു, അത്യഹിതത്തെ തോല്‍പ്പിക്കുന്നു; യാഥാസ്ഥതികത്വത്തിന്റെ ഇരുത്തിയെ പൊളിക്കുന്ന ദൈരാജ്യത്തിന്റെ പുതുവീഞ്ഞ് കൊണ്ടു വന്ന് ഉണര്‍വിനു ജന്മം നല്‍കുന്നു.

ഇരുപതാം നൂറ്റാണ്ടില്‍ വേറിട്ടു കേട്ട പ്രവാചക ശബ്ദത്തിനുടമയായിരുന്നു ചൈനയിലെ ഉണര്‍വിനു നേതൃത്വം നല്‍കിയ ജോണ്‍സുംഗ്. ശുശ്രൂഷയില്‍ വെളിപ്പെട്ട അത്ഭുതങ്ങളും, അടയാളങ്ങളും അദ്ദേഹത്തിന്റെ അപ്പൊസ്തലികത്വത്തിന്റെ മുദ്രയായി. പുതിയനിയമ ശുശ്രൂഷുടെ വിശുദ്ധിയും അധികാരവും ഇത്ര ശക്തമായി പ്രദര്‍ശിപ്പിച്ച ദൈവമനുഷ്യന്‍ വേറെയുണ്ടോ എന്നു സംശയമാണ് ആത്മാക്കള്‍ക്കുവേണ്ടി എരിയുന്ന അഹവും ഭയരഹിതമായ ശുശ്രൂഷയും കൊണ്ട് ശ്രദ്ധേയനായ അദ്ദേഹത്തെ 'ചൈനയുടെ ജോണ്‍ വെസ്ലി' എന്നും 'മഞ്ഞുപാളി ഉടയ്ക്കുന്നവന്‍‍' എന്നും ഉണര്‍വിന്റെ അപ്പൊസ്തലന്‍ എന്നും ആളുകള്‍ വിളിച്ചു. 1927-37 കാലഘട്ടത്തില്‍ ചൈനയില്‍ ഉണ്ടായ ഉണര്‍വിന് നേതൃത്വം കൊടുത്തത് അദ്ദേഹമായിരുന്നു.

ചൈനയുടെ തെക്കു കിഴക്കന്‍ പ്രവിശ്യയായ ഫുക്കെയ്‌നിലെ ഹോംഗ്‌ചോക്കില്‍ 1901 സെപ്റ്റംബര്‍ 27-നാണ് ജോണ്‍ സുംഗ് ജനിച്ചത്. പിതാവ് മെതഡിസ്റ്റ് ശുശ്രൂഷകനായിരുന്നു. പത്ത് മക്കളില്‍ ആറാമത്തെ കുട്ടിയായിരുന്നു ജോണ്‍. ഹിംഗ്‌വാ യിലെ മെഥഡിസ്റ്റ് ബൈബിള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളായി ജോണിന്റെ പിതാവ് നിയമിക്കപ്പെട്ടതിനെത്തുടര്‍ന്ന് 1907 ല്‍ കുടുംബം ഹിംഗ്‌വായിലേക്കു താമസം മാറ്റി. ഒന്‍പതാമത്തെ വയസ്സില്‍ ജോണ്‍ രക്ഷാനിര്‍ണ്ണയം പ്രാപിച്ചു. 1920-ല്‍ പത്തൊന്‍പതാമത്തെ വയസ്സില്‍ ഒഹിയോയിലെ വെസ്ലിയന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനായി അദ്ദേഹം അമേരിക്കയിലേക്കു യാത്രയായി. പഠനം ആരംഭിച്ച് അഞ്ചു വര്‍ഷവും രണ്ടു മാസവും കൊണ്ട് മൂന്ന് ബിരുദങ്ങള്‍ ജോണ്‍ സമ്പാദിച്ചു. ഒരു ബാച്ചിലര്‍ ഓഫ് സയന്‍സ്, ഒരു മാസ്റ്റര്‍ ഓഫ് സയന്‍സ്, ഒരു ഡോക്ടര്‍ ഓഫ് ഫിലോസഫി. ഇതെല്ലാം പൂര്‍ണ്ണ സമയം ജോലി ചെയ്തു കൊണ്ടാണ് സമ്പാദിച്ചതും ഈ വിദ്യാഭ്യാസം എല്ലാം കൈവന്നപ്പോള്‍ താന്‍ ആത്മീകമായി പിന്മാറ്റത്തിലാണെന്ന് പിതാവ് തന്നെ പഠിപ്പിച്ച പാഠങ്ങളെല്ലാം താന്‍ കൈവിട്ടുവെന്നും ജോണ്‍ മനസ്സിലാക്കി.

1927 ഫെബ്രുവരി 10 ന് ജോണ്‍ തന്റെ ജീവിതം പുന:പ്രതിഷ്ഠിച്ചു ചൈനയില്‍ ഉണര്‍വിന്റെ ആരംഭവും ആ സമയത്തായിരുന്നു. പാപങ്ങള്‍ ഏറ്റു പറഞ്ഞതോടെ വിവരണാതീതമായ സന്തോഷം അദ്ദേഹത്തില്‍ നിറഞ്ഞു. ഉടന്‍ തന്നെ തന്റെ സഹപാഠികളോടും അദ്ധ്യാപകരോടും പ്രസംഗിക്കുവാന്‍ തുടങ്ങി. പെട്ടെന്നുള്ള ഈ വ്യത്യാസം മൂലം ജോണിന് ചിത്തഭ്രമമാണെന്ന് അധികാരികള്‍ സംശയിക്കുകയും അദ്ദേഹത്തെ മനോരോഗ കേന്ദ്രത്തിലാക്കുകയും ചെയ്തു. തന്റെ ബൈബിളും പേനയും മാത്രമേ കൊണ്ടു നടക്കാന്‍ അനുഭവിച്ചിരുന്നുള്ളു. ഈ ചികിത്സാ കേന്ദ്രമായിരുന്നു തന്റെ ശരിയായ വേദപഠന സെമിനാരി എന്ന് പില്‍ക്കാലത്ത് ജോണ്‍ പറഞ്ഞിട്ടുണ്ട്. 193 ദിവസം അദ്ദേഹം തടവില്‍ കിടന്നു. ആ സമയത്ത് ബൈബിള്‍ ആരംഭം മുതല്‍ അവസാനം വരെ 40 തവണ അദ്ദേഹം വായിച്ചു നിശബ്ദമായ ഈ കാലഘട്ടത്തില്‍ പരിശുദ്ധാത്മാവ് തന്റെ ഭൃത്യനെ ശുശ്രൂഷക്കായി ഒരുക്കുകയായിരുന്നു.

ഒടുവില്‍ സ്വതന്ത്രനായ ജോണ്‍ 1927 ഒക്‌ടോബര്‍ 4 ന് ഷാജ്ഹായിയിലേക്കു കപ്പല്‍ കയറി. ഏഴര വര്‍ഷം അമേരിക്കയില്‍ ചിലവഴിച്ച അദ്ദേഹം ഉന്നത ബിരുദങ്ങളും കരസ്ഥമാക്കി. ചൈനയിലെ ഏതൊരു യൂണിവേഴ്‌സിറ്റിയും അദ്ദേഹത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. പക്ഷേ തന്റെ നാട്ടുകാരോട് സുവിശേഷം പ്രസംഗിക്കാനായിരുന്നു ജോണിന്റെ തീരുമാനം. ചൈനക്കാവശ്യം ശാസ്ത്രാദ്ധ്യാപകരെയല്ല, സുവിശേഷ പ്രസംഗകരെയാണെന്ന് ജോണ്‍ തിരിച്ചറിഞ്ഞു കപ്പല്‍ കരക്കടുക്കാന്‍ ഒരു ദിവസം കൂടി ബാക്കിയുള്ളപ്പോള്‍ ജോണ്‍ തന്റെ സര്‍ട്ടിഫിക്കറ്റുകളും ഡിപ്ലോമകളും കടലിലെറിഞ്ഞു കളഞ്ഞു ഡോക്ടറേറ്റ് ഡിപ്ലോമ മാത്രം അദ്ദേഹം സൂക്ഷിച്ചു, പിതാവിനുവേണ്ടി.

നാട്ടിലെത്തിയ അദ്ദേഹം വിവാഹിതനാവുകയും ഷാങ്ഹായിയിലെ ബഥേല്‍ ബൈബിള്‍ സ്‌കൂളില്‍ ചേരുകയും ചെയ്തു. താമസിയാതെ സ്‌കൂളിന്റെ സുവിശേഷകനായി അദ്ദേഹം മാറി. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ആന്‍ഡ്രുഗീയെയും മറ്റു ചിലരെയും കൂട്ടി ബഥേല്‍ ഇവാഞ്ചലിസ്റ്റിക് ബാന്‍ഡ് എന്ന സംഘടനക്ക് അദ്ദേഹം രൂപം കൊടുത്തു. അവര്‍ ദേശമെങ്ങും സുവിശേഷം പ്രസംഗിച്ചും സുവിശേഷ ഗാനങ്ങള്‍ പാടിയും സഞ്ചരിച്ചു.

തന്റെ പ്രസംഗങ്ങളിലെല്ലാം മാനസാന്തരത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു എല്ലാത്തരത്തിലുള്ള പാപങ്ങളെയും കപടഭക്തിയെയും അദ്ദേഹം എതിര്‍ത്തു. അതോടൊപ്പം യേശുവിന്റെ നിഷ്‌കളങ്ക സ്‌നേഹം തുല്യ അളവില്‍ അദ്ദേഹം പങ്കുവെച്ചു.

തല്‍ഫലമായി അദ്ദേഹത്തിന്റെ യോഗങ്ങളില്‍ ജനങ്ങള്‍ക്ക് പാപബോധമുണ്ടാകുന്നതും ഏറ്റു പറയുന്നതും സാധാരണമായിരുന്നു. ജനം പാപങ്ങള്‍ പരസ്യമായി ഏറ്റു പറഞ്ഞു കൊണ്ട് വേദിയിലേക്ക് ഓടിവരുമായിരുന്നു. ചില സമയങ്ങളില്‍ വ്യക്തികളെ വിരല്‍ ചൂണ്ടി അവരുടെ പാപങ്ങള്‍ അദ്ദേഹം വിളിച്ചു പറയുമായിരുന്നു. പാസ്റ്ററെയോ സഭാ നേതാവിനെയോ മാറ്റി നിര്‍ത്തി. 'നിങ്ങളുടെ ഉള്ളില്‍ പാപമുണ്ട്' എന്നദ്ദേഹം പറഞ്ഞിരുന്നു. അതു ശരിയുമായിരുന്നു.

പ്രസംഗമോ മറ്റു പ്രോഗ്രാമുകളോ ഇല്ലാത്ത സമയം ഡയറി എഴുതുന്നതിനും പ്രാര്‍ത്ഥനാ ലിസ്റ്റ് എഴുതുന്നതിനും അദ്ദേഹ സമയം ചിലവഴിച്ചു. ആ ലിസ്റ്റ് നോക്കിയും ഫോട്ടോകള്‍ നോക്കിയും അവരുടെ വിഷയങ്ങള്‍ക്കായി അദ്ദേഹം ദീര്‍ഘ സമയം പ്രാര്‍ത്ഥിച്ചിരുന്നു. പ്രാര്‍ത്ഥന ആവശ്യപ്പെടുന്നവരുടെ ചെറിയ ഫോട്ടോകള്‍ അദ്ദേഹം വാങ്ങുമായിരുന്നു. അതു നോക്കിയാണ് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നത്. ദിവസവും രാവിലെ 5 ന് ഉണരുന്ന അദ്ദേഹം രണ്ടോ മൂന്നോ മണിക്കൂര്‍ പ്രാര്‍ത്ഥിക്കുമായിരുന്നു പ്രാര്‍ത്ഥന അദ്ദേഹത്തിന് യുദ്ധം പോലെയായിരുന്നു. മുഖത്തു നിന്നും വിയര്‍പ്പ് ഒഴുകുവോളം അദ്ദേഹം പ്രാര്‍ത്ഥിക്കും കിടക്കയില്‍ വീണ് പൊട്ടിക്കരയുകയും ഏങ്ങലടിക്കയും ചെയ്തു കൊണ്ട് അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാഷയില്‍ വിശ്വാസം 'മുഴങ്കാലില്‍ നിന്നു കൊണ്ട് ദൈവം പ്രവര്‍ത്തിക്കുന്നതു കാണുന്നതാണ്. അദ്ദേഹം കുറച്ചു സംസാരിച്ചു, കൂടുതല്‍ പ്രസംഗിച്ചു, ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിച്ചു' എന്നാണ് ബൂണ്‍ മാര്‍ക്ക് ജോണിനെ വിശ്വസിപ്പിച്ചത്.

അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയില്‍ രോഗികള്‍ സൗഖ്യമായി, കുരുടന്‍ കാഴ്ച പ്രാപിച്ചു, മുടന്തര്‍ നടന്നു. ഒരു സമയം തന്നെ 500-600 പേര്‍ക്കുവേണ്ടി തലയില്‍ കൈവെച്ച് അദ്ദേഹം പ്രാര്‍ത്ഥിക്കുമായിരുന്നു. ഈ അത്ഭുത സൗഖ്യങ്ങള്‍ തന്നിലൂടെ നടക്കുമ്പോഴും വര്‍ഷങ്ങളോളം ക്ഷയരോഗിയായി കഴിഞ്ഞു അദ്ദേഹം. ചിലപ്പോള്‍ വേദന കൊണ്ട് ഇരുന്നു കൊണ്ടായിരുന്നു അദ്ദേഹം പ്രസംഗിച്ചിരുന്നത്. ഒടുവില്‍ ദീര്‍ഘ നാളത്തെ വേദനക്കൊടുവില്‍ 43-ാം വയസ്സില്‍ 1944 ഓഗസ്റ്റ് 18 ന് അദ്ദേഹം നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

ഉണര്‍വിന്റെ വക്താവായിരുന്നു ജോണ്‍ സുംഗ്. ആയിരങ്ങള്‍ ആത്മീയ ഉണര്‍വില്‍ പങ്കാളികളാകാന്‍ അദ്ദേഹം വഴി തുറന്നു. ദക്ഷിണ ചൈനയില്‍ ഉണര്‍വിന്റെ തിരികത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ പ്രവാചക ശബ്ദമായി ജോണ്‍ സുംഗ് ചരിത്രത്താളുകളില്‍ പ്രശോഭിക്കുന്നു.

  • Patzia, Arthur G., The Emergence of the Church, Downers Grove, IL: IVP, 2001
  • Nygren, Anders, Commentary on Romans, Philadelphia: Fortress, 1949
  • Moo, Douglas J. The Epistle to the Romans, NICNT, Grand Rapids: Eerdmans, 1996
  • Stott, John R.W., The Message of Romans, BST, Leicester: IVP, 1994
  • Achtemeier, Paul, Romans, Interpretation, Louiseville, KY: John Knox Press, 1985
  • Briscom D. Stuart, Romans, TCC, Waco, TX: Word Books, 1982

Leave a Reply

Your email address will not be published. Required fields are marked *

TOP